രാജ്യത്ത് 10000ത്തിലധികം കോവിഡ് കേസുള്ള ഏക സംസ്ഥാനം കേരളം; മൂന്നാംതരംഗത്തിന് മുമ്പ് വാക്‌സിനേഷന്റെ ആദ്യലക്ഷ്യമെങ്കിലും പൂര്‍ത്തിയാകുമോ എന്ന് ആശങ്ക

Share now

നിലവില്‍ ദിവസേന പതിനായിരത്തിലധികം പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. രണ്ടാം തരംഗത്തിന്റെ ശേഷി കുറഞ്ഞിട്ടും ജൂണില്‍ മാത്രം 5 ലക്ഷത്തോളം പേരാണ് കോവിഡ് ബാധിതരായത്. നിലവില്‍ രോഗവ്യാപന നിരക്ക് നേരിയ തോതില്‍ കൂടുന്നുമുണ്ട്. ഈ നില തുടര്‍ന്നാല്‍ ഒക്ടോബര്‍ ആകുമ്പോഴേക്ക് കേരളത്തിലെ ആകെ രോഗബാധിതര്‍ 50 ലക്ഷമാകാം. സിറോ സര്‍വേ കണക്കുകള്‍ അടിസ്ഥാനമാക്കിയാല്‍ യഥാര്‍ഥ രോഗബാധിതര്‍ 1.75 കോടി വരെയെത്താം.

നിലവില്‍ കേരളത്തിലെ ജനസംഖ്യയുടെ 33% പേര്‍ക്ക് ഒരു ഡോസ് വാക്‌സീന്‍ നല്‍കി. മൂന്നാം തരംഗം പ്രതിരോധിക്കണമെങ്കില്‍ ശരാശരി 70% പേര്‍ക്ക് വാക്‌സീന്‍ ലഭിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതു പ്രകാരം ഏകദേശം 2.1 കോടി പേര്‍ക്ക് ഒരു ഡോസ് വാക്‌സീന്‍ ലഭിക്കണം. ഇനി ഒരു കോടി പേരെ കൂടി കുത്തിവയ്ക്കണം. പ്രതിദിനം ശരാശരി 1.5 ലക്ഷം ഡോസ് ആണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. ഇതില്‍ ആദ്യ ഡോസ് നല്‍കുന്നത് 75,000 പേര്‍ക്കാണെന്നു കണക്കാക്കിയാല്‍ പോലും ലക്ഷ്യമെത്താന്‍ 4 മാസത്തിലേറെ വേണം.

സെപ്റ്റംബറില്‍ മൂന്നാം തരംഗം തുടങ്ങാനിടയുണ്ടെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രൊജക്ഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. 40% പേര്‍ക്ക് വാക്‌സീന്‍ വഴിയോ കോവിഡ് ബാധിച്ചോ പ്രതിരോധശേഷി കൈവന്നാല്‍ മൂന്നാം തരംഗത്തിന്റെ ആഘാതം കുറയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


Share now