കെ എസ് ആര്‍ ടി സിയിലെ 100 കോടിയുടെ അഴിമതി: കേസ് എടുക്കാന്‍ ഡി ജി പിയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന ആവശ്യപ്പെട്ടുള്ള ഹര്‍ജി; ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി

Share now

കൊച്ചി: കെ എസ് ആര്‍ ടി സിയില്‍ 100 കോടിയുടെ അഴിമതി നടന്നുവെന്ന എം ഡി ബിജുപ്രഭാകറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ഇക്കാര്യങ്ങള്‍ പൊതുതാത്പര്യഹര്‍ജികളായി നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് വിഴിഞ്ഞം ഡിപ്പോയിലെ ജീവനക്കാരനാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

ഓഡിറ്റിലെ കണ്ടെത്തലുകള്‍ ഗൗരവമുളളതാണ്. ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരും ഉള്‍പ്പെട്ട എല്ലാ അഴിമതിയും പുറത്തു കൊണ്ട് വരണം. അന്വേഷണമാവശ്യപ്പെട്ട് ഡിജിപിയ്ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല. കേസ് എടുക്കാന്‍ ഡി ജി പിയ്ക്ക് നിര്‍ദ്ദേശം നല്‍കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

കെ എസ് ആര്‍ ടി.സിയില്‍ നടക്കുന്ന തട്ടിപ്പും സാമ്പത്തിക ക്രമക്കേടുകളും മാദ്ധ്യമങ്ങള്‍ക്കു മുന്നിലാണ് ചെയര്‍മാനും മാനേജിംഗ് ഡയക്ടറുമായ ബിജു പ്രഭാകര്‍ തുറന്നടിച്ചത്. കെ ടി ഡി എഫ് സിയുമായുള്ള പണമിടപാടില്‍ 100 കോടിയുടെ ക്രമക്കേട് സംഭവിച്ചതു മുതല്‍ ടിക്കറ്റ് മെഷീനില്‍ ജീവനക്കാരന്‍ നടത്തിയ 45 ലക്ഷത്തിന്റെ തിരിമറിവരെ ബിജു പ്രഭാകര്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കെ.എസ്.ആര്‍.ടി.സിക്ക് നല്‍കിയ വായ്പയില്‍ 350 കോടി രൂപ തിരികെ അടച്ചിട്ടില്ലെന്ന് ഏറെക്കാലമായി കെ ടി ഡി എഫ് സി പരാതിപ്പെടുന്നുണ്ട്. ഇതേ തുടര്‍ന്ന് ഭരണസമിതി അംഗമായ അഡി. സെക്രട്ടറി എസ്. അനില്‍കുമാര്‍ നടത്തിയ വകുപ്പുതല അന്വേഷണത്തിലാണ് 100 കോടിയുടെ ക്രമക്കേട് കണ്ടെത്തിയത്.

ക്രമക്കേട് കണ്ടെത്തിയതോടെ നേരത്തേ അക്കൗണ്ടിംഗ് വിഭാഗത്തിന്റെ മേധാവിയായിരുന്ന എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എം. ശ്രീകുമാറിനെ അന്വേഷണത്തിന്റെ ഭാഗമായി സെന്‍ട്രല്‍ സോണിലേക്ക് (എറണാകുളം) സ്ഥലം മാറ്റുകയും ചെയ്തിരുന്നു.


Share now