60 കര്‍ഷകര്‍ മരിച്ചതല്ല ട്രാക്ടര്‍ റാലി നടക്കുന്നതിലാണ് സര്‍ക്കാരിന് അപമാനം തോന്നുന്നത്; വിമര്‍ശവുമായി രാഹുല്‍

Share now

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക റാലിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യാവാങ്മൂലത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡല്‍ഹി അതിര്‍ത്തിയില്‍ തുടരുന്ന കര്‍ഷക പ്രക്ഷോഭത്തിനിടെ മരിച്ച കര്‍ഷകരുടെ കാര്യം ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ വിമര്‍ശമുന്നയിച്ചത്. റിപ്പബ്ലിക് ദിന പരേഡ് തടസപ്പെടുന്ന സാഹചര്യം രാജ്യത്തിന് മുഴുവന്‍ അപമാനമുണ്ടാക്കുന്നതാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെതിരെയാണ് വിമര്‍ശം.

പുതിയ കാര്‍ഷിക നിയമങ്ങള്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാല്‍, പ്രക്ഷോഭം ശക്തമാക്കുമെന്നും രാജ്യതലസ്ഥാനത്തും ഇന്ത്യയുടെ മറ്റുഭാഗങ്ങളിലും വന്‍ ട്രാക്ടര്‍ റാലി നടത്തുമെന്നും കര്‍ഷകര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഈ റാലിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് എതിരെയാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. ‘അന്ന ദാതാക്കളായ 60 കര്‍ഷകരുടെ ജീവത്യാഗം ലജ്ജിപ്പിക്കുന്നില്ല. എന്നാല്‍ ട്രാക്ടര്‍ റാലി സര്‍ക്കാരിന് അപമാനമുണ്ടാക്കുന്നു’ – രാഹുല്‍ ട്വീറ്റ് ചെയ്തു.

നവംബര്‍ അവസാനം തുടങ്ങിയ പ്രക്ഷോഭത്തിനിടെ 60 ലധികം കര്‍ഷകരാണ് മരിച്ചതെന്നാണ് കര്‍ഷക സംഘടനകള്‍ അവകാശപ്പെടുന്നത്. ഇവരില്‍ പലരും ആത്മഹത്യ ചെയ്തതാണ്. കൊടും ശൈത്യത്തിനിടെ നടത്തിയ സമരം പലരുടെയും ജീവനെടുത്തു. പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളില്‍നിന്ന് അടക്കമുള്ള ആയിരക്കണക്കിന് കര്‍ഷകരാണ് പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നത്.

വിവിധ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ക്കൊപ്പം രാഹുല്‍ ഗാന്ധിയും കര്‍ഷക സമരത്തെ നേരത്തെ തന്നെ പിന്തുണച്ചിരുന്നു. പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കമെന്നാണ് സമരം ചെയ്യുന്ന കര്‍ഷകരുടെ ആവശ്യം. അവ പ്രാബല്യത്തില്‍ വരുന്നതോടെ തങ്ങള്‍ക്ക് കോര്‍പ്പറേറ്റുകളുടെ ഔദാര്യത്തില്‍ ജീവിക്കേണ്ടി വരുമെന്നാണ് പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്.

പുതിയ കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്ത സുപ്രീം കോടതി അവയെപ്പറ്റി പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. എന്നാല്‍ സമിതി അംഗങ്ങളായി നിശ്ചയിച്ച നാലുപേരും നേരത്തെ തന്നെ പുതിയ കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് രംഗത്തെത്തിയവരാണെന്ന വിമര്‍ശം കര്‍ഷക സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും ഉന്നയിച്ചിട്ടുണ്ട്.


Share now