നടൻ വിവേക് അന്തരിച്ചു; അന്ത്യം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍

Share now

തമിഴ് നടന്‍ വിവേക് എന്ന വിവേകാനന്ദന്‍ അന്തരിച്ചു. 59 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നു. പുലര്‍ച്ചെയായിരുന്നു മരണം. ഇന്നലെ രാവിലെ ഷൂട്ടിംഗ് സെറ്റിൽവച്ചുകുഴഞ്ഞു വീണതിനെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

സാമി, ശിവാജി, അന്യന്‍, ഖുഷി, റണ്‍, ഷാജഹാന്‍ തുടങ്ങി 220ലേറെ സിനിമകളില്‍ അഭിനയിച്ചു. അഞ്ചു തവണ തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച ഹാസ്യ നടനുള്ള പുരസ്‌കാരം ലഭിച്ചു. മൂന്ന് തവണ മികച്ച ഹാസ്യ നടനുള്ള ഫിലംഫെയര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 2009ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.

1961 നവംബര്‍ 19ന്‌ തൂത്തുക്കുടിയിലെ കോവില്‍പട്ടിയില്‍ ജനിച്ച വിവേക് 1980 കളിലാണ് സിനിമാ രംഗത്തേക്കെത്തിയത്. സംവിധായകന്‍ കെ ബാലചന്ദറിനൊപ്പം സഹസംവിധായകനും തിരക്കഥാകൃത്തുമായാണ് സിനിമാ ജീവിതം ആരംഭിച്ചത്. പിന്നീട് അഭിനയ രംഗത്തും തിളങ്ങി. 1987ല്‍ പുറത്തിറങ്ങിയ ‘മാനതില്‍ ഉരുതി വേണ്ടും’ ആണ് ആദ്യ ചിത്രം. 1990കളില്‍ നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളുടെ ഭാഗമായി. ബിഗള്‍, ധാരാള, പ്രഭു എന്നിവയാണ് അവസാനം അഭിനയിച്ച സിനിമകള്‍.

ടെലിവിഷന്‍ അവതാരകനായിരിക്കെ മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം, രജനികാന്ത് തുടങ്ങിയ പ്രമുഖരുമായി നടത്തിയ അഭിമുഖങ്ങള്‍ ശ്രദ്ധേയമായിരുന്നു. ഭാര്യ: അരുള്‍സെല്‍വി. മക്കള്‍: അമൃതനന്ദിനി, തേജസ്വിനി, പരേതനായ പ്രസന്നകുമാര്‍.

വിവേക് വ്യാഴാഴ്ച ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തി കോവിഡ് വാക്സിന്‍ സ്വീകരിച്ചിരുന്നു. അതേസമയം ഹൃദയാഘാതമുണ്ടായതും കോവിഡ് വാക്സിനേഷനും തമ്മില്‍ ബന്ധമില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.


Share now