അദാനിയെ കൂടെക്കൂട്ടി പിണറായി; കുത്തകകളെ എതിര്‍ക്കുമെന്ന് പറയുന്ന സഖാക്കളുടെ സര്‍ക്കാരില്‍ കൂടുതല്‍ കരാറുകള്‍ ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്; ലൈറ്റ് മെട്രോ പദ്ധതിക്കായി നീക്കം തുടങ്ങി

Share now

പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം കേരളത്തിന്റെ വന്‍കിട കരാറുകളെല്ലാം സ്വന്തമാക്കുകയായിരുന്നു കോര്‍പ്പറേറ്റ് ഭീമനായ അദാനി ഗ്രൂപ്പ. വിഴിഞ്ഞം തുറമുഖവും, തിരുവനന്തപുരം വിമാനത്താവളും കൈയിലൊതുക്കിയ അദാനി ഗ്രൂപ്പ് ഇനി മെട്രോ പദ്ധതികളിലേക്ക് കടക്കുകയാണ്. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളിലാണ് അദാനിയുടെ പുതിയ നോട്ടം. ആദ്യഘട്ടമായി 7446 കോടിയുടെ തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയുടെ നിര്‍മ്മാണകരാര്‍ ഏറ്റെടുക്കാനാണ് ശ്രമം. ഇതിനായി ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അദാനി എന്റര്‍പ്രൈസസ് രംഗത്തെത്തിക്കഴിഞ്ഞു.

പകല്‍ അദാനി പോലുള്ള കുത്തകഭീമന്‍മാരെ എതിര്‍ക്കുന്ന സിപിഎം രാത്രിയാകുമ്പോള്‍ ഇതേ കോര്‍പ്പറേറ്റുകള്‍ക്ക് കുഴലൂതുകയാണ് ചെയ്യുന്നത്. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം അദാനിക്ക് കൈമാറാനുള്ള കേന്ദ്ര നീക്കത്തിനെതിരേ ഇടതു സര്‍ക്കാര്‍ സുപ്രീം കോടതിയിലെത്തിയപ്പോള്‍ മറുഭാഗത്ത് കണ്ണൂര്‍ അഴീക്കലില്‍ നിര്‍മ്മിക്കുന്ന പുതിയ തുറമുഖത്തിന്റെ കണ്‍സള്‍ട്ടന്‍സി കരാര്‍ അദാനിയുമായി ബന്ധമുള്ള കോവേ ഇന്ത്യാ ഗ്രൂപ്പ് നേടിയെടുത്തു. പുറമേ വൈറ്റില മൊബിലിറ്റി ഹബ് സൊസൈറ്റിയുടെ എതിര്‍പ്പ് വകവയ്ക്കാതെ ഹബിന്റെ അര ഏക്കര്‍ ഗ്രൂപ്പിന് 30 വര്‍ഷത്തേക്ക് പാട്ടത്തിനും നല്‍കി. കൂടാതെ, അദാനിയുടെ ബന്ധുവിന്റെ കമ്പനിയുടെ നിയമോപദേശം തേടുകയും ചെയ്തിരുന്നു.

തിരുവനന്തപുരം നഗരത്തിലൂടെ കടന്നുപോകുന്ന ലൈറ്റ് മെട്രോ ലൈനിനായി 60 മീറ്റര്‍ ചുറ്റളവില്‍ വളവ് നിവര്‍ത്തിയാല്‍ നിരവധി കെട്ടിടങ്ങള്‍ പൊളിക്കേണ്ടിവരും. ഇതൊഴിവാക്കാന്‍ പരമ്പരാഗതമായ ‘റോട്ടറി മോട്ടോര്‍’ സംവിധാനത്തിനു പകരം ആധുനിക ‘ലീനിയര്‍ മോട്ടോര്‍’ സംവിധാനമാകും ഉപയോഗിക്കുന്നത്. വളവുകളില്‍ സ്വയം ക്രമീകരണം നടത്താന്‍ കഴിയുന്ന ഈ സംവിധാനത്തില്‍ മണിക്കൂറില്‍ നൂറു കിലോമീറ്റര്‍ വേഗം സാധ്യമാകും. വൈദ്യുതി ഉപഭോഗം, അറ്റകുറ്റപണി, തേയ്മാനം എന്നിവയിലും ഗണ്യമായ കുറവുണ്ടാകും. നേരത്തെ ലൈനിന്റെ അലൈന്‍മെന്റിനെപ്പറ്റി പഠിച്ച ഡി.എം.ആര്‍.സിയും ‘ലീനിയര്‍ മോട്ടോര്‍’ സാങ്കേതിക വിദ്യയാണ് നിര്‍ദ്ദേശിച്ചത്.

സ്റ്റേഷന്‍, ഡിപ്പോ, ട്രാക്ക് എന്നിങ്ങനെ 2844.56 കോടി രൂപയുടെ സിവില്‍ ജോലി കരാര്‍, 1500 കോടിയുടെ കോച്ച് നിര്‍മ്മാണ കരാര്‍, സിഗ്‌നല്‍ കരാര്‍ എന്നിങ്ങനെ നേരത്തെ ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ബജറ്റ് രൂപരേഖ അദാനിയുടെ വരവോടെ പൊളിച്ചെഴുതേണ്ടി വരും. നിലവിലെ പദ്ധതി അനുസരിച്ച് ടെക്നോസിറ്റി – കരമന ആദ്യഘട്ടവും കരമന – നെയ്യാറ്റിന്‍കര രണ്ടാംഘട്ടവും ആയിട്ടായിരിക്കും നടപ്പാക്കുക. 22 കി.മീറ്റര്‍ വരുന്ന ആദ്യഘട്ടത്തില്‍ 19 സ്റ്റേഷനുകളാണുള്ളത്.


Share now