‘അല്പനെ മേയറാക്കിയാൽ അർധരാത്രി സല്യൂട്ട് ചോദിക്കും’; തൃശൂർ മേയറെ വിമർശിച്ച് അഡ്വ. എ ജയശങ്കർ

Share now

തൃശൂർ: പൊലീസ് സല്യൂട്ട് ചെയ്യാത്തതിനെതിരെ ഡിജിപിക്ക് പരാതി നൽകിയ തൃശൂർ മേയർ എം കെ വർഗീസിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കർ. നഗരപിതാവിന്റെ വാഹനം കാണുമ്പോൾ തിരിഞ്ഞുനിന്ന് പൃഷ്ഠം കാട്ടുന്ന തൃശൂർ പൊലീസിന് ബിഗ് സല്യൂട്ടെന്നും ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചു. അല്പനെ മേയറാക്കിയാൽ, അർധരാത്രി സല്യൂട്ട് ചോദിക്കും എന്ന തലക്കെട്ടോടെയാണ് കുറിപ്പ്

കുറിപ്പിന്റെ പൂർണരൂപം

അല്പനെ മേയറാക്കിയാൽ, അർദ്ധരാത്രി സല്യൂട്ട് ചോദിക്കും.

നെട്ടിശ്ശേരി ഡിവിഷനിൽ കോൺഗ്രസ് റിബലായി ജയിച്ച് ഇടതുപക്ഷ പിന്തുണയോടെ മേയറായ പുങ്കനാണ് എംകെ വർഗീസ്. കൊടി വച്ച കാറിൽ പൊടി പറപ്പിച്ചു പോകുമ്പോൾ പോലീസ് തീരെ ഗൗനിക്കുന്നില്ല, സല്യൂട്ട് അടിക്കുന്നില്ല. എസ്പിയോട് പറഞ്ഞു, ഐജിയോടും പറഞ്ഞു. ഫലമില്ല. അതുകൊണ്ട് ഡിജിപിക്കു പരാതി കൊടുത്തു. ഉത്തരവ് കാത്ത് തെക്കോട്ട് നോക്കി ഇരിക്ക്യാണ് ഗഡി.

മുമ്പും ഒരു മേയറെയും പോലീസ് സല്യൂട്ട് അടിച്ചിട്ടില്ല. അവർക്കാർക്കും പരാതി ഉണ്ടായില്ല. കാരണം, പോലീസ് സ്റ്റാൻഡിങ് ഓഡർ പ്രകാരം മേയർക്കോ മുൻസിപ്പൽ ചെയർമാനോ പഞ്ചായത്ത് പ്രസിഡന്റിനോ സല്യൂട്ട് അടിക്കാൻ വ്യവസ്ഥയില്ല.
നഗരപിതാവിന്റെ വാഹനം കാണുമ്പോൾ തിരിഞ്ഞു നിന്നു പൃഷ്ഠം കാട്ടുന്ന തൃശ്ശൂർ പോലീസിന് ബിഗ് സല്യൂട്ട്! – അഡ്വ. ജയശങ്കർ ഫേസ്ബുക്കില്‍ പറഞ്ഞു.

ഇന്നലെ മുതലാണ് തൃശൂർ മേയർ എം.കെ. വർഗ്ഗീസ് സല്യൂട്ടിന്റെ പേരില്‍ വാർത്തകളില്‍ ഇടംപിടിച്ചത്. ഔദ്യോഗിക കാറില്‍ പോകുമ്പോള്‍ പൊലീസ് സല്യൂട്ട് നല്‍കുന്നില്ലെന്നാണ് മേയര്‍ എം കെ വര്‍ഗീസ് ഡിജിപിക്ക് നൽകിയ പരാതി. പല തവണ പരാതി നല്‍കിയിട്ടും പൊലീസ് മുഖം തിരിച്ചെന്നും പരാതിയില്‍ പറയുന്നു. പ്രോട്ടോക്കോള്‍ പ്രകാരം മേയറെയും ബഹുമാനിക്കേണ്ടതാണ്. എംപിക്കും എംഎല്‍എക്കും ചീഫ് സെക്രട്ടറിക്കുമെല്ലാം മുകളിലാണ് മേയറുടെ സ്ഥാനമെന്നും അവര്‍ക്ക് സല്യൂട്ട് നല്‍കാത്തത് അപമാനിക്കലാണെന്നും എംകെ വര്‍ഗീസ് പറഞ്ഞു.

”ഞാന്‍ കോര്‍പ്പറേഷന്റെ മേയറായിട്ട് ഏകദേശം ആറ് മാസമേ ആയിട്ടുള്ളൂ. നേരത്തെ ജനപ്രതിനിധിയായിട്ടും കൗണ്‍സിലറായിട്ടും ഇവിടെ ഉണ്ടായിരുന്നു. പൊലീസ് ഒരിക്കലും മേയറെ സല്യൂട്ട് ചെയ്യുന്നത് കണ്ടിട്ടില്ല. എന്നെ സല്യൂട്ട് ചെയ്യണമെന്നല്ല ആ പദവിയെ ബഹുമാനിക്കണമെന്നാണ് പറയുന്നത്. സല്യൂട്ട് ചെയ്യുന്നില്ല എന്ന് മാത്രമല്ല നമ്മളെ കാണുമ്പോള്‍ ഇവര്‍ തിരിഞ്ഞു നില്‍ക്കുകയാണ്. അപമാനിച്ചതിന് തുല്യമായാണ് ഇത് ഞാന്‍ കാണുന്നത്”- എംകെ വര്‍ഗീസ് പറഞ്ഞു.

ഇത് സംബന്ധിച്ച് പല തവണ ഡിജിപിക്ക് പരാതി കൊടുത്തിരുന്നും പക്ഷെ നടപടിയൊന്നും കണ്ടില്ല. ഒപ്പം തന്നെ തൃശൂര്‍ എംഎല്‍എ കമ്മീഷണറുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു പക്ഷെ നടപടിയൊന്നും ഉണ്ടായില്ല. മേയറെ അംഗീകരിക്കേണ്ട ഉത്തരവാദിത്വം ഇവര്‍ക്കുണ്ട്. പദവിയെ അപമാനിക്കുന്നത് ശരിയല്ല. കേരളത്തിലെ ഒന്നടങ്കം മേയര്‍മാര്‍ക്ക് വേണ്ടിയാണ് പരാതി. ഇതു സംബന്ധിച്ച് വിജ്ഞാപനം ഇറക്കണം എന്നാണ് തന്റെ അഭിപ്രായമെന്നും എംകെ വര്‍ഗീസ് പറഞ്ഞു.


Share now