
പ്രളയാനന്തര പുനര്‍നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളില്‍ പ്രഖ്യാപിച്ച 77 റോഡ് പ്രവര്‍ത്തികളില്‍ ഒന്നിനുപോലും ഇതുവരെ ടെന്‍ഡര്‍ ആയില്ല. രണ്ടുവര്‍ഷത്തിനിടെ 15 പ്രവര്‍ത്തികള്‍ക്ക് മാത്രമാണ് വിശദമായ പദ്ധതി റിപ്പോര്‍ട്ട്( ഡിപിആര്‍) ആയത്. നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുന്‍പ് ടെന്‍ഡര്‍ ആയില്ലെങ്കില്‍ പദ്ധതി ഇനിയും വൈകും.
റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായി ഇടുക്കി-30, പത്തനംതിട്ട 25, വയനാട് 22 എന്നിങ്ങനെയുള്ള റോഡ് പ്രവര്‍ത്തികളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 2018-ലെ പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ പനര്നിര്മ്മാണമാണ് ഇതില്‍ ഏറ്റെടുത്തത്. പ്രളയത്തിലും മണ്ണിടിച്ചിലിലും തകരാത്ത വിധത്തില്‍ മികച്ച റോഡ് നിര്‍മ്മിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഇപ്പോള്‍ രണ്ട് വര്‍ഷം കഴിഞ്ഞു. വയനാട് ജില്ലയിലെ പത്ത് പ്രവര്‍ത്തികള്‍ക്കും പത്തനംതിട്ട ജില്ലയിലെ അഞ്ച് പ്രവര്‍ത്തികളുടെയും ഡിപിആര്‍ ജനുവരി 14-ന് നടന്ന സാങ്കേതിക സമിതിയിലാണ് പാസാക്കിയത്. ഇടുക്കി ജില്ലയിലെ ആറു പ്രവര്‍ത്തികളുടെ ഡിപിആര്‍ അടുത്ത കമ്മിറ്റിയിലേക്ക് മാറ്റിയിരിക്കുന്നു. ഡിപിആര്‍ അംഗീകരിച്ചശേഷം സാങ്കേതിക അനുമതി കിട്ടിയാല്‍ മാത്രമേ ടെന്‍ഡര്‍ വിളിക്കാന്‍ കഴിയുകയുള്ളൂ.
ആകെയുള്ള 77 പ്രവര്‍ത്തികളില്‍ 21 എണ്ണത്തിന് മാത്രമാണ് പദ്ധതി റിപ്പോര്‍ട്ട് തയ്യാറക്കല് നടപടികള്‍ തുടങ്ങിയത്. ഈ പ്രവര്‍ത്തികളുടെ ടെന്‍ഡര്‍ വിളിച്ച ശേഷമേ മറ്റ് പ്രവര്‍ത്തികളുടെ കാര്യത്തില്‍ നടപടി ഉണ്ടാകൂ എന്നാണ് പറയുന്നത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുന്‍പ് 21 പ്രവര്‍ത്തികള്‍ക്ക് ടെന്‍ഡര്‍ വിളിക്കുമെന്ന് അധികൃതര്‍ പറയുന്നു. പക്ഷേ, ഇത് നടപ്പാകുമോ എന്നതില്‍ സംശയമുണ്ട്. അടുത്ത സാങ്കേതിക സമിതിയോഗം 25-ന് ചേരുന്നുണ്ട്.
നിലവില്‍ ഡിപിആര്‍ തയ്യാറായ 15 പ്രവര്‍ത്തികള്‍ക്ക് അന്ന് സാങ്കേതിക അനുമതി കിട്ടിയാല്‍ ഫെബ്രുവരി ആദ്യം ടെന്‍ഡര്‍ വിളിക്കാം. ഇതിനിടെ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാല്‍ എല്ലാം തടസ്സപ്പെടും. പിന്നെ പുതിയ സര്‍ക്കാര്‍ വന്നതിന് ശേഷമേ തുടര്‍നടപടികള്‍ ഉണ്ടാകൂ. അപ്പോഴേക്കും കാലവര്‍ഷത്തിന് തുടക്കമാകും. ഇതോടെ ഒരുവര്‍ഷം കൂടി വൈകും.