സാമ്പത്തിക തട്ടിപ്പ് കേസ്: ഒളിവില്‍ കഴിഞ്ഞ പ്രതിയെ അറസ്റ്റ് ചെയ്തു; ഇയാള്‍ സഞ്ചരിച്ച ആഢംബര കാറും പിടിച്ചെടുത്തു

Share now

ആലപ്പുഴ: നിരവധി സാമ്പത്തിക തട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ ആലപ്പുഴ പോലീസ് പിടികൂടി. കണ്ണൂര്‍ മാടായി പുതിയങ്ങാടി സി വ്യൂവില്‍ പി.സി ഷക്കീലിനെയാണ്( 40) പിടികൂടിയത്. വിവിധ സ്ഥലങ്ങളിലായി ബാങ്ക് വായ്പയടക്കം കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ട്. ആലപ്പുഴ കൊമ്മാടി സ്വദേശി കൃഷ്ണക്കുറുപ്പിന്റെ ഉടമസ്ഥതയിലെ ഹൈവേയുടെ സമീപത്ത് 50 സെന്റ് ഭൂമി ഫ്‌ളാറ്റ് നിര്‍മ്മാണത്തിനെന്ന പേരില്‍ ഷക്കീല്‍ കൈക്കലാക്കി തട്ടിപ്പ് നടത്തിയ കേസിലാണ് അറസ്റ്റ്.

സ്വന്തം പേരില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി ഉണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. സംരംഭത്തില്‍ ലാഭവിഹിതം നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് കൃഷ്ണക്കുറുപ്പിനെ സമീപിച്ചത്. വിശ്വാസം നേടാനായി വിശദമായ കരാറുണ്ടാക്കി വായ്പയെടുക്കാനെന്ന പേരില്‍ വസ്തു സ്വന്തം പേരിലേക്ക് മാറ്റിയ ശേഷം മറ്റൊരാള്‍ക്ക് മറിച്ചുവിറ്റ് മുങ്ങുകയായിരുന്നു. സംഭവത്തില്‍ 2015-ലാണ് മണ്ണഞ്ചേരി പോലീസ് കേസെടുക്കുന്നത്. ലോക്കല്‍ പോലീസ് അന്വേഷിച്ചിട്ട് കണ്ടെത്താനായില്ല. തുടര്‍ന്ന് ഡി.സി.ആര്‍.ബിക്ക് കൈമാറി. ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചതിനെതുടര്‍ന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളത്തെ താമസ സ്ഥലത്തുനിന്നാണ് ഇയാളെ പിടികൂടിയത്. പരിശോധനയില്‍ നിരവധി ദുരൂഹത സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു.

ഇയാള്‍ സഞ്ചരിച്ച പുതിയ ആഢംബര കാറും പിടിച്ചെടുത്തു. കോട്ടയം സ്വദേശിയായ സ്ത്രീയില്‍ നിന്നും 40 ലക്ഷം രൂപ തട്ടിയെടുത്തതില്‍ കോട്ടയം ക്രൈംബ്രാഞ്ചിലും സമാനകേസുണ്ട്. ഇടപാടുകാരുടെ വിശ്വാസം പിടിച്ചുപറ്റാന്‍ വന്‍ വിലയുള്ള ആഢംബര കാറുകള്‍ ഉപയോഗിക്കും. നിയമകുരുക്കില്‍പ്പെട്ട വസ്തു ഉടമകളെ സമീപിച്ച് ഭൂമി ഏറ്റെടുത്ത ശേഷം വിവിധ ബാങ്കുകളില്‍ നിന്ന് വായ്പകളും എടുത്തിട്ടുണ്ട്. ഇതിന്റെ പേരിലും നിരവധി കേസുകള്‍ നിലവിലുണ്ട്. അമിത വേഗത്തില്‍ വാഹനം ഓടിച്ചതിന് 186 ചലണ ഇയാള്‍ക്ക് പിഴ നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഒന്നുപോലും അടച്ചിട്ടുമില്ല. ഇയാളുടെ മറ്റ് ഇടപാടുകള്‍ സംബന്ധിച്ചും വിശദ പരിശോധന നടത്തും. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഡി.സി.ആര്‍.ബി ഡിവൈഎസ്പി വിദ്യാധരന്‍, എസ്.ഐ സാബു, എസ് ഐ അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.


Share now