ഡോക്ടറെ മർദിച്ച സംഭവം: സിപിഎമ്മുകാരായ പ്രതികളെ പോലീസ് സംരക്ഷിക്കുന്നു; കൂട്ട അവധിയെടുത്ത് ഡോക്ടറന്മാര്‍

Share now

ആലപ്പുഴ : കഴിഞ്ഞ ദിവസം വാക്‌സിൻ വിതരണത്തിനിടെ സിപിഎം നേതാക്കൾ ഡോക്ടറെ മർദിച്ച സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രതിഷേധം. സിപിഎം നേതാക്കളായ പ്രതികളെ പോലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചാണ് ആലപ്പുഴയിലെ സർക്കാർ ഡോക്ടറന്മാര്‍ ഇന്ന് കൂട്ട അവധിയെടുത്തിരിക്കുന്നത്. ഒ.പി, വാക്‌സിനേഷൻ, സ്വാബ് പരിശോധന എന്നിവയും ബഹിഷ്‌കരിക്കും.

വാക്സിൻ വിതരണത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കുപ്പപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. ശരത് ചന്ദ്രബോസിനാണ് മർദനമേറ്റത്. പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വാക്‌സിൻ വിതരണം പൂർത്തിയായപ്പോൾ പത്ത് യൂണിറ്റ് വാക്‌സിൻ ബാക്കി വന്നു. ഈ വാക്‌സിൻ വിതരണം ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചത്.

കൈനകരി പഞ്ചായത്ത് പ്രസിഡൻറ് എം.സി പ്രസാദ്, സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ഡി രഘുവരൻ, വിശാഖ് വിജയൻ എന്നിവർക്കെതിരെയാണ് കേസ്. ഇതിൽ വിശാഖ് വിജയൻ അറസ്റ്റിലായെങ്കിലും മറ്റു രണ്ടുപേരും ഒളിവിലായതിനാൽ ഇതുവരെ പിടികൂടിയിട്ടില്ല. പ്രതികളെ പിടികൂടാൻ വൈകുന്നതിനെതിരെ അവധി ദിനത്തിൽ ജോലി ചെയ്ത് മർദനമേറ്റ ഡോക്ടർ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചിരുന്നു. ആശുപത്രിയിലെ മറ്റ് ജീവനക്കാരും അവധി ഉപേക്ഷിച്ച് ജോലി ചെയ്ത് ഡോക്ടർക്കൊപ്പം പ്രതിഷേധത്തിൽ പങ്കാളികളായിരുന്നു. ഇതിന് പിന്നാലെയാണ് ആലപ്പുഴയിലെ സർക്കാർ ഡോക്ടർമാർ ഇന്ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുക. പ്രതികളെ പിടികൂടുന്നില്ലെന്നും പ്രതികള്‍ക്ക് കുറ്റം ചെയ്യാനുള്ള പ്രോത്സാഹനമാണ് പോലീസ് നല്‍കുന്നതെന്നും ഡോക്ടര്‍ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.


Share now