ലഹരിയുടെ പിടിയിലമര്‍ന്ന് മുസ്ലീം സമൂഹം

Share now

കേരളത്തില്‍ ഓരോ പുതുവൽസരങ്ങൾ കഴിയുമ്പോഴും മലയാളി കുടിച്ചു തീര്‍ത്ത മദ്യത്തിന്റെ റെക്കോഡുകള്‍ പുറത്തുവരാറുണ്ട്. ഇക്കാര്യത്തില്‍ തന്നോടുതന്നെ മല്‍സരിച്ച് ജയിക്കുന്ന മലയാളികളുടെ കഥ ഏവര്‍ക്കും സുപരിചിതവുമാണ്. മദ്യത്തിന്റെ ലഹരിയില്‍ ആറാടിയ മലയാളികളുടെ കഥ ഏവരും പാടി നടക്കുമ്പോള്‍ മദ്യം ഹറാമാണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞ മുസ്ലീം സമൂഹം ലഹരിയുടെ പിടിയില്‍ അമരുന്നത് ഭൂരി ഭാഗം പേരും ശ്രദ്ധിച്ചു കാണില്ല. ആരും ശ്രദ്ധിക്കാതെ പോയ ഈ വിഷയത്തിലേക്ക് സഹൃദയരെകൂട്ടിക്കൊണ്ട് പോകുകയാണ് മദ്യം മയക്കുമരുന്ന് സമുദായം എന്ന തന്റെ ലേഖനത്തിലൂടെ എഴുത്തുകാരനായ എന്‍ പി ഹാഫിസ് മുഹമ്മദ് .

മുസ്ലീം ഭൂരിപക്ഷ മേഖലകളിലടക്കം മദ്യത്തിന്റെ ഉപയോഗം കൂടിവരുന്നതായി അടുത്തകാലത്ത് പുറത്തുവന്ന കണക്കുകള്‍ വിളിച്ചു പറയുന്നുണ്ട്. കോഴിക്കോട്ടെ ലഹരി പദാര്‍ത്ഥ മുക്ത ചികില്‍സ നടത്തിയയിരുന്ന സ്ഥാപനത്തില്‍ ജില്ലയിലെ മുസ്ലീമുകളേക്കാള്‍ കൂടുതല്‍ മുസ്ലീങ്ങള്‍ ചികില്‍സയ്ക്കായി എത്തിയത് ശ്രദ്ധയില്‍പ്പെട്ടതായി ഹാഫിസ് മുഹമ്മദ് പറയുന്നു.

കേരളത്തില്‍ ബിവറേജ് കോപ്പറേഷന്‍ നടത്തുന്ന മദ്യ വില്‍പനയില്‍ മുന്‍ നിരയില്‍ക്കിടക്കുന്ന സ്ഥലങ്ങളില്‍ ഒന്ന് മുസ്ലീം ഭൂരിപക്ഷമുളള മലപ്പുറം ജില്ലയിലെ തിരൂര്‍ റേഞ്ചാണ്. പണ്ട് മുസ്ലീം ഭൂരിപക്ഷ മേഖലയില്‍ മദ്യപിച്ചിരുന്ന വ്യക്തിയെ സമുദായം കൃത്യമായി അടയാളപ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്ന് ഇതേ സമുദായത്തില്‍പെട്ട ചിലരുടെ കല്യാണത്തിലടക്കം മാപ്പിള വിഭവങ്ങളോടൊപ്പം മദ്യം പ്രത്യക്ഷപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നു.

ലഹരി മരുന്ന് കച്ചവടത്തിൽ മുസ്ലീങ്ങള്‍ക്ക് പങ്കുണ്ട് എന്നത് പുറത്തു വരുന്ന വാര്‍ത്തകള്‍ തെളിയിച്ചിട്ടുളളതാണ്. മുസ്ലീം വിദ്യാഭ്യാസ സ്ഥാപനങ്ങളെ ചുറ്റിപ്പറ്റിയുളള മയക്കു മരുന്നു വില്‍പനകൂടിയതായും കൗണ്‍സിലിങ്ങിനായി എത്തുന്ന കൗമാരക്കാരില്‍ മുസ്ലീം സമുദായത്തില്‍ നിന്നുളള വരുടെ എണ്ണം കൂടുന്നതായും അധ്യാപകസുഹൃത്തുക്കള്‍ വിശദീകരിച്ചതായി അദ്ദേഹം വ്യക്തമാക്കുന്നു.

സമുദായ ഭേദമന്യെ കേരളം മദ്യത്തില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്. മദ്യം അനിസ്ലാമികമാണെന്ന് പറയുമ്പോഴും മുസ്ലീം സമുദായത്തില്‍ പെട്ടവര്‍ക്കിടയില്‍ കൂടി വരുന്ന മദ്യോപയോഗം നിയന്ത്രിക്കുന്നതിന് സമുദായ നേതൃത്വത്തിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. കേരളത്തിലെ സമുദായ നേതൃത്വം മദ്യത്തെ പ്രോല്‍സാഹിപ്പിക്കുന്നില്ല. എന്നാല്‍ മലയാളികളെ കുടിപ്പിക്കുന്നതിനോട് മൗനം പാലിക്കുകയോ കൂട്ടുനില്‍ക്കുകയോ ചെയ്യുന്നവരില്‍ മുസ്ലീം രാഷ്ട്രീയ-മത സംഘടനകളുണ്ട്. ഇടത്-വലത് ഭരണത്തിലെ മദ്യ സംസ്‌കാരത്തിന്റെ ഭാഗമായി നിന്നുകൊണ്ട് മുസ്ലീം ലീഗ് പ്രവര്‍ത്തിക്കുന്നുണ്ട്.

അശാസ്ത്രീയവും പ്രയോജനമില്ലാത്തതുമായ പ്രഭാഷണ പരിപാടിക്കപ്പുറം, മഹല്ല് തോറും മദ്യപാനത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനം തടയാന്‍ ശാസ്ത്രീയമായ പദ്ധതി നടപ്പാക്കാനുളള വിവേകമാണ് മുസ്ലീം മത നേതൃത്വത്തിന് വേണ്ടതെന്ന് ഹാഫിസ് മുഹമ്മദ് പറയുന്നു. ഇദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ഈ വേളയില്‍ എത്രത്തോളം പ്രസക്തിയുണ്ടെന്ന് മത സാമുദായിക നേതാക്കള്‍ക്കും നേതൃത്വത്തിനും തിരിച്ചറിയാന്‍ കഴിയട്ടെയെന്നും അവർ ഉണർന്ന് പ്രവർത്തിക്കട്ടെയെന്നും നമുക്ക് പ്രത്യാശിക്കാം .

( ഈ ആഴ്ചത്തെ കലാകൗമുദിയിലാണ് ഹാഫിസ് മുഹമ്മദിന്റെ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.)


Share now

Leave a Reply

Your email address will not be published. Required fields are marked *