പിണറായി എഴുന്നള്ളിച്ചു കൊണ്ടുവന്നത് തട്ടിപ്പുകാരനെ; ഇ.എം.സി.സിക്കെതിരെ അമേരിക്കയില്‍ നിരവധി പരാതികള്‍; മലയാളിയെ കബളിപ്പിച്ചതിന് 214,714 ഡോളര്‍ പിഴ; പള്ളി പണിഞ്ഞു നല്‍കാമെന്ന് പറഞ്ഞ് പാസ്റ്ററെയും പറ്റിച്ചു

Share now

സംസ്ഥാന സര്‍ക്കാരുമായി ആഴക്കടല്‍ മത്സ്യബന്ധനത്തിന് കരാറിലേര്‍പ്പെട്ട ന്യൂയോര്‍ക്ക് ആസ്ഥാനമായ ഇഎംസിസി ഇന്റര്‍നാഷണല്‍ എന്ന കമ്പനിക്കെതിരെ നിരവധി തട്ടിപ്പ് വെട്ടിപ്പ് കേസുകള്‍ നിലവിലുണ്ടെന്ന് രേഖകള്‍. ന്യൂയോര്‍ക്കില്‍ തന്നെ പല മലയാളികളും ഈ കമ്പനിക്കെതിരെ വഞ്ചനാ കേസുകള്‍ നല്‍കിയിട്ടുണ്ട്.

2018 ഡിസംബര്‍ മാസത്തില്‍ ന്യൂയോര്‍ക്കിലെ 54 മൈല്‍സ് അവന്യൂവില്‍ താമസക്കാരനായ ചെറിയാന്‍ എബ്രഹാം എന്ന വ്യക്തിയെ ഷിജു വര്‍ഗീസിന്റെ ഉടമസ്ഥതയിലുള്ള ഇംഎംസിസി ഡ്യൂറല്‍ എല്‍എല്‍സി എന്ന കമ്പനി വീട് പുനര്‍നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തതില്‍ കബളിപ്പിച്ചുവെന്ന പേരില്‍ നഷ്ടപരിഹാരം തേടി ന്യൂയോര്‍ക്ക് കൗണ്ടി സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ചെറിയാന്‍ എബ്രഹാമിന്റെ വീട് പുതുക്കി പണിയുന്നതിന് 406,900 ഡോളര്‍ തുകയ്ക്കുള്ള കരാറില്‍ ഇഎംസിസിയുമായി 2018 ഫെബ്രുവരി 28-ന് ഒപ്പുവെച്ചു. അഡ്വാന്‍സായി 154,000 ഡോളര്‍ നല്‍കി. എന്നാല്‍, കരാറില്‍ നിന്നുള്ള വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് നിര്‍മ്മാണം നടത്തിയതിന് കൗണ്ടി അധികാരികള്‍ സ്‌റ്റോപ് മെമ്മോ നല്‍കിയിരുന്നു. വീട്ടുടമസ്ഥന്റെ അനുവാദമില്ലാതെ വീടിന്റെ ഭിത്തികള്‍ തല്ലി പൊളിച്ചുകളയുകയും പുതിയ നിര്‍മ്മാണമെന്ന പേരില്‍ പണി തുടങ്ങിയതിനാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്.

ന്യൂയോര്‍ക്കിലെ നോര്‍ത്ത് ഹാംസ്‌റ്റെഡിലെ ബിള്‍ഡിംഗ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അനുമതിയോ അറിവോ ഇല്ലാതെയാണ് ഇത്തരത്തില്‍ വീടിന്റെ രൂപമാറ്റം് വരുത്തിയത്. അതിലുപരി, ഇത്തരമൊരു നിര്‍മ്മാണം നടത്തുന്നതിന് വീട്ടുടമസ്ഥന്റെ അനുമതിയും തേടിയിരുന്നില്ല. ഭാഗികമായി വീട് തകര്‍ത്തതുമൂലം വീട്ടുടമസ്ഥന് കനത്ത സാമ്പത്തിക നഷ്ടമുണ്ടായതായും പരാതിയില്‍ പറയുന്നുണ്ട്. എന്നാല്‍, കെട്ടിടം പുനര്‍നിര്‍മ്മിച്ച് നല്‍കാനോ, ക്രമക്കേടുകള്‍ പരിഹരിക്കാനോ കരാറു കമ്പനിയായി ഇഎംസിസി ഒന്നും ചെയ്തില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്. കരാര്‍ ലംഘനം നടത്തിയതിനെ തുടര്‍ന്ന് കരാര്‍ റദ്ദ് ചെയ്തുകൊണ്ട് 2018 ഒക്ടോബര്‍ 15-ന് കത്ത് നല്‍കി. താന്‍ നല്‍കിയ തുക 154,000 ഡോളര്‍ മടക്കി നല്‍കണമെന്നാവശ്യപ്പെട്ടെങ്കിലും ഇഎംസിസി അതിന് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. ഏതാണ്ട് ഒരു ലക്ഷത്തിലധികം ഡോളറിന്റെ നാശനഷ്ടം തനിക്ക് വരുത്തിയിട്ടുണ്ടെന്നും പരാതിക്കാരന്‍ പറയുന്നുണ്ട്.

2019 നവംബറില്‍ ന്യൂയോര്‍ക്കിലെ സുപ്രീം കോടതി കരാര്‍ ലംഘനം കണ്ടെത്തുകയും 214,714 ഡോളര്‍ നഷ്ടപരിഹാരമായി പരാതിക്കാരന് നല്‍കാന്‍ ഉത്തരവിടുകയും ചെയ്തു. ഇതിനുംപുറമേ, ഫിലാഡെല്‍ഫിയയില്‍ ഒരു പള്ളി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പാസ്റ്റര്‍ വിന്‍സെന്റ് ജോസ് എന്ന വ്യക്തിയെ കബളിപ്പിച്ചതായും പരാതിയുണ്ട്. ന്യൂയോര്‍ക്കില്‍ തന്നെ താമസക്കാരിയായ ഏലിക്കുട്ടിയെന്ന വനിതയെ ഷിജു കബളിപ്പിച്ചതായും ആക്ഷേപമുണ്ട്.


Share now