റിപബ്ലിക് ടി.വിയെ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷനിൽ നിന്ന് പുറത്താക്കണമെന്ന് ബ്രോഡ്‌കാസ്റ്റേഴ്‌സ് അസോസിയേഷൻ; അർണബിനെ പൂട്ടാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ

Share now

ന്യൂഡൽഹി: റിപ്പബ്ലിക് ടി.വിയെ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷനിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബ്രോഡ്‌കാസ്റ്റേഴ്‌സ് അസോസിയേഷൻ (എൻ.ബി. എ) രംഗത്ത്. റേറ്റിങ്ങില്‍ കൃത്രിമം നടത്തിയതുമായി ബന്ധപ്പെട്ട് കോടതിയിലുള്ള കേസിന്റെ വിധി വരുന്നത് വരെ അംഗത്വം റദ്ദാക്കണമെന്നും ബാര്‍ക് റേറ്റിങ് സംവിധാനത്തില്‍ നിന്നും റിപ്പബ്ലിക് ടി.വിയെ ഒഴിവാക്കണമെന്നുമാണ് എൻ.ബി.ഐ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലെ ഡാറ്റകൾ നശിപ്പിച്ച് റേറ്റിംഗ് സുതാര്യമായി നടത്തണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

ബാർക്ക് ഇന്ത്യയുടെ മുൻ സി.ഇ.ഒ പാർത്തോ ദാസ് ഗുപ്തയും അർണബ് ഗോസ്വാമിയും തമ്മിലുള്ള വാട്‌സാപ്പ് സന്ദേശങ്ങൾ ഞെട്ടിച്ചുവെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റർ അസോസിയേഷൻ (എൻ.ബി.എ) പ്രസ്താവനയിൽ പറഞ്ഞു. റേറ്റിങ്ങില്‍ കൃത്രിമം കാണിക്കുന്നവര്‍ക്കെതിരെ എന്ത് ശിക്ഷാനടപടിയെടുക്കുമെന്നും റിപ്പബ്ലിക് ടി.വിക്കെതിരെയുള്ള കേസില്‍ എന്ത് നടപടിയുണ്ടാകുമെന്നും വ്യക്തമാക്കണമെന്ന് ബ്രോഡ്‌കാസ്റ്റിങ് അസോസിയേഷൻ ബാര്‍ക്കിനോട് ചോദിച്ചു. ഈ വിവരങ്ങളിൽ വ്യക്തത ഉണ്ടാകുന്നതുവരെ വാര്‍ത്താ ചാനലുകളുടെ റേറ്റിങ് കണക്കാക്കുന്നത് നിര്‍ത്തിവെക്കണമെന്നും എന്‍.ബി.എ ആവശ്യപ്പെട്ടു.

സെക്രട്ടറിമാരുടെ നിയമനം, കാബിനറ്റ് പുന:സംഘടന, വിവര-പ്രക്ഷേപണ മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങൾ എന്നിവയിൽ നടന്ന അധികാര ദുർവിനിയോഗത്തിന്റെ കൂടി തെളിവാണ് പുറത്ത് വന്ന സന്ദേശങ്ങൾ. കഴിഞ്ഞ 4 വർഷത്തിനിടെ എൻ.ബി.എ ഉന്നയിച്ച നിരവധി ആരോപണങ്ങൾ സത്യമാണെന്നാണ് ഈ സന്ദേശങ്ങൾ തെളിയിക്കുന്നതെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റർ അസോസിയേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

അതേസമയം, അര്‍ണബ് ഗോസ്വാമിയുടെ വാട്‌സാപ്പ് ചാറ്റുകള്‍ പുറത്തായതിന് പിന്നാലെ ശക്തമായ നടപടികൾ സ്വീകരിക്കാനൊരുങ്ങി മഹാരാഷ്‌ട്ര സർക്കാർ. ഇത്തരം നിർണായകമായ വിവരങ്ങൾ അർണബിന് എങ്ങനെ ലഭിക്കുന്നു എന്നതിൽ അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖ് വ്യക്തമാക്കി. ബാലകോട്ട് വ്യോമാക്രമണം, പുൽവാമ ആക്രമണം എന്നിവയുൾപ്പെടെ വളരെ ഗൗരവകരമായ കാര്യങ്ങളാണ് ചാറ്റിൽ പറയുന്നതെന്നും ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

റിപബ്ലിക് ടി.വി ബോക്‌സ് സിനിമ, ഫക്ത് മറാത്തി എന്നീ ചാനലുകള്‍ ടി.ആര്‍.പി റാക്കറ്റിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് മുംബൈ പോലീസ് കമ്മീഷണര്‍ പരം ബിര്‍ സിംഗ് നേരത്തെ പറഞ്ഞിരുന്നു. ടി.ആര്‍.പി റേറ്റിംഗ് അളക്കുന്ന രണ്ടായിരത്തിലധികം ബാരോമീറ്ററുകള്‍ മുംബൈയില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവ ഇന്‍സ്റ്റാള്‍ ചെയ്ത സ്ഥലങ്ങള്‍ രഹസ്യമാണ്. എന്നാല്‍ ഈ ബാരോമീറ്ററുകൾ സ്ഥാപിക്കാന്‍ നിയോഗിക്കപ്പെട്ട മുന്‍ ജീവനക്കാര്‍ അതിനെ സ്വാധീനിക്കുന്നതായും കണ്ടെത്തിയിരുന്നു.


Share now