പൗരത്വ നിയമ ഭേദഗതി ; അസം എൻആർസിയിൽ ഉൾപ്പെടാത്ത 60 കുട്ടികളെ മാതാപിതാക്കളിൽ നിന്ന് വേർപ്പെടുത്തി തടങ്കൽ പാളയത്തിലേക്ക് മാറ്റി; സുപ്രീം കോടതിയുടെ ചോദ്യങ്ങൾക്ക് ഒഴുക്കൻ മറുപടി നൽകി അറ്റോർണി ജനറൽ; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്; വിശദീകരണം തേടി സുപ്രീംകോടതി

Share now

അസമിൽ പൗരത്വ രജിസ്റ്ററിൽ ഉൾപ്പെടാതെ പോയ 60 കുട്ടികളെ മാതാപിതാക്കളിൽ നിന്ന് വേർപെടുത്തി തടങ്കൽ പാളയത്തിലേക്ക് പോയെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്.

മാതാപിതാക്കളുടെ പൗരത്വം തെളിയിക്കാനായെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞു കൊണ്ട് ഉദ്യോഗസ്ഥർ ഇവരുടെ മക്കൾക്ക് പൗരത്വ പട്ടികയിൽ ഇടം നൽകിയില്ല. ഇതേ തുടർന്ന് പട്ടികയിൽപ്പെടാത്ത കുട്ടികളെയാണ് ബലമായി തടങ്കൽ പാളയത്തിൽ പാർപ്പിച്ചിരിക്കുന്നത് .

സംഭവത്തിൽ കുട്ടികളുടെ മാതാപിതാക്കൾ തങ്ങളുടെ മക്കളെ കുറിച്ച് വിവരമൊന്നുമറിയാതെ നെട്ടോട്ടമോടുകയാണ്. എന്നാൽ, കുട്ടികളെ തടങ്കൽ പാളയത്തിൽ മാറ്റി പാർപ്പിക്കില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. എൻ. ആർ സി പട്ടികയിൽ ഉൾപ്പെടാത്ത 60 കുട്ടികളെ തടങ്കൽ കേന്ദ്രത്തിൽ മാറ്റിയെന്നാരോപിച്ച് സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി കേസ് പരിഗണിക്കവെയാണ് കേന്ദ്ര സർക്കാർ തങ്ങളുടെ നിലപാട് അറിയിച്ച് രംഗത്ത് വന്നത്. കേന്ദ്ര സർക്കാരിന് വേണ്ടി അറ്റോർണി ജനറൽ കെ കെ.വേണുഗോപാലാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.

പൗരത്വം തെളിയിക്കാൻ കഴിയാത്തതിന്റെ പേരിൽ 60 കുട്ടികൾ തടങ്കൽ പാളയങ്ങളിലുണ്ടെന്ന് ചൂണ്ടിക്കാട്ടി ഒരു സന്നദ്ധ സംഘടനയാണ് കോടതിയെ സമീപിച്ചത്.

മനുഷ്യാവകാശങ്ങളുടെയും കുട്ടികളുടെ അവകാശങ്ങളുടെയും അതിക്രൂരമായ ലംഘനമാണ് ഇതെന്ന് ഹർജിക്കാർ വാദിക്കുന്നു. 60 കുട്ടികളുടെ കാര്യത്തിൽ അവരുടെ മാതാപിതാക്കളുടെ രേഖകൾ സ്വീകരിക്കുകയും കുട്ടികളുടേത് തള്ളുകയും ചെയ്‌തെന്നാണ് ഹർജിയിൽ പറയുന്നത്.

എന്നാൽ, സംഭവത്തിൽ ദേശീയ പൗരത്വ രജിസ്റ്റർ പ്രകാരം പൗരത്വം ലഭിച്ച മാതാപിതാക്കളുടെ മക്കളെ തടങ്കൽ പാളയത്തിലേക്കു മാറ്റിയെന്നത് തനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ പറഞ്ഞു. കുട്ടികളെ ഉടൻ തടങ്കൽ പാളയത്തിലേക്ക് മാറ്റില്ലെന്നും അദ്ദേഹം ഉറപ്പുനൽകി .

ഇക്കാര്യത്തിൽ നാലാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രസർക്കാരിന് ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ദെ അധ്യക്ഷനായ ബെഞ്ച് നിർദ്ദേശം നൽകി.മാത്രമല്ല, എൻ ആർ സി ട്രൈബ്യൂണലിൽ ഇവരുടെ കേസ് ഒത്തുതീർപ്പാക്കുന്നത് വരെ മാതാപിതാക്കൾ എൻ ആർ സി പട്ടികയിൽ ഉൾപ്പെട്ട കുട്ടികളെ അവർക്കൊപ്പം താമസിക്കാനും അനുവാദം നൽകി.

അതേസമയം, ഈ 60 കുട്ടികളെ ഇത്തരത്തിൽ തടങ്കൽ ക്യാമ്പുകളിൽ അയച്ചോ എന്ന് കോടതി ചോദിച്ചപ്പോൾ അതിനു വ്യക്തമായ ഉത്തരം പറയാൻ കഴിയാതെ അറ്റോർണി ജനറൽ പതറി.പകരം അങ്ങനെ ചെയ്യില്ല എന്ന ഒരു മുടന്തൻ മറുപടിയാണ് അറ്റോർണി ജനറൽ പറഞ്ഞത്.

പൗരത്വ നിയമ ഭേദഗതി പ്രകാരം, 2004നു ശേഷം ജനിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾ രണ്ടു പേരും ഇന്ത്യൻ പൗരന്മാർ ആണെങ്കിൽ മാത്രമേ കുട്ടിയേയും പൗരനായി അംഗീകരിക്കൂ. മാതാപിതാക്കളിൽ ഒരാൾക്ക് മാത്രമാണ് ഇന്ത്യൻ പൗരത്വമുണ്ടായിരിക്കുന്നതെങ്കിൽ, മറ്റേയാൾ കുട്ടി ജനിക്കുന്ന കാലത്ത് അനധികൃത കുടിയേറ്റക്കാരനല്ലാതിരിക്കുകയും വേണം. അതായത് മാതാപിതാക്കളിൽ ഒരാൾക്ക് പൗരത്വം തെളിയിക്കാൻ കഴിയാതെ വന്നാൽ കുട്ടിയെയും ഇന്ത്യൻ പൗരനായി കണക്കാക്കാൻ കഴിയില്ല.

Assam NRC- 60 children in detention centre- court seeks report


Share now

Leave a Reply

Your email address will not be published. Required fields are marked *