മരിച്ചടക്കും വിവാഹവും മുടക്കുന്ന സീറോമലബാര്‍ സഭയിലെ പുരോഹിതര്‍; കമ്മ്യൂണിസ്റ്റായ ദളിതനോട് സഭ ചെയ്ത ക്രൂരതകള്‍; ജോസഫ് പുലിക്കുന്നേലിന്റെ ആത്മകഥയിലെ വെളിപ്പെടുത്തലുകളില്‍ ഞെട്ടി വിശ്വാസിസമൂഹം… വായിക്കാം സഭാദുര്‍ഭരണം…

Share now

കേരളത്തിലെ കത്തോലിക്ക സഭയിലെ അനാചാരങ്ങള്‍ക്കും അനീതിക്കുമെതിരെ ജീവിതത്തിലുടനീളം പോരാടിയ വ്യക്തിയായിരുന്നു ജോസഫ് പുലിക്കുന്നേല്‍. കോട്ടയം മുന്‍ ഡിസിസി പ്രസിഡന്റും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായിരുന്ന വി.കെ കുര്യന് സഭാപരമായ സംസ്‌കാര ശുശ്രൂഷകള്‍ നിഷേധിച്ചതിനെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്ത വ്യക്തിയായിരുന്നു പുലിക്കുന്നേല്‍. അക്കാലത്തെ പാലാ ബിഷപ്പിന്റെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുകയും അല്‍മായരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി ഒട്ടേറെ പോരാട്ടങ്ങള്‍ നടത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. മാമോദിസാമുങ്ങി ക്രിസ്ത്യാനിയായ ഒരാള്‍ക്ക് സംസ്‌കാര ശുശ്രൂഷകള്‍ നിഷേധിക്കാനവകാശമില്ലെന്ന സുപ്രധാനമായ വിധിയാണ് പാലാ കോടതി പുറപ്പെടുവിച്ചത്. ഇങ്ങനെ സഭയ്ക്കകത്ത്‌നിന്നു കൊണ്ട് അല്‍മായരുടെ അവകാശങ്ങള്‍ക്കുവേണ്ടി നിരന്തരം പോരാട്ടം നടത്തിയ വ്യക്തിയായിരുന്നു പുലിക്കുന്നേല്‍. അദ്ദേഹം സമൂഹത്തിലും സഭയിലും നടത്തിയ പോരാട്ടങ്ങളുടെ കഥകള്‍ ഉള്‍പ്പെടുത്തി ഡിസിബുക്‌സ് പ്രസിദ്ധീകരിച്ച ‘ ഇത് എന്റെ വഴി” എന്ന ആത്മകഥയില്‍ വി.കെ കുര്യന്റെ മരണാനന്തര ചടങ്ങുകളെക്കുറിച്ചും ഒരു ദളിത് വിശ്വാസിയുടെ വിവാഹം മുടക്കിയ സഭയുടെ നിലപാടുകളെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്. പുസ്തകത്തിലെ ചില പ്രസക്തഭാഗങ്ങള്‍

വി.കെ. കുര്യന്റെ മരിച്ചടക്കും ചില വിവാഹങ്ങളും

ഞാന്‍ ഫിഫ്ത് ഫോമില്‍ പഠിക്കുന്ന കാലത്ത് ഡാള്‍ട്ടണ്‍സ് ലോ പ്രകാരം അണു (ആറ്റം) ആയിരുന്നു ഏറ്റവും ചെറിയ ഭൗതിക ഘടകം. അണുവിനെ പൊട്ടിക്കാന്‍ കഴിയില്ലായെന്നാണ് രസതന്ത്രം അധ്യാപകന്‍ പഠിപ്പിച്ചത്. എന്നാല്‍ അത് പഠിപ്പിച്ച് നാലു മാസം കഴിഞ്ഞപ്പോള്‍ അണു പൊട്ടി ലോകം നടുങ്ങി. ഞങ്ങള്‍ പത്രം കാണിച്ച് സാറിനോട് ചോദിച്ചു ‘സാറ് അണു പൊട്ടില്ലാ എന്ന് പറഞ്ഞിട്ട് ഇപ്പോള്‍ പൊട്ടിയില്ലേ’ സാര്‍ പറഞ്ഞു:അന്നേരത്തെ നിയമമനുസരിച്ച് ആറ്റം പൊട്ടില്ലായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ നിയമമനുസരിച്ച് പൊട്ടും’.

അതായത് ഇവിടെ മാറ്റമില്ലാത്തതായി ഒന്നുമില്ല. എന്റെ ബാല്യകാലത്ത് മാറാതെ നിന്നതെല്ലാം മാറി, ലോകം മാറി, ജീവിതരീതി മാറി, രാജാധികാരം മാറി, ജനാധിപത്യം വന്നു. എന്നാല്‍ ഇവിടെ മാറാതെ നിന്നത് ഒന്നുമാത്രമാണ്. അത് തെറ്റു നിറഞ്ഞ സഭാഘടനയാണ്.

ഇവിടെ ക്രിസ്ത്യാനിറ്റിയെ നവീകരിക്കാനുള്ള പരിശ്രമങ്ങള്‍ ഒന്നും തന്നെയുണ്ടായിട്ടില്ല. സഭാഘടനയെ അധികമാരും ചോദ്യം ചെയ്തിട്ടില്ല. ഈ ഘടനയും അതിന്റെ പണവുമുണ്ടല്ലോ, അവരത് എടുത്തോട്ടെ നമുക്കിതൊന്നും വേണ്ട എന്നാണ് പൊതു ചിന്ത. നിരവധി ആളുകള്‍ കത്തോലിക്കാ സഭയില്‍നിന്ന് പോകുന്നു. ഇവിടെത്തന്നെ വേറെ പുതിയ സഭകളുണ്ടാകുന്നു. കാരണം അവര് ചിന്തിക്കുന്നത്, ഇത് നന്നാകാന്‍ പോകുന്നില്ല എന്നാണ്. പിന്നെ എന്തിനാണ് ബുദ്ധിമുട്ടുന്നത്?.
എന്നെപ്പോലെ ചിലര്‍ മാത്രം ഇത് ശരിയല്ലാ എന്നു പറഞ്ഞുകൊണ്ടിരിക്കുന്നു. കത്തോലിക്കാ സഭയില്‍ ഘടനാപരമായ പിശകുണ്ട് എന്ന് നിരന്തരം ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട് അവര്‍ എന്നെ ‘സഭാദ്രോഹി ‘ എന്ന് മുദ്രകുത്തുന്നു. എന്റെ പ്രവര്‍ത്തികളില്‍ സഭാവിരുദ്ധത കണ്ടെത്തുന്നു. ചിലപ്പോള്‍ ഭ്രാന്തനെന്നും വിശേഷിപ്പിക്കുന്നു.

പലതരത്തില്‍ പൗരോഹിത്യാധികാരഘടനയുടെ ഇരകളാകേണ്ടിവന്ന നിരവധി മനുഷ്യര്‍ സഭാചരിത്രത്തിലുണ്ട്. പാലാ രൂപതയിലെ വിവിധ ഹൈസ്‌കുളുകളില്‍ കാല്‍ നൂറ്റാണ്ട് കാലത്തോളം ഹെഡ്മാസ്റ്ററായിരുന്ന, അധ്യാപകനെന്ന നിലയിലും പൊതുപ്രവര്‍ത്തകനായ ഒരു കോണ്‍ഗ്രസ് നേതാവെന്ന നിലയിലും മുന്‍ കോട്ടയം ഡിസിസി പ്രസിഡണ്ടെന്ന നിലയിലും താന്‍ ഏര്‍പ്പെട്ട എല്ലാ ജീവിതതുറകളിലും അങ്ങേയറ്റം മാന്യനായിരുന്ന കുറവിലങ്ങാട് വെള്ളായിപറമ്പില്‍ വി. കെ. കുര്യന് മതപരമായ ചരമശുശ്രൂഷ നിഷേധിക്കപ്പെട്ടത് ഇത്തരത്തില്‍ ഒരു പ്രധാന സംഭവമാണ്.

കുറവിലങ്ങാട് പള്ളി ഇടവകക്കാരനായ വി.കെ. കുര്യന്‍, വെള്ളായിപ്പറമ്പില്‍ എന്റെ ഒരു സുഹൃത്തായിരുന്നു. അദ്ദേഹം മരിച്ച വിവരം പരേതനായ പ്രഫ. കെ.എം. ചാണ്ടിസാറാണ് എന്നെ ഫോണില്‍ അറിയിച്ചത്. ഞങ്ങള്‍ രണ്ടുപേരുംകൂടി വി.കെ. കുര്യന്റെ വീട്ടിലെത്തി. മരണവീട്ടില്‍ സാധാരണയായി ഉണ്ടാകുന്ന ദുഃഖം അവിടെ തളംകെട്ടിനിന്നിരുന്നു. കുറവിലങ്ങാട് പള്ളിവികാരി, കുര്യന് സഭാപരമായ മരിച്ചടക്ക് നിഷേധിച്ച വാര്‍ത്ത കേട്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. കാനോന്‍നിയമം അനുസരിച്ച്, മരിച്ചടക്കു നിഷേധിക്കാന്‍ വികാരിക്ക് അധികാരമില്ലെന്ന് ഞാന്‍ ചാണ്ടിസാറിനോടു പറഞ്ഞു. ആരെല്ലാമോ പാലായില്‍ മെത്രാനെ കാണാന്‍ പോയിട്ടുണ്ട്; പ്രശ്‌നം പരിഹരിക്കാമെന്നുള്ള പ്രത്യാശയിലായിരുന്നു എല്ലാവരും.
പാലായ്ക്കു പോയവര്‍ തിരിച്ചെത്തി. അവര്‍ പറഞ്ഞതനുസരിച്ച്, മെത്രാനും മരിച്ചടക്കുനിഷേധം അംഗീകരിച്ചതായി അറിഞ്ഞു.മൃതദേഹം എവിടെ അടക്കും? ഞാന്‍ പാലായില്‍ എന്റെ ഓഫീസില്‍ പോയി കാനോന്‍ നിയമം കൊണ്ടുവന്ന് ചാണ്ടിസാറിനെയും മറ്റു പ്രമുഖരെയും വായിച്ചുകേള്‍പ്പിച്ചു. കാനോന്‍ 875 അനുസരിച്ച്, ‘നിയമത്താല്‍ എടുത്തുകളയപ്പെട്ടിട്ടില്ലെങ്കില്‍ എല്ലാ വിശ്വാസികള്‍ക്കും സഭാപരമായ മൃതസംസ്‌കാരം ലഭിക്കാന്‍ അര്‍ഹതയുണ്ടെ’ന്നും 877 അനുസരിച്ച്, /അന്ത്യവേളയില്‍ അനുതാപത്തിന്റെ എന്തെങ്കിലും അടയാളം കാണിക്കുന്ന പരസ്യപാപികള്‍ക്കുപോലും സഭാപരമായ മരിച്ചടക്ക് നല്‍കണ’മെന്നുണ്ടെന്നും, ഇത് ഒരു വിശ്വാസിയുടെ ജന്‍മാവകാശമാണെന്നും ഞാന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന്, ഈ വകുപ്പുകള്‍ ഉദ്ധരിച്ച് ഞാന്‍ ഒരു അപേക്ഷ എഴുതി, കുടുംബാംഗങ്ങളുടെ ഒപ്പിട്ട് പാലാ അരമനയില്‍ കൊടുത്തു. പക്ഷേ, ഫലം ഉണ്ടായില്ല.
കുര്യന്‍സാര്‍ മരിച്ചദിവസം രാവിലെ തന്നെ, 10,000 രൂപ നല്‍കി കുറവിലങ്ങാട് പള്ളിയില്‍ ഒരു കുടുംബകല്ലറ വാങ്ങിയിരുന്നെന്നും അതിനുശേഷമാണ് ഔദ്യോഗിക മരിച്ചടക്ക് നിഷേധിച്ചതെന്നും അറിവായി. രാത്രിയിലും, പല പ്രമുഖരും പാലാ മെത്രാസനവുമായി ബന്ധപ്പെട്ട് പ്രശ്‌നപരിഹാരത്തിനു പരിശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല.

പ്രഫ. ചാണ്ടിസാര്‍ പറഞ്ഞതനുസരിച്ച് ഞങ്ങള്‍ രണ്ടുപേരും പിറ്റേന്ന് രാവിലെ നേരത്തെതന്നെ കുര്യന്‍സാറിന്റെ വീട്ടിലെത്തി. പ്രാര്‍ത്ഥനയില്ലാതെ മൃതദേഹം വീട്ടില്‍നിന്നെടുക്കുന്നതും, പള്ളിയില്‍ മൃതദേഹം കയറ്റി പ്രാര്‍ത്ഥിക്കാതെ നേരെ ശവക്കല്ലറില്‍ കൊണ്ടു പോയി സംസ്‌കരിക്കുന്നതും തികച്ചും അനുചിതമാണെന്നായിരുന്നു എന്റെ അഭിപ്രായം. കുര്യന്‍സാറിന്റെ മക്കളെ എനിക്കു പരിചയമുണ്ടായിരുന്നില്ല. കുടുംബത്തിലുള്ളവരും എന്റെ പരിചയക്കാരായിരുന്നില്ല. കുര്യന്‍സാറിന്റെ ഒരു അടുത്ത സുഹൃത്തായിരുന്ന എം.എ. ജോണ്‍ എല്ലാക്കാര്യത്തിലും ആദ്യാവസാനക്കാരനായി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ശവസംസ്‌കാര ശുശ്രൂഷയ്ക്ക് ഞാന്‍ നേതൃത്വം നല്‍കാമെന്നും, പള്ളിയില്‍ മൃതദേഹം വച്ചു പ്രാര്‍ത്ഥിച്ചശേഷം മരിച്ചടക്കിനോടനുബന്ധിച്ച് എല്ലാ ക്രമങ്ങളും പാലിക്കണമെന്നുമുള്ള അഭിപ്രായം ഞാന്‍ പറഞ്ഞു. പള്ളിയില്‍ മൃതദേഹം കയറ്റുന്നതിന് അച്ച•ാര്‍ തടസം നിന്നാലോ എന്ന ചോദ്യമുയര്‍ന്നു. കൂടിനിന്നിരുന്ന ചെറുപ്പക്കാര്‍ ‘അക്കാര്യം ഞങ്ങളേറ്റു’എന്ന് ഉറപ്പിച്ചുപറഞ്ഞു. എന്തുവന്നാലും കയ്യേറ്റമോ അക്രമമോ പാടില്ലെന്ന് ജോണും ഞാനും ഈ ചെറുപ്പക്കാരോട് പറഞ്ഞു.

കൃത്യസമയത്തുതന്നെ സംസ്‌കാര ശുശ്രൂഷയ്ക്കു പ്രാരംഭമായ പ്രാര്‍ത്ഥന ഞാന്‍ ആരംഭിച്ചു. വന്‍ജനക്കൂട്ടം പ്രാര്‍ത്ഥനകള്‍ ഏറ്റുപാടി. മൃതദേഹം പള്ളിയില്‍വച്ചു പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന്, കുടുംബക്കല്ലറിയില്‍ സംസ്‌കരിച്ചു.

വി.കെ. കുര്യന്‍ എന്ന വ്യക്തിക്ക് സഭാപരമായ മരിച്ചടക്കു നിഷേധിച്ചതായിരുന്നില്ല പ്രശ്‌നം. പാലാ അരമന അപമാനിച്ചത് വി.കെ. കുര്യനെ ആയിരുന്നില്ല; മറിച്ച്, സഭയെ ആയിരുന്നു. സഭയില്‍ അല്‍മായനുള്ള അവകാശങ്ങളെ പുരോഹിതാധികാരം ചവിട്ടിത്തേക്കുന്ന സമ്പ്രദായത്തിന് അവസാനമുണ്ടാകണം എന്നു മാത്രമായിരുന്നു എന്റെ ലക്ഷ്യം.

പാലാ രൂപതാ മെത്രാന് വി.കെ. കുര്യന്‍ സംഭവത്തില്‍ രൂപതയും സഭയും സ്വീകരിച്ച നിലപാടുകളെ തുറന്നു കാണിച്ചുകൊണ്ട് 12 ചോദ്യങ്ങളടങ്ങിയ ഒരു കത്ത് സമര്‍പ്പിക്കുകയുണ്ടായി. മാമോദീസയിലൂടെ ക്രിസ്തുവിന്റെ ഭൗതീകശരീരത്തിലെ അംഗമായിത്തീരുന്ന ഒരു വിശ്വാസിയുടെ ആത്മാവിന്റെ ആന്തരികപ്രകൃതിയെ വിധിക്കാന്‍ ദൈവത്തിനല്ലാതെ മറ്റാര്‍ക്കും അധികാരമില്ലെന്ന് കാണിച്ച് തയ്യാറാക്കിയ കത്തില്‍ കുറിവിലങ്ങാട് പള്ളി വികാരിയായിരുന്ന ജോര്‍ജ് മുളങ്കാട്ടിലിനും രൂപതയ്ക്കും വി.കെ. കുര്യനോടുണ്ടായിരുന്ന വ്യക്തിവിദ്വേഷത്തിന്റെ കാരണങ്ങളും വിശദീകരിക്കുകയുണ്ടായി.
ഗര്‍ഭച്ഛിദ്രത്തിന് നിയമസാധുത നല്‍കിയ ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ച ദിവസം താന്‍ വളരെയധികം സന്തോഷിച്ചെന്നും മിഠായി വിതരണം നടത്തിയെന്നും ഒരു സെമിനാറില്‍ അഭിമാനത്തോടെ പറഞ്ഞ പള്ളിവികാരിയെ കുര്യന്‍സാര്‍ ചോദ്യം ചെയ്തത് ഒരു കാരണമായിരുന്നു.

പാലാ മെത്രാസനഭവനത്തിലെ ഒരു ഉന്നതാധികാരിയുടെ ബന്ധുവായ ഒരു കന്യാസ്ത്രീ യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ കോപ്പിയടിച്ച് പിടിക്കപ്പെട്ടപ്പോള്‍ സഭയുടെ സല്‍പ്പേരിനെ സംരക്ഷിക്കുന്നതിനായി കന്യാസ്ത്രീയെ രക്ഷിക്കുന്നതിന് അന്ന് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റംഗമായിരുന്ന കുര്യന്‍ സാറിനെ ഈ ഉന്നതാധികാരി സമീപിക്കുകയുണ്ടായി. ഈ അധികാരിയുടെ ആവശ്യം കുര്യന്‍ സാര്‍ നീതിപൂര്‍വ്വം നിരാകരിക്കുകയും കന്യാസ്ത്രീ ശിക്ഷിക്കപ്പെടുകും ചെയ്തത് മറ്റൊരു കാരണമായി.

പാലാ രൂപതാ മൂപ്പന് ഒരു തുറന്ന കത്ത് എന്ന പേരില്‍ ദൈവത്തെയും നിയമത്തെയും മുന്‍നിര്‍ത്തി ഞാന്‍ നല്‍കിയ കത്തിന് യാതൊരു മറുപടിയും ലഭിച്ചില്ല.

അന്ന് വെള്ളായിപറമ്പില്‍ കുടുംബയോഗത്തിന്റെ പ്രസിഡന്റായിരുന്ന പരേതനായ പ്രഫ. വി. യു. അബ്രഹാമും മറ്റു ചില കുടുംബാംഗങ്ങളും പിന്നീട് എന്നെ വന്നു കണ്ടു. പാലാ മെത്രാന്റെ തീരുമാനത്തിനെതിരേ മേജര്‍ ആര്‍ച്ചുബിഷപ്പിന് ഒരു പെറ്റീഷന്‍ ഞാന്‍ തയ്യാറാക്കി. അതു വി.കെ. കുര്യന്റെ ഭാര്യ ഒപ്പിട്ട് മേജര്‍ ആര്‍ച്ച് ബിഷപ്പിനു സമര്‍പ്പിച്ചു. മേജര്‍ ആര്‍ച്ചു ബിഷപ്പിന്റെ കൂരിയാ ഒരു നടപടിക്കും തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് കേസുകൊടുക്കാന്‍ തീരുമാനിക്കുന്നത്. ഇതിനുവേണ്ട രേഖകളെല്ലാം ഞാനാണ് ശേഖരിച്ച് ക്രോഡീകരിച്ചത്.

കേസിന്റെ വിചാരണാദിവസങ്ങളില്‍ അഡ്വ. പി.വി. തോമസ് ആവശ്യപ്പെട്ടതനുസരിച്ച് സഭാപരമായ രേഖകളും ഗ്രന്ഥങ്ങളും ഞാന്‍ നല്‍കുകയും ചെയ്തു.

എന്നെ സംബന്ധിച്ചിടത്തോളം വി.കെ. കുര്യന്‍ എന്ന വ്യക്തിയെക്കാളുപരി അല്‍മായന്റെ അവകാശ സംരക്ഷണമായിരുന്നു ലക്ഷ്യം. കേസില്‍, വി.കെ. കുര്യന്റെ കുടുംബത്തിന് പാലാ മെത്രാന്‍ 2,25,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ പാലാ സബ് ജഡ്ജി ശ്രീമതി ശകുന്തളാദേവി ഉത്തരവായി.

കോടതിവിധി വന്നതിനുശേഷം ഞാന്‍ വി.കെ. കുര്യന്റെ മക്കളോട്, കേസ് മുന്നോട്ടു കൊണ്ടുപോകേണ്ടതില്ലെന്ന് ഉപദേശിച്ചു. കാരണം, രണ്ടേകാല്‍ലക്ഷം രൂപയ്ക്കുവേണ്ടിയല്ല കേസുകൊടുത്തത്. പാലാ മെത്രാന്‍ ആ തുക തന്നാലും അദ്ദേഹത്തിന്റെ അധ്വാനത്തിന്റെ ഫലമല്ല ആ പണം, മറിച്ച് രൂപതയിലെ ജനങ്ങളുടേതാണ്. പാലാ മെത്രാന്റെ തെറ്റിന് രൂപതയ്ക്കു സാമ്പത്തികഭാരം ഉണ്ടാക്കുന്നത് ശരിയല്ല. മെത്രാന്‍ ചെയ്തതു തെറ്റാണെന്ന് കോടതി വിധിച്ചതിന്റെ പശ്ചാത്തലത്തില്‍, തങ്ങള്‍ പണത്തിനുവേണ്ടിയല്ല; മറിച്ച്, നീതിക്കുവേണ്ടി മാത്രമാണ് കേസുകൊടുത്തതെന്നു കാണിച്ച് പാലാ മെത്രാന് കത്ത് കൊടുക്കുന്നത് നന്നായിരിക്കും എന്നും ഞാന്‍ ഉപദേശിച്ചു. മാത്രമല്ല, ഇക്കാര്യങ്ങള്‍ കാണിച്ച് ഞാന്‍ ഒരു കത്ത് ഡ്രാഫ്റ്റ് ചെയ്ത് അവര്‍ക്കു കൊടുക്കുകയും ചെയ്തു.

പക്ഷേ, കുറേ ദിവസം കഴിഞ്ഞപ്പോള്‍, കേസ് നടത്തിയത് വെള്ളയിപറമ്പില്‍ കുടുംബയോഗമാണെന്നും കുടുംബയോഗം കേസ് രാജിയാകാന്‍ സമ്മതിക്കുന്നില്ലെന്നും എന്നോടവര്‍ പറഞ്ഞു. പിന്നീട് ഇക്കാര്യത്തെക്കുറിച്ച് ഞാന്‍ അവരോടു സംസാരിക്കുകകയോ അവര്‍ എന്റെ അഭിപ്രായം ആരായുകയോ ചെയ്തിട്ടില്ല. ഒരിക്കല്‍ ഒരു മരണവീട്ടില്‍വച്ച്, കേസ് രാജിയാകാന്‍ തീരുമാനിച്ചതായി വി.കെ. കുര്യന്റെ മക്കളില്‍ ഒരാള്‍ എന്നോടു പറഞ്ഞു. ‘നന്നായി’ എന്നു ഞാനും പറഞ്ഞു.

പാലാമെത്രാന്‍ വി.കെ. കുര്യന്റെ കുടുംബത്തിന് 1,25,000 രൂപ കൊടുത്തതായി പത്രങ്ങളില്‍ വായിച്ചു. ഇത് പാലാ അരമനയോ വി.കെ. കുര്യന്റെ മക്കളോ നിഷേധിച്ചിട്ടുമില്ല. അതുകൊണ്ട് പണം കൊടുത്താണ് പ്രശ്‌നം പരിഹരിച്ചത് എന്ന് തോന്നുന്നു. വി.കെ. കുര്യന്റെ കുടുംബത്തില്‍പ്പെട്ട പലരോടും ഞാന്‍ അന്വേഷിച്ചതില്‍ അവര്‍ക്കും ഇതേക്കുറിച്ചൊന്നും അറിയില്ലെന്നു പറഞ്ഞു.

വി.കെ. കുര്യന്‍ സംഭവം അല്‍മായരുടെ അവകാശം സ്ഥാപിച്ചെടുക്കുന്നതിനു സഹായകമായി എന്നതില്‍ എനിക്കു സന്തോഷമുണ്ട്. മരിച്ചടക്കുനിഷേധം എന്ന അനീതി അതോടെ സഭയില്‍ അവസാനിച്ചു. വി.കെ. കുര്യന്റെ കുടുംബത്തിന് എത്ര പണം കിട്ടി എന്നതല്ല; അല്‍മായന്റെ അവകാശം സ്ഥാപിച്ചെടുക്കാന്‍ കഴിഞ്ഞു എന്നതാണ് നേട്ടം.

കേസ് രാജിയായപ്പോള്‍ വിശദാംശങ്ങള്‍ വിശ്വാസികളെ അറിയിക്കാന്‍ മെത്രാസനത്തിനു കടമയുണ്ടായിരുന്നു. കാരണം കേസില്‍ മെത്രാന്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ ഇങ്ങനെ കാണുന്നു. He was not attending the church for a long number of years till his death. He was not attending mass on sundays and obligatory days a fundamental obligation of all the faithful catholics. He was not receving any sacraments for several years… He intentionally, deliberately and without any excuse declined to attend any services in the church and refused to receive Holy Communion and Sacrament of penances.

ഈ സത്യവാങ്മൂലം കളവായിരുന്നു. കളവായ സത്യവാങ്മൂലം നല്‍കിയതിന് മെത്രാന്‍ ക്ഷമായാചനം ചെയ്യേണ്ടത് കോടതിയോടും പാലാ രൂപതയിലെ വിശ്വാസികളോടുമാണ്.

കത്തോലിക്കാ പൗരോഹിത്യം പാഷണ്ഡത കല്‍പിച്ച് മുടക്കിയിട്ടുള്ള മറ്റൊരു സാമൂഹിക ആചാരക്രിയ വിവാഹമാണ്. പല കാരണങ്ങള്‍ കണ്ടെത്തി സഭ മുടക്കിയിട്ടുള്ള 12 വിവാഹങ്ങള്‍ ഞാന്‍ സാക്ഷിയായി നിന്ന് നടത്തിയിട്ടുണ്ട്. കത്തോലിക്കാസഭയിലെ വിവാഹത്തിന്റെ കാര്‍മ്മികന്‍ വൈദികനാണെന്ന തെറ്റായ ധാരണ ജനങ്ങള്‍ക്കിടയിലുണ്ട്. ഇത് ആരും തിരുത്താന്‍ ശ്രമിച്ചിട്ടില്ല. വിവാഹമെന്ന കൂദാശയുടെ കാര്‍മ്മികര്‍ വിവാഹത്തിന് സമ്മതിക്കുന്ന വധൂവരന്‍മാരാണ്. പുരോഹിതന്‍ സഭയെ പ്രതിനിധീകരിച്ച് ഇവരുടെ സമ്മതത്തിന് സാക്ഷ്യം നില്‍ക്കുന്ന ഒരു സാക്ഷി മാത്രമാണ്. അതുകൊണ്ട് കാര്‍മ്മികരായ വധൂവരന്‍മാര്‍ക്ക് ദൈവത്തെയും സഭയെയും സാക്ഷിനിര്‍ത്തി വിവാഹകര്‍മ്മം അനുഷ്ഠിക്കാനുള്ള അവകാശം ഉണ്ട്.

പാലാ രൂപത കവീക്കുന്ന് പള്ളി ഇടവകക്കാരനും തൊഴിലാളിയും അവശക്രൈസ്തവനുമായ മാത്യുവും ഉപ്പുതറ ഫെറോന പള്ളി ഇടവക പുത്തന്‍പുരയില്‍ ജോസഫിന്റെ മകള്‍ ലീലാമ്മയും തമ്മില്‍ വീട്ടുകാര്‍ നിശ്ചയിച്ച വിവാഹം നടത്തിക്കൊടുക്കുന്നതിന് കവീക്കുന്ന് പള്ളി വികാരിയെ സമീപിച്ചു. മാത്യു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു പ്രവര്‍ത്തകനായിരുന്നു. തന്‍മൂലം വിവാഹം നടത്തിക്കൊടുക്കുവാന്‍ പള്ളിവികാരി വിസമ്മതിച്ചു.

വികാരിയച്ചന്റെയും അരമനയുടെയും നിര്‍ദ്ദേശമനുസരിച്ച് രാഷ്ട്രീയം ഏതാണെങ്കിലും താന്‍ ഈശ്വരവിശ്വാ-സിയും സഭാവിശ്വാസങ്ങളോട് പ്രതിപത്തിയുള്ളവനുമാണെന്ന് മാത്യു സ്റ്റേറ്റ്‌മെന്റ് എഴുതിക്കൊടുത്തു. മാത്യു ആ പള്ളിയില്‍തന്നെ കുമ്പസരിക്കുകയും കുര്‍ബാന കൈക്കൊള്ളുകയും തുടര്‍ന്ന് മനസ്സമ്മതത്തിനുള്ള കുറി പള്ളിയില്‍ നിന്ന് മാത്യുവിന് നല്‍കുകയും ചെയ്തു.
അതനുസരിച്ച് ഉപ്പുതറ ഫെറോനാ പള്ളിയില്‍ മാത്യുവിന്റെയും ലീലാമ്മയുടേയും മനസമ്മതം നടത്തി. 1993 നവംബര്‍ 26-ാം തീയതി വരന്റെ ഇടവകയായ കവീക്കുന്ന് പള്ളിയില്‍വച്ച് വിവാഹം നടത്തുന്നതിന് ഇരുകു-ടുംബക്കാരും ചേര്‍ന്ന് തീരുമാനിച്ചു. ഉപ്പുതറ പള്ളിയില്‍ മനസ്സമ്മതം നടത്തിയെന്ന് കാണിച്ചുകൊണ്ട് ഉപ്പുതറ പള്ളിവികാരി കവീക്കുന്ന് പള്ളിയിലേക്ക് അവിടെ വിളിച്ചുചൊല്ലുന്നതിനുവേണ്ടിയുള്ള ദേശക്കുറി നല്‍കുകയും വിവാഹം ഉപ്പുതറപ്പള്ളിയില്‍ വിളിച്ച് ചൊല്ലുകുയം ചെയ്തിരുന്നു. എന്നാല്‍ കവീക്കുന്ന് പള്ളിവികാരി വിവാഹചടങ്ങായ വിളിച്ചുചൊല്ലല്‍ നടത്തില്ല എന്ന നിലപാട് സ്വീകരിച്ചു. താന്‍ നിസ്സഹായനാണ്, കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് അരമനയാണ് എന്നദ്ദേഹം കൈമലര്‍ത്തി. അരമനയാകട്ടെ മറ്റൊരു കാരണവും പറയാതെ വിവാഹം ഡിസംബറില്‍ നടത്തിയാല്‍ മതിയെന്ന നിലപാട് സ്വീകരിച്ചു.

വിവാഹം എന്നു നടത്തണമെന്ന് തീരുമാനിക്കുന്നത് ഇരുകുടുംബക്കാരുടേയും സൗകര്യങ്ങള്‍ പരിഗണിച്ച് അവര്‍തന്നെയാണ്. ഇതില്‍ മെത്രാനോ വികാരിക്കോ യാതൊരു പങ്കുമില്ല. പുരാതന കാലം മുതല്‍ കത്തോലിക്കാസഭയിലും മറ്റേതൊരു സമുദായത്തിലും നിലനില്‍ക്കുന്ന പാരമ്പര്യവും നിയമവും അതാണ്. എന്നാല്‍ വിവാഹം തടസപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ അരമനകൂടി ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചതോടെ ഇരുകൂടൂംബക്കാരും ബുദ്ധിമുട്ടിലായി. അവസാനം മനോവിഷമത്തോടെ വിവാഹം രജിസ്റ്റര്‍ കച്ചേരിയില്‍ നടത്താന്‍ തീരുമാനിച്ചു.

ഈ അവസരത്തിലാണ് ഇരുകുടുംബക്കാരും എന്നെ സമീപിച്ചത് ഒരു ക്രിസ്ത്യാനി എന്ന നിലയില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം നടത്തേണ്ട അതിപ്രധാനമായ ഒരു സാമൂഹികചടങ്ങാണ് വിവാഹം എന്നും അത് രജിസ്റ്റര്‍ കച്ചേരിയില്‍ നടത്തുന്നത് ശരിയല്ലെന്നും ഞാന്‍ ഉപദേശിച്ചു. അവര്‍ വീണ്ടും വിവാഹക്കുറിയുമായി അരമനയെ സമീപിച്ചെങ്കിലും കനിവുണ്ടായില്ല. ഫറവോന്റെ ഹൃദയംപോലെ അരമനഹൃദയം കഠിനപ്പെടുകയാണുണ്ടായത്.

ഉപ്പുതറയില്‍ നിന്നും പെണ്‍വീട്ടുകാര്‍ എത്തിയിട്ടുണ്ട്. മാത്യുവിന്റെ കുടുംബവും കൂട്ടാളികളുമുണ്ട്. സഭയുടെ നിയമങ്ങള്‍ പ്രകാരമുള്ള കൂദാശപരമായ വിവാഹം നടത്താന്‍ തങ്ങള്‍ സന്നദ്ധരാണെന്ന് അവര്‍ പറയുകയുണ്ടായി. ഈ സാഹചര്യത്തില്‍ പാലായില്‍ എന്റെയൊരു സുഹൃത്തിന്റെ വീടിന്റെ മുറ്റത്ത് ഷെഡ് കെട്ടി ഞാന്‍ സാക്ഷിയായി നിന്ന് സഭാപരമായി ആ വിവാഹം നടത്തി.

ആ അവസരത്തില്‍ ഞാന്‍ അവരോട് ചോദിച്ച ചോദ്യങ്ങളുടേയും ഉത്തരങ്ങളുടേയും പരസ്പരം കൈയൊപ്പിട്ട ശരിപ്പകര്‍പ്പ് താഴെകൊടുക്കുന്നു.

 1. ചോ : നിങ്ങള്‍ കത്തോലിക്ക സഭയിലെ അംഗങ്ങളാണോ?
  ഉ : ആണ്.
 2. ചോ : കത്തോലിക്കാസഭുയടെ വിശ്വാസമനുസരിച്ച് വിവാഹകൂദാശ സ്വീകരിക്കുന്നതിന് നിങ്ങള്‍ ആഗ്രഹിച്ചിരുന്നുവോ?
  ഉ : ആഗ്രഹിച്ചിരുന്നു.
 3. ചോ : കത്തോലിക്കാസഭാ വിശ്വാസമനുസരിച്ച് കൂദാശ സ്വീകരിക്കുന്നതിന് ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് സഭാധികാരികള്‍ക്ക് നിങ്ങള്‍ കത്തുകള്‍ നല്‍കിയിട്ടുണ്ടോ?
  ഉ . ഉണ്ട്.
 4. ചോ : വധുവിന്റെ ഇടവകപള്ളി ഈ വിവാഹത്തിന്റെ ഒത്തുകല്യാണം നടത്തുകയും വിളിച്ചുചൊല്ലുകയും വധുവിന്റെ ഇടവകയില്‍ നിന്ന് വിവാഹക്കുറി ലഭിച്ചത് പാലാ അരമനയില്‍ കൊടുക്കുകയും ചെയ്തിരുന്നോ?
  ഉ : ചെയ്തിരുന്നു.
 5. ചോ : ഈ വിവാഹം പള്ളിയില്‍ നടത്തുവാന്‍ വധുവിന്റെ ഇടവക വികാരി സമ്മതിക്കാതിരുന്നതുകൊണ്ടാണോ ഈ വിവാഹം ഈ ഷെഡ്ഡില്‍ വെച്ച് നടത്തുന്നത്?
  ഉ : അതെ.
 6. ചോ : ഭാവിയില്‍ എന്നെങ്കിലും വൈദികാധികാരം അവരുടെ തെറ്റ് മനസ്സിലാക്കി സഭാനിയമമനുസരിച്ചുള്ള വിവാഹപരമായ കൂദാശ നടത്താന്‍ നിങ്ങളെ ക്ഷണിക്കുന്ന പക്ഷം അതിന് നിങ്ങള്‍ സമ്മതിക്കുമോ?
  ഉ: സമ്മതിക്കും.

പിന്നീട് ഞാന്‍ വിവാഹത്തെ സംബന്ധിച്ചുള്ള വേദപുസ്തകഭാഗങ്ങള്‍ വായിച്ചു. താലികെട്ടും കോടികൊടുക്കല്‍ ചടങ്ങും നടത്തി. വധുവിന്റെയും വരന്റെയും മാതാപിതാക്കളാണ് താലിയും മന്ത്രകോടിയും നല്‍കിയത്.

കത്തോലിക്ക സഭയിലെ കാനോന്‍ നിയമമനുസരിച്ച് സഭയില്‍ നിന്ന് ഔദ്യോഗികമായി പുറന്തള്ളാത്ത ഒരാള്‍ക്കും സഭയിലെ ആചാരങ്ങളും അവകാശങ്ങളും നിഷേധിക്കാനാവില്ല. മാത്യുവിനെ സഭയില്‍ നിന്ന് പുറന്തള്ളുകയോ, നിയമപ്രകാരമുള്ള എന്തെങ്കിലും ശിക്ഷണ നടപടി ക്രമങ്ങള്‍ അയാള്‍ക്കെതിരെ സ്വീകരിക്കുകയോ ചെയ്തിട്ടില്ല.

ഒരു ഇടവകാംഗത്തിന്റെ വിവാഹം നടത്താതിരിക്കണമെങ്കില്‍ അതിനുള്ള കാരണങ്ങള്‍ കാനോന്‍ നിയമത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. അതിലൊന്നും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ എടുത്ത് പറഞ്ഞ് ആ പാര്‍ട്ടിയിലെ അംഗത്തിന് കൂദാശ നിഷേധിക്കണമെന്ന് പറഞ്ഞിട്ടില്ല. ഒരു ഇടവകാംഗം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാണ്. എന്നതുകൊണ്ട് വിവാഹമെന്ന കൂദാശ നിഷേധിക്കാന്‍ മെത്രാനോ വികാരിക്കോ നിയമപരമായ അവകാശമില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഈശ്വരവിശ്വാസിയായിക്കുടെന്ന് ആ പാര്‍ട്ടിയുടെ നിയമാവലിയിലും പറഞ്ഞിട്ടില്ല.

ഒത്തുകല്യാണത്തിനുള്ള കുറി കൊടുക്കുന്നതിന് മുമ്പ് വൈദികന്‍ വരന്റെ വേദപാഠം കേള്‍ക്കുകയും അവന്റെ ആത്മീയകാര്യങ്ങളെക്കുറിച്ച് ഉപദേശിക്കുകയും ചെയ്യേണ്ടതാണ്. മനസ്സമ്മതക്കുറി കൊടുത്ത് കഴിഞ്ഞാല്‍ പിന്നീട് പുരോഹിതന് വിവാഹം നിഷേധിക്കുന്നതിനുള്ള അവകാശമില്ല. കത്തോലിക്ക സഭ നിയമമനുസരിച്ച് ഒരു സഭാംഗത്തിന് വിവാഹം നിഷേധിക്കത്തക്ക യാതൊരു സാഹചര്യങ്ങളും ഇക്കാര്യത്തില്‍ ഉണ്ടായിരുന്നില്ല. പുരോഹിതധികാരം മാത്രമാണ് ഒരു ദലിത് ക്രിസ്ത്യാനിയായ മാത്യുവിന്റെ വിവാഹം മുടക്കുന്നതിന് കാരണമായി നിന്നത്.

ഈ സാഹചര്യത്തില്‍ ഹൃദയ വേദനയോടുകൂടി നിന്ന വധൂവരന്മാരുടെയും മാതാപിതാക്കളുടെയും ബന്ധുമിത്രാദികളുടെയും മധ്യത്തില്‍ നിന്ന് ക്രിസ്തുതന്നെയാണ് ഈ വിവാഹത്തിന് കാര്‍മ്മികത്വം വഹിച്ചത്. കാനായിലെ കല്യാണവിരുന്നിന് വീഞ്ഞ് തീര്‍ന്നുപോയതിനാല്‍ വിവശനായി നിന്ന ഗൃഹനാഥനെ സമാശ്വിസിപ്പിക്കുന്നതിനു വേണ്ടി വെള്ളം വീഞ്ഞാക്കി തന്റെ പ്രഥമ അത്ഭുതം പ്രവര്‍ത്തിച്ച മനുഷ്യനായ യേശു തീര്‍ച്ചയായും ആ വേദനിക്കുന്ന മനുഷ്യരുടെ ഇടയില്‍ ഉണ്ടായിരുന്നു. എന്ന ഉത്തമ ബോധ്യമാണ് വിവാഹാവസരത്തില്‍ പങ്കെടുത്തവരുടെ ഇടയില്‍ സാക്ഷിയായി നിന്ന് അവരെ സമാശ്വസിപ്പിക്കുവാന്‍ എന്നെ പ്രേരിപ്പിച്ചത്.

ഈ വിധം വിവാഹം മുടക്ക് എന്ന പുരോഹിതാധികാരത്തില്‍ മനം നൊന്ത് നിന്ന മനുഷ്യര്‍ക്കിടയില്‍ സാക്ഷിയായി നിന്ന് നടത്തിയ12 കല്യാണങ്ങളില്‍ രണ്ടെണ്ണം പാലായിലും മറ്റുള്ളവ എറണാകുളം അടക്കമുള്ള വിവിധ സ്ഥങ്ങളിലുമാണ്. അത്രയുമായപ്പോഴേക്കും കത്തോലിക്കാസഭ കല്യാണം മുടക്ക് എന്ന കലാപരിപാടി അവസാനിപ്പിച്ചിരുന്നു. പിന്നീട് ജനങ്ങളുടെ വിവാഹം മുടക്കുന്നതിനോ മരിച്ചടക്ക് നിഷേധിക്കുന്നതിനോ കേരള കത്തോലിക്കസഭ ധൈര്യം കാണിച്ചിട്ടില്ല.

കടപ്പാട്- ഇത് എന്റെ വഴി
ജോസഫ് പുലിക്കുന്നേല്‍
ഡിസി ബുക്‌സ്


Share now

Leave a Reply

Your email address will not be published. Required fields are marked *