വീണ്ടും പിന്‍വാതില്‍ നിയമനം: സഹകരണ വകുപ്പിന് കീഴിലുള്ള കേപ്പില്‍ 14 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി സര്‍ക്കാര്‍; റാങ്ക് ലിസ്റ്റ് പത്ത് വര്‍ഷം നീട്ടിയാല്‍ എല്ലാവര്‍ക്കും നിയമനം കിട്ടുമോയെന്ന് സഹകരണമന്ത്രിയുടെ പരിഹാസം; സ്വന്തം മകന് എനര്‍ജി മാനേജ്‌മെന്റില്‍ നിയമനം നല്‍കി സഹകരണ രംഗത്ത് കടകംപള്ളിയുടെ വിപ്ലവം

Share now

തിരുവനന്തപുരം: ജോലിക്കായി പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ സെ്രകട്ടേറിയറ്റിനു മുമ്പില്‍ മുട്ടിലിഴയുമ്പോള്‍ വീണ്ടും പിന്‍വാതില്‍ നിയമനത്തിന് പച്ചക്കൊടി വീശി സര്‍ക്കാര്‍. സഹകരണ വകുപ്പിന് കീഴിലുള്ള കേപ്പിന് (കോപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യുക്കേഷന്‍) വിവിധ സ്ഥാപനങ്ങളില്‍ നിലവില്‍ പത്ത് വര്‍ഷത്തിലധികം ജോലി ചെയ്യുന്ന 14 പേരെ സ്ഥിരപ്പെടുത്താനാണ് തീരുമാനമായിരിക്കുന്നത്. പിന്‍വാതില്‍ നിയമന വിവാദം സര്‍ക്കാരിനെ തിരിഞ്ഞുകൊത്താന്‍ തുടങ്ങിയതോടെ നിയമനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. അതിന് ശേഷമാണ് നിലവില്‍ 14 ജീവനക്കാരെ കൂടി സ്ഥിരപ്പെടുത്തി ഉത്തരവിറക്കിയിരിക്കുന്നത്.

കേപ്പിലെ ഒഴിവുകള്‍ പി.എസ്.സിയുടെ പരിധിയില്‍ വരുന്നതല്ല എന്ന് തൊടുന്യായം ചൂണ്ടിക്കാട്ടിയാണ് സ്ഥിരപ്പെടുത്തല്‍ നടത്തിയിട്ടുള്ളത്. പ്രതിവര്‍ഷം പതിനാറ് ലക്ഷത്തില്‍പ്പരം രൂപയാണ് ഇതിലൂടെ കേപ്പിന് അധികചെലവ് ഉണ്ടാകുന്നത്. 14 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുമ്പോഴാണ് ജോലിക്കായി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ സര്‍ക്കാര്‍ അവഗണിക്കുന്നത്. ഇതിനിടെ പിന്‍വാതില്‍ നിയമനതത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനോട് പരാതിപ്പെടാനെത്തിയ ഉദ്യേഗാര്‍ത്ഥികളെ മന്ത്രി അധിക്ഷേപിച്ചുവെന്ന് ഉദ്യോഗാര്‍ത്ഥികളുടെ നേതാവായ ലയ രാജേഷ് വ്യക്തമാക്കി. പത്തുവര്‍ഷത്തേക്ക് റാങ്ക് ലിസ്റ്റ് നീട്ടിയാല്‍ എല്ലാവര്‍ക്കും ജോലി കിട്ടുമോയെന്ന് ഉറപ്പുണ്ടോയെന്നായിരുന്നു മന്ത്രിയുടെ ചോദ്യം.

ഇത്തരത്തില്‍ ഉദ്യേഗാര്‍ത്ഥികളെ അവഹേളിച്ച മന്ത്രി കടകംപള്ളിയുടെ മകന്‍ സര്‍ക്കാരിന്റെ കീഴിലുള്ള എനര്‍ജി മാനേജ്മെന്റില്‍ പിന്‍വാതില്‍ നിയമനം നേടിയിരുന്നു. എനര്‍ജി ടെക്നോളജിസ്റ്റ് ബി ഗ്രേഡിലാണ് ഇയാള്‍ക്ക് നിയമനം ലഭിച്ചിരിക്കുന്നത്. പരിചയ സമ്പന്നരായ ഉദ്യോഗാര്‍ത്ഥികളെ പിന്തള്ളിയാണ് മന്ത്രി പുത്രന് നിയമനം ലഭിച്ചത്. മന്ത്രി പുത്രനേക്കാള്‍ യോഗ്യതയും പരിചയസമ്പത്തുമുള്ളവരെ അഭിമുഖത്തിന് പോലും വിളിച്ചില്ലെന്നാണ് അറിയുന്നത്. ഈ സ്ഥാപനത്തിലെ നിയമനങ്ങളെല്ലാം പി.എസ്.സിക്ക് വിട്ടുകൊണ്ട് സര്‍ക്കാര്‍ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ വര്‍ഷം അവസാനം അനൂപിനെ ജോലിയിലെടുത്തത്. താല്‍ക്കാലിക നിയമനമാണെങ്കില്‍ എംപ്ലോയിമെന്റ് എക്സ്ചേഞ്ച് വഴിയായിരുന്നു നിയമിക്കേണ്ടിയിരുന്നത്. എന്നാലിവിടെ അനൂപിനെ അഞ്ച് വര്‍ഷത്തേക്കാണ് നിയമിച്ചിരിക്കുന്നത്. ഭാവിയില്‍ സ്ഥിരനിയമനം തരമാക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ നിയമിച്ചിരിക്കുന്നത്.

സിപിഎം നേതാക്കളുടെ മക്കളെയും സ്വന്തക്കാരെയും കിഫ്ബി, കിന്‍ഫ്ര, കെ.എസ്.ഡി.പി, വിഴിഞ്ഞം പോര്‍ട്ട് എന്നിവിടങ്ങളില്‍ തിരുകി കയറ്റുന്നതായി ആരോപണമുണ്ട്. ഇതിനു പുറമേ സി.പി.എം – ഡി.വൈ.എഫ്.ഐ നേതാക്കളുടെ ഭാര്യമാരെ വിവിധ സര്‍വ്വകലാശാലകളില്‍ നിയമിച്ചതും വിവാദമായിരുന്നു. ഇത്തരത്തില്‍ പിന്‍വാതില്‍ നിയമനം തകൃതിയായി നടക്കുന്നതിനിടെ ഉദ്യോഗാര്‍ത്ഥികളുടെ സമരം അവസാനിപ്പിക്കാന്‍ മന്ത്രിമാര്‍ ഇടപെട്ടില്ല എന്നതും ശ്രദ്ധേയമാണ്.


Share now