‘ വര്‍ഗീയത വേണ്ട(ബന്ധുക്കള്‍ക്ക്)ജോലി മതി’: കായിക വകുപ്പില്‍ സ്ഥിരപ്പെടുത്തിയത് 42 പേരെ; പിന്‍വാതില്‍ നിയമനം നിര്‍ത്തുമെന്ന മന്ത്രിസഭയുടെ പ്രഖ്യാപനം അറബിക്കടലില്‍; ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ അവഹേളിച്ചും പുച്ഛിച്ചും ഇടതുപക്ഷം

Share now

തിരുവനന്തപുരം: റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റ് നടയില്‍ ജോലിക്കായി നിരാഹാരം നടത്തുമ്പോള്‍ ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ അവഹേളിച്ച വ്യവസായ മന്ത്രി ഇ.പി ജയരാജന്റെ ചുമതലയുള്ള കായിക വകുപ്പില്‍ വീണ്ടും 42 പേരെ സ്ഥിരപ്പെടുത്തി ഉത്തരവിങ്ങി. കരാര്‍, ദിവസവേതനക്കാര്‍ക്ക് പുതിയ തസ്തിക സൃഷ്ടിച്ചാണ് കായിക യുവജനകാര്യ വകുപ്പ് സ്ഥിരനിയമനം നല്‍കിയത്.

സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലിക്കായി ദേശീയ ഗെയിംസില്‍ പങ്കെടുത്ത് മെഡല്‍ നേടിയ കായികതാരങ്ങള്‍ സമരം നടത്തുേമ്പാഴാണ് പിന്‍വാതിലിലൂടെ 42 പേര്‍ക്ക് നിയമനം നല്‍കിയത്. താല്‍ക്കാലിക നിയമനങ്ങള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനം വന്നതിന് തൊട്ടു പിന്നാലെയാണ് കൂട്ട സ്ഥിരപ്പെടുത്തല്‍ വീണ്ടും അരങ്ങേറുന്നത്. യുവജനക്ഷേമ ബോര്‍ഡില്‍ ഇതു 16 േപര്‍ക്കാണ് പുതിയ തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കിയത്. ശേഷിക്കുന്ന 21 പേരെയും സ്ഥിരപ്പെടുത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

ഇതിനെല്ലാം പുറമേ തിരുവനന്തപുരത്തെ ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ജോലി ചെയ്യുന്ന അഞ്ച് പേരെയും സ്ഥിരപ്പെടുത്തി. സ്‌റ്റേഡിയം മാര്‍ക്കര്‍ -2, അറ്റന്‍ഡര്‍-2, ഇലക്ട്രീഷ്യന്‍- 1 എന്നിങ്ങനെയുള്ള സ്ഥിരപ്പെടുത്തല്‍ ഉത്തരവ് ഫെബ്രുവരി 19നാണ് പുറത്തിറങ്ങിയത്. മറ്റ് ഉത്തരവുകള്‍ ഫെബ്രുവരി 17നും പുറത്തിറങ്ങി. സ്ഥിരപ്പെടുത്തലിന് ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കാനുള്ള നിര്‍ദ്ദേശം നല്‍കാന്‍ യുവജനക്ഷേമ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.


Share now