ബംഗളൂരുവില്‍ കര്‍ഷക വിരുദ്ധ നിയമത്തിനെതിരെ കോണ്‍ഗ്രസിന്റെ വമ്പന്‍ റാലി; ബിജെപി സര്‍ക്കാരിന് താക്കീതായി രാജ് ഭവന്‍ ചലോ മാര്‍ച്ച്

Share now

ബംഗളൂരു: കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബംഗളൂരുവില്‍ കോണ്‍ഗ്രസിന്റെ വമ്പന്‍ റാലി. കര്‍ഷകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും അണിനിരന്ന ‘രാജ് ഭവന്‍ ചലോ’ മാര്‍ച്ച് ബിജെപി സര്‍ക്കാറിന് താക്കീതായി. ബുധനാഴ്ച രാവിലെയോടെ കെ.എസ്.ആര്‍ ബംഗളൂരു സിറ്റി റെയില്‍വേസ്‌റ്റേഷന്‍ പരിസരത്ത് ഒത്തുചേര്‍ന്ന സമരക്കാര്‍ ഫ്രീഡം പാര്‍ക്കിലേക്ക് നീങ്ങി. കര്‍ഷകരെ ദ്രോഹിക്കുന്ന മൂന്ന് വിവാദ നിയമങ്ങളും പിന്‍വലിക്കണമെന്നാണ് കോണ്‍ഗ്രസുകാരുടെ ആവശ്യം . സമരക്കാരെ പലയിടങ്ങളിലായി പൊലീസ് തടഞ്ഞു. ഇതോടെ നഗരകേന്ദ്രത്തിലെ മിക്കറോഡുകളിലും ഗതാഗതം തടസ്സപ്പെട്ടു. സഞ്ചാരം നിലച്ചതോടെ വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു.

കെ.പി.സി.സി അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, മുന്‍ ഉപമുഖ്യമന്ത്രി ജി. പരമേശ്വര, രാജ്യസഭ എം.പി. മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവര്‍ പ്രതിഷേധ റാലിക്ക് നേതൃത്വം നല്‍കി. കര്‍ഷകരെ പൊലീസിനെ ഉപയോഗിച്ച് യെദിയൂരപ്പ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്ന് ഫ്രീഡം പാര്‍ക്കില്‍ പ്രതിഷേധത്തെ അഭിസംബോധന ചെയ്ത് ഡി.കെ. ശിവകുമാര്‍ പറഞ്ഞു. പൊലീസിനെ ദുരുപയോഗം ചെയ്ത് കര്‍ഷകരുടെ ശബ്ദം ഇല്ലാതാക്കാനാണ് ശ്രമം. രാജ്ഭവന്‍ ചലോ പ്രതിഷേധത്തിനായി ബംഗളൂരുവിലെത്താനിരുന്ന നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും കര്‍ഷകരെയുമാണ് പൊലീസ് പലയിടങ്ങളിലായി തടഞ്ഞത്. ചൊവ്വാഴ്ച രാത്രിയും ഇത്തരം ശ്രമംനടന്നതായും എന്നാല്‍, പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ ജീവരക്തമാണെന്ന് ശിവകുമാര്‍ ചൂണ്ടിക്കാട്ടി. ബംഗളൂരു നഗരത്തില്‍ പ്രവേശിക്കുന്നത് പൊലീസ് തടഞ്ഞാല്‍ അവിടെ കുത്തിയിരുന്ന് പ്രതിഷേധിക്കാന്‍ അദ്ദേഹം കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും കര്‍ഷകരോടും ആഹ്വാനം ചെയ്തു.

കോണ്‍ഗ്രസ് കര്‍ഷകര്‍ക്കൊപ്പമുണ്ടാവുമെന്നും വിവാദ നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്നും സിദ്ധരാമയ്യ പറഞ്ഞു. യെദിയൂരപ്പ പച്ച ഷാള്‍ ധരിച്ച്, കര്‍ഷകരെ സേവിക്കാനാണ് ജീവിക്കുന്നതെന്ന് പറയുന്നു. ഷാള്‍ ധരിച്ചതുകൊണ്ടു മാത്രമായില്ല. മൂന്നു നിയമങ്ങളും പിന്‍വലിക്കാനാണ് അവര്‍ ആവശ്യപ്പെടുന്നത്. അവരുടെ ആഗ്രഹം പൂര്‍ത്തീകരിക്കുന്നതുവരെ കോണ്‍ഗ്രസ് കൂടെയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്ഭവനിലേക്കുള്ള മാര്‍ച്ചിന് പൊലീസ് നേരത്തേ അനുമതി നിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഡി.കെ. ശിവകുമാര്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജി. പരമേശ്വര, എച്ച്.കെ. പാട്ടീല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ബുധനാഴ്ച വൈകീട്ടോടെ നേതാക്കള്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ വാജുഭായി വാലയെ കണ്ടു. കര്‍ഷകരെ ദ്രോഹിക്കുന്ന മൂന്ന് വിവാദ നിയമങ്ങളും പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നിവേദനത്തില്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടു.


Share now