20,913 കോവിഡ് മരണങ്ങള്‍ പൂഴ്ത്തിവെച്ച് സര്‍ക്കാര്‍; സര്‍ക്കാരിന്‍റെ കള്ളക്കളി പുറത്തുകൊണ്ടുവരാന്‍ ജനകീയ ക്യാമ്പയിന്‍ പ്രഖ്യാപിച്ച് ബെന്നി ബെഹനാന്‍

Share now

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം സര്‍ക്കാര്‍ അതിഭീകരമായി പൂഴ്ത്തിവയ്ക്കുകയാണെന്ന് ബെന്നി ബെഹനാന്‍ എം.പി ആരോപിച്ചു. 20,913 മരണങ്ങളാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ പൂഴ്ത്തിവച്ചത്. കൊവിഡിനെ പിടിച്ചുകെട്ടിയെന്ന് അവകാശപ്പെടുമ്പോള്‍ പ്രതിരോധത്തില്‍ എവിടെ എത്തി എന്നതിന്റെ നേര്‍സാക്ഷ്യമാണ് പുറത്തുവരുന്ന കണക്കുകളെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ പൂഴ്ത്തിവച്ച കൊവിഡ് മരണ കണക്കുകള്‍ പുറത്തുകൊണ്ടുവരാന്‍ ജനകീയ ക്യാമ്പയിന്‍ ആരംഭിക്കുകയാണെന്നും എം.പി പറഞ്ഞു.

കൊവിഡ് ആദ്യതരംഗം ഉണ്ടാകും മുന്‍പ് തന്നെ കൊവിഡിനെ പിടിച്ചു കെട്ടി എന്ന രാഷ്ട്രീയ പ്രചാരണമാണ് പിണറായി സര്‍ക്കാര്‍ നടത്തിയത്. നാല്‍പ്പത്തിയൊന്നോളം ദേശീയ മാധ്യമങ്ങളിലൂടെയാണ് സര്‍ക്കാര്‍ ഇത്തരം പ്രചാരണം നടത്തിയത്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. ഇന്നലെ (ജൂലൈ 15) വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ആഗോളതലത്തിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചും കേരളത്തില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് കേരളം. 61,81,247 കേസുകളുമായി മഹാരാഷ്ട്ര ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 31,03,310 കേസുകളുമായി കേരളം രണ്ടാം സ്ഥാനത്താണ്.

ഇന്ത്യയിലെ 3,09,86,807 കേസുകളില്‍ പത്ത് ശതമാനവും കേരളത്തിലാണ്. ഇന്ത്യയിലെ ജനസംഖ്യയുടെ 4 ശതമാനം മാത്രമുള്ള കേരളത്തിലാണ് പത്ത് ശതമാനം ആക്റ്റീവ് കേസുകള്‍. ജൂലൈ 15 ലെ കണക്കനുസരിച്ച് 41,751 കേസുകളാണ് ദേശീയതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കേരളത്തില്‍ മാത്രം ഇത് 15,637 ആണ്. ഇന്ത്യയിലെ ആകെ ആക്റ്റീവ് കേസുകളില്‍ 37.4 ശതമാനവും ജനസംഖ്യയുടെ 4 ശതമാനം മാത്രമുള്ള കേരളത്തില്‍ ആണെന്നത് ഞെട്ടിക്കുന്നതാണ്.

മരണനിരക്കിലും കേരളം മുന്നിലാണ്. 4,12,019 മരണങ്ങള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 14,938 മരണങ്ങളാണ് കേരളത്തിലെ സര്‍ക്കാര്‍ കണക്ക്. 2021 മെയ് 19 മുതല്‍ പ്രതിദിന മരണം നൂറില്‍ കൂടുതലാണ്. ഇതിനു ശേഷം നാല് ദിവസം മാത്രമാണ് മരണം നൂറില്‍ താഴെ എത്തിയത്. ജൂണ്‍ 1 മുതല്‍ ജൂലൈ 13 വരെ ആറ് ദിവസത്തോളം 200 ല്‍ കൂടുതലായിരുന്നു പ്രതിദിന മരണം. ജൂണ്‍ ആറിനാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 227. തമിഴ്നാട്ടില്‍ ജൂണ്‍ 1 മുതല്‍ 10 വരെ ശരാശരി 394 മരണങ്ങളാണ് നടന്നത്. ജൂലൈ 5 മുതല്‍ 13 വരെ ഇത് 57 മരണങ്ങളായി കുറഞ്ഞു. ഇതേ കാലഘട്ടത്തില്‍ കേരളത്തില്‍ 182 മരണങ്ങള്‍ 122 മാത്രമായാണ് കുറഞ്ഞത്. ജൂലൈ 7 മുതല്‍ 13 വരെയുള്ള ദിവസങ്ങളില്‍ തമിഴ്നാട്ടില്‍ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍) രണ്ട് ശതമാനവും മഹാരാഷ്ട്രയില്‍ 4 ശതമാനവും ആയിരുന്നു. എന്നാല്‍ കേരളത്തില്‍ ഇത് 10 ശതമാനത്തിനു മുകളിലാണ്. ഇന്ത്യയിലാകെ ഇതേ കാലയളവില്‍ 2.3 ശതമാനം മാത്രമാണ് ടി.പി.ആര്‍.

ആഗോളതലത്തില്‍ ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് അമേരിക്കാസില്‍ (ദക്ഷിണ,ഉത്തര അമേരിക്ക) ജൂണ്‍ 7 ന് 31,904 മരണങ്ങള്‍ ഉണ്ടായിരുന്നത് ജൂലൈ 12 ആയപ്പോഴേക്കും 11,569 ആയി കുറഞ്ഞു. ഇതേ കാലയളവില്‍ യൂറോപ്പില്‍ 7314 ല്‍ നിന്ന് 3012 ആയും ദക്ഷിണ-പൂര്‍വ ഏഷ്യയില്‍ 26,324 ല്‍ നിന്ന് 7,470 ആയും കുറഞ്ഞു. ഇതേ കാലയളവില്‍ അമേരിക്കാസില്‍ 11,48,965 കേസുകളില്‍ നിന്ന് 4,72,228 കേസുകളായും യൂറോപ്പില്‍ 3,44,599 കേസുകളില്‍ നിന്ന് 3,20,671 ആയും ദക്ഷിണ പൂര്‍വ ഏഷ്യയില്‍ 7,63,305 ല്‍ നിന്ന് 7,12,210 ആയും കുറഞ്ഞപ്പോള്‍ ഇന്ത്യയിലെ 29 സംസ്ഥാനങ്ങളില്‍ ഒന്ന് മാത്രമായ കേരളത്തില്‍ മാത്രം കേസുകള്‍ കൂടുകയാണ്.

കേരളത്തില്‍ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം സര്‍ക്കാര്‍ പൂഴ്ത്തിവെയ്ക്കുകയാണ്. ആരോഗ്യ വിദഗ്ധരുടെ കണക്ക് പ്രകാരം സര്‍ക്കാര്‍ പറയുന്നതിനേക്കാള്‍ മൂന്നിരട്ടിയാണ് കോവിഡ് മരണം. 2021 മെയ് മാസത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ കണക്ക് പ്രകാരം 4,395 കോവിഡ് മരണങ്ങളാണ് നടന്നത്. എന്നാല്‍ ഇതേ മാസം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കണക്ക് പ്രകാരം മരണ സംഖ്യ 10,602 ആണ്. അതായത് 2.4 ഇരട്ടി കൂടുതല്‍.

മെയ് 2021 ല്‍ ഇടുക്കി ജില്ലയില്‍ 40 മരണങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ പട്ടികയിലുള്ളത്. എന്നാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്ക് പ്രകാരം 278 കൊവിഡ് മരണങ്ങളാണ് നടന്നത്. അതായത് സര്‍ക്കാര്‍ കണക്കിനേക്കാള്‍ 6.9 ഇരട്ടി. കോട്ടയം ജില്ലയില്‍ സര്‍ക്കാര്‍ കണക്ക് പ്രകാരം 173 മരണങ്ങളും തദ്ദേശ സ്ഥാപനങ്ങളുടെ കണക്കനുസരിച്ച് ഇത് 895 മാണ്. സര്‍ക്കാര്‍ കണക്കിനേക്കാള്‍ 5.17 ഇരട്ടിയാണിത്.കാസര്‍ഗോഡ് സര്‍ക്കാര്‍ കണക്കനുസരിച്ച് 39 മരണങ്ങളും യഥാര്‍ഥ കണക്ക് 143 മാണ്. 3.67 ഇരട്ടിയാണ് വ്യത്യാസം. കൊല്ലം ജില്ലയില്‍ സര്‍ക്കാര്‍ കണക്കനുസരിച്ച് 187 മരണങ്ങള്‍ മാത്രം നടന്നപ്പോള്‍ തദ്ദേശ സ്ഥാപനങ്ങളുടെ കണക്കനുസരിച്ച് 821 മരണങ്ങളാണ് നടന്നത്, 3.67 ഇരട്ടി വ്യത്യാസം. എല്ലാ ജില്ലകളിലും കണക്കുകളില്‍ തിരിമറി നടന്നിട്ടുണ്ട്. 35,851 കൊവിഡ് മരണങ്ങള്‍ നടന്നപ്പോഴാണു സര്‍ക്കാര്‍ കണക്കില്‍ ഇത് 14938 ആയി കുറഞ്ഞത്. ഈ കള്ളക്കളിക്ക് സര്‍ക്കാര്‍ മറുപടി പറയണം.

കൊവിഡ് മരണങ്ങള്‍ സംബന്ധിച്ച് ഐസിഎംആര്‍, ലോകാരോഗ്യ സംഘടന എന്നിവയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ കണക്ക് തയാറാക്കുന്നത്. കോവിഡാനന്തര മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. മാരകമായ ഒരു പുതിയ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ അതിന്റെ പ്രഹരശേഷി എത്രത്തോളമുണ്ടെന്ന് മനസിലാക്കണമെങ്കില്‍ മരണങ്ങള്‍ എത്ര നടന്നു എന്നതിന് കൃത്യമായ കണക്കുകള്‍ വേണം. രോഗം ഏത് അവയവങ്ങളെ ബാധിക്കുന്നു, ഏത് പ്രായക്കാരെയാണ് ബാധിക്കുന്നത് എന്നതൊക്കെ മനസ്സിലാകണമെങ്കില്‍ ശരിയായ മരണത്തെ കുറിച്ചുള്ള കൃത്യമായ കണക്കുകള്‍ അനിവാര്യമാണ്. അത് കൊണ്ടാണ് ഐസിഎംആറും ഡബ്‌ള്യു എച്ച് ഒയും കൃത്യവും വിപുലവുമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ചികിത്സിക്കുന്ന ഡോക്ടറാണ് മരണം സാക്ഷ്യപ്പെടുത്തേണ്ടത്. എന്നാല്‍ ഇവിടെ ഡെത്ത് ഓഡിറ്റ് കമ്മിറ്റി ആണ് മരണം കണക്കാക്കുന്നത്. പ്രതിഷേധങ്ങള്‍ ശക്തമായതോടെ ഇതില്‍ മാറ്റം വരുത്തുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും ഇത് ജില്ലാ തലത്തിലേക്ക് മാറ്റുകയാണ് ചെയ്തത്.

ജൂലൈ 3 മുതലാണ് കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയത്. ഇതിലും കള്ളക്കളിയുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് മരണങ്ങളുടെ സംഗ്രഹം എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നതെങ്കിലും പഴയ മരണങ്ങള്‍ തിരുകികയറ്റിയാണ് പട്ടിക പുറത്തുവിടുന്നത്. ആദ്യ ദിവസം (ജൂലൈ 3) പുറത്തുവിട്ട പട്ടികയില്‍ 33 ശതമാനവും പഴയ മരണം തിരുകികയറ്റിയതാണ്. ഒട്ടുമിക്ക ദിവസങ്ങളിലും ഇത് തന്നെയാണ് സ്ഥിതി. ഇന്നലെ (ജൂലൈ 15) പുറത്തുവിട്ട കണക്കിലും പഴയ മരണങ്ങള്‍ തിരുകി കയറ്റിയിട്ടുണ്ടെന്ന് ബെന്നി ബെഹനാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
.


Share now