കർഷക സമരം; കർഷക താത്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ താത്പര്യമില്ല; സുപ്രീംകോടതി നിയോഗിച്ച സമിതിയില്‍ നിന്ന് ഭൂപീന്ദര്‍ സിങ് മന്‍ പിന്മാറി

Share now

ന്യൂഡൽഹി: കര്‍ഷകസമരത്തിന് പരിഹാരം കാണാന്‍ സുപ്രീംകോടതി നിയോഗിച്ച നാലംഗ സമിതിയില്‍ നിന്ന് ഭൂപീന്ദര്‍ സിങ് മന്‍ പിന്‍മാറി. കര്‍ഷക താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ താത്പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചാബിന്റെയോ കര്‍ഷകരുടെയോ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു. സുപ്രീംകോടതി നിയോഗിച്ച സമിതി അംഗങ്ങൾ നിയമങ്ങൾക്ക് അനുകൂലമായി നിലപാടെടുത്തവരാണെന്നും അതിനാൽ ചർച്ചയ്ക്കില്ലെന്നും കർഷക നേതാക്കൾ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഒരു കർഷകനെന്ന നിലയിലും യൂണിയൻ നേതാവെന്ന നിലയിലും കര്‍ഷക സംഘടനകളിലും പൊതുജനങ്ങളിലും പൊതുവെ നിലനില്‍ക്കുന്ന വികാരങ്ങളും ആശങ്കകളും കണക്കിലെടുത്ത് പഞ്ചാബിന്റെയും കര്‍ഷകരുടേയും താത്പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കാന്‍ വേണ്ടി ഈ സ്‌ഥാനത്ത് നിന്ന് രാജി വയ്ക്കുകയാണെന്ന് പ്രസ്താവനയിൽ പറഞ്ഞു.

ഭൂപീന്ദര്‍ സിങ് മന്‍ കഴിഞ്ഞമാസം ഒരു സംഘവുമായി കേന്ദ്ര കൃഷിമന്ത്രിയെ കണ്ട് ചില ഭേദഗതികളോടെ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.  ഭാരതീയ കിസാന്‍ യൂണിയന്‍, അഖിലേന്ത്യാ കിസാന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി എന്നിവയുടെ ദേശീയ പ്രസിഡന്റാണ് ഭൂപീന്ദര്‍ സിങ് മന്‍. ഇദ്ദേഹമടക്കം സുപ്രീംകോടതി രൂപീകരിച്ച സമതിയിലെ നാല് പേരും പുതിയ കാര്‍ഷിക നിയമങ്ങളെ അനുകൂലിക്കുന്നവരാണെന്ന് കര്‍ഷകര്‍ ആരോപിച്ചിരുന്നു. സമിതിയുമായി സഹകരിക്കില്ലെന്ന് സമരംചെയ്യുന്ന കര്‍ഷക സംഘടനകള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇന്റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സൗത്ത് ഏഷ്യാ ഡയറക്ടറും കാര്‍ഷിക സാമ്പത്തിക വിദഗ്ധനുമായ ഡോ. പ്രമോദ് കുമാര്‍ ജോഷി, കാര്‍ഷിക സാമ്പത്തിക വിദഗ്ധന്‍ അശോക് ഗുലാത്തി, ഷേത്കാരി സംഘടനയുടെ പ്രസിഡന്റ് അനില്‍ ഘന്‍വാത് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. പുതിയ കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് കർഷകരുടെ പ്രതിഷേധം കണക്കിലെടുത്ത് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. തുടർന്നാണ് കർഷകരുടെ പ്രശ്‌നങ്ങൾ പഠിക്കാൻ നാലംഗ സമിതിയെ നിയോഗിച്ചത്.


Share now