ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു: വോട്ടെടുപ്പ് ഒക്ടോബര്‍ 28, നവംബര്‍ 3, ഏഴ് തീയതികളില്‍, പോളിംഗ് സമയം ഒരു മണിക്കൂര്‍ കൂട്ടി

Share now

പാറ്റ്‌ന: ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണന്‍. മൂന്ന് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പ് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പൂര്‍ത്തിയാക്കുക. ഒക്ടോബര്‍ 28, നവംബര്‍ 3, നംവബര്‍ ഏഴ് എന്നിങ്ങനെ മൂന്ന് ദിവസമായിട്ടായിരിക്കും തെരഞ്ഞെടുപ്പ്.

ക്വാറന്റൈനില്‍ കഴിയുന്ന വോട്ടര്‍മാര്‍ക്കും തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ അവസരം ഉണ്ടാവും. വിവിധ ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ അവസാനദിവസമായിരിക്കും നിരീക്ഷണത്തിലുള്ള വോട്ടര്‍മാരുടെ പോളിംഗ്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പോളിംഗ് സമയം ദീര്‍ഘിപ്പിച്ചിട്ടുണ്ട്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാവും പോളിംഗ് സമയം.

സാധാരണഗതിയില്‍ ഇത് വൈകിട്ട് അഞ്ച് വരെയാണ് ഒരു മണിക്കൂറാണ് പോളിംഗ് സമയം കൂട്ടിയിരിക്കുന്നത്. അതേസമയം നക്‌സല്‍ ബാധിത മേഖലകളില്‍ ഈ അധികസമയം അനുവദിക്കില്ലെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. നിലവിലെ ബീഹാര്‍ നിയമസഭയുടെ കാലാവധി നവംബര്‍ 29-നാണ് അവസാനിക്കുന്നത്. 243 അംഗ നിയമസഭയില്‍ 38 സീറ്റുകള്‍ പട്ടികജാതി വിഭാഗത്തിനും രണ്ട് സീറ്റുകള്‍ പട്ടികവിഭാഗത്തിനായുമായി സംവരണം ചെയ്യപ്പെട്ടതാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ ബീഹാറില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

കൊവിഡിനെ നേരിടുന്നതിനൊപ്പം തന്നെ ജനാധിപത്യവും തന്നെ സംരക്ഷിക്കണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മാസങ്ങള്‍ പിന്നിട്ടിട്ടും കൊവിഡ് 19ന്റെ വ്യാപനം കുറയുന്നില്ല. വോട്ടര്‍മാരുടെ ജനാധിപത്യ അവകാശം സംരക്ഷിക്കുന്നതോടൊപ്പം അവരുടെ ആരോ?ഗ്യവും സുരക്ഷയും കാത്തുസൂക്ഷിക്കാനും കൂടി നമ്മള്‍ ബാധ്യസ്ഥരാണ്.

ഏഴ് ലക്ഷം യൂണിറ്റ് സാനിറ്റൈസര്‍, 46 ലക്ഷം മാസ്‌കുകള്‍, ആറ് ലക്ഷം പിപിഇ കിറ്റുകള്‍, 6.7 ലക്ഷം ഫേസ് ഷില്‍ഡുകള്‍, 23 ലക്ഷം ഹാന്‍ഡ് ഗ്ലൗസുകള്‍ എന്നിവ ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്. ഇതോടൊപ്പം ഒറ്റത്തവണ ഉപയോഗിക്കുന്ന 7.2 കോടി ഹാന്‍ഡ് ഗ്ലൗസുകളും വോട്ടര്‍മാര്‍ക്കായി വിതരണം ചെയ്യുമെന്നും സുനില്‍ അറോറ അറിയിച്ചു.


Share now