ഇതൊരു ആരംഭം മാത്രം.. തമിഴ്‌നാട്ടില്‍ ബിജെപിക്ക് തിരിച്ചടിനല്കി നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസില്‍ ചേര്‍ന്നു

Share now

ചെന്നൈ: കാരക്കുടി, സക്കോട്ടൈ എന്നീ പ്രദേശങ്ങളിലെയും മറ്റിടങ്ങളിലെയും മുതിര്‍ന്ന ബിജെപി നേതാക്കളും ഭാരവാഹികളും പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കാര്‍ത്തി ചിദംബരം എംപിയുടെയും എംഎല്‍എമാരുടെയും സാന്നിദ്ധ്യത്തിലാണ് ഇവര്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.

ഇതൊരു ആരംഭം മാത്രമാണ്. ഇനിയും നിരവധി നേതാക്കളും ഭാരവാഹികളും ബിജെപിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസിലേക്ക് വരുമെന്ന് കാര്‍ത്തി ചിദംബരം പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിനെ യൂണിയന്‍ സര്‍ക്കാര്‍ എന്ന് വിളിക്കുന്നതില്‍ അസ്വാഭാവികതയൊന്നുമില്ലെന്നും കാര്‍ത്തി ചിദംബരം പറഞ്ഞു. മന്ത്രിമാരെ യൂണിയന്‍ മിനിസ്റ്റേഴ്‌സ് എന്നും യൂണിയന്‍ കാബിനറ്റ് എന്നൊക്കെ പറയാറുണ്ട്. അത് കൊണ്ട് കേന്ദ്ര മന്ത്രിസഭയെ യൂണിയന്‍ ഗവണ്‍മെന്റ് എന്ന് വിളിക്കുന്നതില്‍ അസ്വഭാവികതയൊന്നും ഇല്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

എംകെ സ്റ്റാലിന്‍ മുഖ്യമന്ത്രിയായി ഡിഎംകെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഒന്‍ഡ്രിയ അരസ്(യൂണിയന്‍ ഗവണ്‍മെന്റ്) എന്ന വാക്ക് തിരിച്ചു വന്ന സാഹചര്യത്തിലാണ് കാര്‍ത്തി ചിദംബരത്തിന്റെ പ്രതികരണം. സര്‍ക്കാര്‍ ഉത്തരവുകളിലും കൗണ്‍സില്‍ യോഗങ്ങളിലും വാര്‍ത്താ സമ്മേളനങ്ങളിലും ഒന്‍ഡ്രിയ അരസ് എന്ന വാക്കാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.

ഒന്‍ഡ്രിയ അരസ് എന്ന വാക്കിന് അതിന്റേതായ ചരിത്ര പശ്ചാത്തലമുണ്ട്. മുന്‍ മുഖ്യമന്ത്രിമാരായ അണ്ണാദുരൈയും കരുണാനാധിയും ഈ വാക്കാണ് ഉപയോഗിച്ചിരുന്നത്. പിന്നീടാണ് ഒന്‍ഡ്രിയ അരസ് മാറി മാത്തിയ അരസ്( കേന്ദ്രസര്‍ക്കാര്‍) എന്ന വാക്കിലേക്ക് മാറിയത്.

ഒന്‍ഡ്രിയ അരസ് എന്ന വാക്ക് പ്രയോഗം മറ്റൊരു രാഷ്ട്രീയ വാക്പോരിന് ഇടയാക്കിയിരിക്കുകയാണ്. ഈയടുത്ത് തമിഴ്നാട് ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തപ്പോള്‍ ഒന്‍ഡ്രിയ അരസ് എന്നാണ് ഉപയോഗിച്ചത്.

ഒന്‍ഡ്രിയ അരസ്(യൂണിയന്‍ ഗവണ്‍മെന്റ്) എന്ന വാക്കിന്റെ അര്‍ത്ഥം സംസ്ഥാനങ്ങളുടെ യൂണിയന്‍ എന്നാണ്. ഡിഎംകെ സര്‍ക്കാര്‍ ഈ വാക്ക് ഉപയോഗിക്കാന്‍ കാരണം അവര്‍ കരുതുന്നത് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ പരമാധികാരിയല്ല എന്നതാണ്. അതേ പോലെ കേന്ദ്രസര്‍ക്കാരിന് എല്ലാ കാര്യങ്ങളിലും ഉള്ള അവകാശവും സംസ്ഥാനങ്ങള്‍ക്കുമുണ്ടെന്നാണ്. ഡിഎംകെ സര്‍ക്കാരിന്റെ ഒന്‍ഡ്രിയ അരസ് പ്രയോഗം ബിജെപി നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്.


Share now