ബ്രൂവറി അഴിമതി ഇടപാടിലൂടെ വിവാദത്തിലായ കണ്ണൂര്‍ സ്വദേശികളുടെ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍; പിണറായിയിലെ 16 ഏക്കറോളം ഭൂമി ഏറ്റെടുക്കുന്നത് 40 കോടി നല്‍കി

Share now

പിണറായി ജൈവ വൈവിധ്യ പാര്‍ക്കിന് ഭൂമി ഏറ്റെടുക്കാന്‍ 100 കോടി ആവശ്യമില്ലെന്നും പുനര്‍നിര്‍ണയിച്ച വില പ്രകാരം 50 കോടി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടുള്ള തഹസീല്‍ദാരുടെ കത്ത്

കോഴിക്കോട്: 2018ല്‍ ഇടതു സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ ബ്രൂവറി അഴിമതി വിവാദത്തിലെ കേന്ദ്ര സ്ഥാനത്തുണ്ടായിരുന്ന കുടുംബത്തിന്റെ ഭൂമി കോടികള്‍ നല്‍കി ഏറ്റെടുക്കാന്‍ ഒരുങ്ങി ഇടതു സര്‍ക്കാര്‍. പിണറായിയിലെ 16 ഏക്കറോളം ഭൂമിയാണ് 40,51,09,366 രൂപ നല്‍കി ഏറ്റെടുക്കുന്നത്.പിണറായി ബയോ ഡൈവേഴ്‌സിറ്റി പാര്‍ക്ക്, സിവില്‍ സര്‍വീസ് റസിഡന്‍ഷ്യല്‍ കോംപ്ലക്‌സ്, ഫയര്‍ സ്റ്റേഷന്‍, പൊലീസ് സ്റ്റേഷന്‍ എന്നിവ ഉള്‍പ്പെടുന്ന ഹബ് നിര്‍മിക്കാനെന്ന പേരിലാണ് കിഫ്ബിയില്‍ നിന്നും 50 കോടി മുടക്കിയുള്ള ഭൂമി ഏറ്റെടുപ്പ്.

കണ്ണൂരില്‍ കുറഞ്ഞ വിലയ്ക്കു ധാരാളം ഭൂമിയും സര്‍ക്കാര്‍ പുറമ്പോക്കും ലഭ്യമാണെന്നിരിക്കെ വിപണി വിലയെക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് ഏറ്റെടുക്കലെന്ന വാദമാണ് ഉയരുന്നത്. കിഫ്ബി ഫണ്ടില്‍ നിന്നു 100 കോടിയോളം നല്‍കി ഭൂമി വാങ്ങാനായിരുന്നു പദ്ധതിയെങ്കിലും പിന്നീട് വില പകുതിയിലേറെ കുറയ്ക്കുകയായിരുന്നു. സമീപകാലത്തെ 10 ആധാരങ്ങള്‍ പരിശോധിച്ച് ഏറ്റവും മികച്ച വില നല്‍കുന്നു എന്നാണു റവന്യു അധികൃതരുടെ നിലപാട്.

മൂന്നു വര്‍ഷത്തിലേറെയായി ചര്‍ച്ചയിലുള്ള പദ്ധതിക്കു വേണ്ടിയാണ് ഏറ്റെടുപ്പ്. പദ്ധതിക്കായി ഭൂമി വേണമെന്ന കിന്‍ഫ്രയുടെ ആവശ്യം പരിഗണിച്ചാണു തലശ്ശേരി ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാരുടെ നടപടികള്‍. അഞ്ചരക്കണ്ടി തലശ്ശേരി റോഡിലാണു ഭൂമി. 4/2020 ആയി നഷ്ടപരിഹാര തുക അനുവദിച്ചു. ഈ തുക സര്‍ക്കാരില്‍നിന്നു വിട്ടുകിട്ടുന്ന മുറയ്ക്കു കോടതിയില്‍ കെട്ടിവച്ചു ഭൂമി ഏറ്റെടുപ്പു പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഭൂമിവില നിശ്ചയിച്ച കലക്ടര്‍ കിന്‍ഫ്രയില്‍ നിന്നു നൂറു കോടി രൂപയാണു ഭൂമിക്കു വേണ്ടി 2020 ഫെബ്രുവരി 29ന് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. വില അധികമാണെന്ന വിമര്‍ശനം ഉണ്ടായതോടെ ജില്ലാതലത്തില്‍ തന്നെ പുനര്‍നിര്‍ണയിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

2020 ജൂണ്‍ 11നു വിലനിര്‍ണയ റിപ്പോര്‍ട്ട് പുതുക്കുകയും ഭൂവിലയായി 40.51 കോടിയും മറ്റു ചെലവുകളും ഉള്‍പ്പെടെ 50 കോടി രൂപ ലഭ്യമാക്കണമെന്നു കിന്‍ഫ്രയ്ക്കു കലക്ടര്‍ കത്തു നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണു ഫണ്ട് അനുവദിക്കുന്നത്. പദ്ധതിയെക്കുറിച്ചു കൃത്യമായ മാര്‍ഗരേഖ പോലും തയാറാക്കാതെയാണു ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചതെന്നും ആരോപണമുണ്ട്. കണ്ണൂര്‍ ജില്ലയില്‍ കിന്‍ഫ്രയ്ക്കു വേണ്ടി 5000 ഏക്കറോളം ഭൂമി ഏറ്റെടുക്കുമെന്നാണു സര്‍ക്കാര്‍ പ്രഖ്യാപനം. ഇതില്‍ പലതിലും ഇടനിലക്കാരായി ഉന്നതരുടെ കൈകള്‍ ഉണ്ടെന്നും സൂചനയുണ്ട്. അന്ന് ഏറെ വിവാദമായ ബ്രൂവറി ഇടപാടില്‍ ചട്ടവിരുദ്ധമായി മൂന്ന് ബീയര്‍ ഉല്‍പാദന കേന്ദ്രങ്ങള്‍ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇടപാടുകള്‍ പുറത്തായതിനു പിന്നാലെ ഈ അനുമതി പാടേ റദ്ദാക്കിയിരുന്നു.


Share now