മദ്യപാനികളുടെ മക്കള്‍ പഠിക്കണ്ടെന്ന് കാലിക്കറ്റ് സര്‍വ്വകലാശാല; കേട്ടുകേള്‍വിയില്ലാത്ത വിചിത്രമായ ഉത്തരവുമായി യൂണിവേഴ്‌സിറ്റി; കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് വിദ്യാര്‍ത്ഥികള്‍

Share now

കോഴിക്കോട്: വിദ്യാഭ്യാസം മൗലികാവകാശമായ രാജ്യത്ത് കോളജ് പ്രവേശനത്തിന് മദ്യപാനികളുടെ മക്കള്‍ക്ക് പ്രവേശനം നല്‍കില്ലെന്ന് വിചിത്രമായ ഉത്തരവുമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി. മദ്യം ഉള്‍പ്പെടെ ലഹരി ഉപയോഗിക്കുന്നവരുടെ മക്കള്‍ക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കു കീഴിലുള്ള എയ്ഡഡ്, സ്വാശ്രയ എന്‍ജിനിയറിംഗ് കോളജുകളില്‍ പ്രവേശനം ലഭിക്കില്ല. 2020-21 അധ്യായന വര്‍ഷം മുതല്‍ അഡ്മിഷന്‍ സമയത്ത് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും മദ്യമോ ലഹരിയോ ഉപയോഗിക്കില്ലെന്ന് സത്യവാങ്മൂലം നല്‍കിയാല്‍ മാത്രമേ പ്രവേശം ലഭിക്കൂ. ലഹരി വിരുദ്ധ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫെബ്രുവരി 27-ന് പുതിയ ഉത്തരവ് ഇറക്കിയത്. കോഴിക്കോട് നിന്ന് പ്രസിദ്ധീകരിക്കുന്ന സുപ്രഭാതം ദിനപത്രത്തിലാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

സംസ്ഥാനത്ത് മദ്യഉത്പാദനവും വിതരണവും സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തുമ്പോഴാണ് ഇത്തരത്തിലൊരു ഉത്തരവുമായി സംസ്ഥാനസര്‍ക്കാരിന്റെ കീഴിലുള്ള സര്‍വ്വകലാശാല രംഗത്ത് വന്നിരിക്കുന്നത്. പ്രവേശനത്തിന് ഇത്തരമൊരു മാനദണ്ഡം വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അടിച്ചേല്‍പ്പിക്കാന്‍ സര്‍വ്വകലാശാലയ്ക്ക് അവകാശമുണ്ടോയെന്ന കാര്യത്തിലും തര്‍ക്കമുണ്ട്. ഇന്ത്യയില്‍ മദ്യപാനം നിരോധിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ ഇത്തരമൊരു വിവേചനം ഏര്‍പ്പെടുത്തുന്നത് കടുത്ത മനുഷ്യവകാശ ലംഘനമായിട്ടാണ് ചൂണ്ടി കാണിക്കുന്നത്.

കോളജുകള്‍ക്ക് പുറമേ യൂണിവേഴ്‌സിറ്റി പഠന വിഭാഗങ്ങളിലും അസിസ്റ്റന്റ് രജിസ്ട്രാര്‍ ഇറക്കിയ ഉത്തരവ് ബാധകമാണ്. ലഹരി വസ്തുക്കളുടെ ഉപയോഗമോ വിനിമയമോ ആയി ബന്ധപ്പെട്ട പ്രവൃത്തികളില്‍ ഏര്‍പ്പെടില്ലെന്നും അത്തരം പ്രവര്‍ത്തികള്‍ക്കുള്ള ശിക്ഷ മുന്നറിയിപ്പില്ലാതെ സ്വീകരിക്കുമെന്നും അറിയിക്കുന്നുവെന്നാണ് സത്യവാങ്മൂലത്തില്‍ രക്ഷിതാവും വിദ്യാര്‍ത്ഥിയും ഒപ്പ് വെച്ച് നല്‍കേണ്ടത്.

കഴിഞ്ഞ വര്‍ഷം ലഹരി വിരുദ്ധ സമിതി യോഗത്തിലാണ് ഇത്തരമൊരു ശുപാര്‍ശ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് മുന്‍പാകെ എത്തിയത്. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞാണ് ശുപാര്‍ശ നടപ്പാക്കാന്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ തയ്യാറായിരിക്കുന്നത്.

യൂണിവേഴ്‌സിറ്റി പഠന വിഭാഗം മേധാവികള്‍ക്കും എയ്ഡഡ്, സ്വാശ്രയ കോളജ് പ്രിന്‍സിപ്പല്‍മാര്‍ക്കും കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ എത്തിച്ചിട്ടുണ്ട്.


Share now

Leave a Reply

Your email address will not be published. Required fields are marked *