വാളയാര്‍ കേസ് : സിബിഐ വിജ്ഞാപനം വൈകും; കോടതി അനുമതി തേടണമെന്ന് നിയമവകുപ്പ്

Share now

കൊച്ചി: വാളയാര്‍ കേസില്‍ സിബിഐ അന്വേഷണത്തിനുള്ള വിജ്ഞാപനം വൈകും. ഒരു തവണ വിധി വന്ന കേസില്‍ തുടരന്വേഷണത്തിന് കോടതി അനുമതി തേടണമെന്ന് നിയമവകുപ്പ് പറയുന്നു. തുടരന്വേഷണത്തിന് പാലക്കാട് പോക്‌സോ കോടതിയെ സമീപിച്ചേക്കും.

മാതാപിതാക്കളുടെ ആവശ്യം പരിഗണിച്ചാണ് വാളയാറില്‍ പെണ്‍കുട്ടികള്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട കേസ് സര്‍ക്കാര്‍ സിബിഐക്ക് വിട്ടിത്. നാലുപ്രതികളെയും വെറുതെ വിട്ട പാലക്കാട് പോക്‌സോ കോടതിവിധി ഹൈക്കോടതി റദ്ദാക്കി തുടര്‍ വിചാരണയ്ക്ക് ഉത്തരവിടുകയും ചെയ്തിരുന്നു.

എന്നാല്‍ വാളയാര്‍ കേസില്‍ നീതി ഇപ്പോഴും അകലെ എന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഈ മാസം 26 മുതല്‍ മാതാപിതാക്കളും സമരസമിതിയും അനിശ്ചിതകാല സത്യാഗ്രഹ സമരം നടത്തും.

മൂത്ത പെണ്‍കുട്ടി കൊല്ലപ്പെട്ടതിന്റെ നാലാം വാര്‍ഷിക ദിനമായ ഇന്ന് രക്ഷിതാക്കളുടെ ഏകദിന സത്യഗ്രഹം നടക്കുകയാണ്. കുടുംബത്തിനൊപ്പം എന്ന് സര്‍ക്കാര്‍ പറയുമ്പോഴും അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥരെ ഇപ്പോഴും സംരക്ഷിക്കുന്നു. ഇതിനെതിരെയാണ് സമരം. സിബിഐ അന്വേഷണ പരിധിയില്‍ കേസ് അട്ടിമറിച്ച് ഉദ്യോഗസ്ഥരുടെ കാര്യവും പരിശോധിക്കണം. ഇക്കാര്യം ശക്തമായി സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് കുടുംബം പറയുന്നു.


Share now