സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ്: അന്വേഷണം വിപുലമാക്കുന്നു ; തലസ്ഥാനത്തെ ഉന്നതസ്വാധീനമുള്ള വനിത നിരീക്ഷണത്തില്‍ , ഫോണ്‍ ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ കണ്ടെത്തി

Share now

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ ഒന്നാം പ്രതി സ്വപ്ന സുരേഷിന് തലസ്ഥാനത്ത് ഉന്നത ബന്ധമുള്ള വനിതയുമായുള്ള അടുപ്പം കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കുന്നു. ഇവരുടെ സഹായത്തോടെ സ്വപ്ന തലസ്ഥാനത്ത് റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തിയതിന്റെ സൂചനകള്‍ അന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ചു.

സ്വര്‍ണക്കടത്തിലൂടെ ലഭിച്ച പണം വനിതയുടെ സഹായത്തോടെ വിവിധ മേഖലകളില്‍ നിക്ഷേപിച്ചോ എന്ന കാര്യമാണ് ഏജന്‍സികള്‍ പരിശോധിക്കുന്നത്. ഇരുവരും ഒന്നിച്ചു സ്വകാര്യ ചടങ്ങുകളില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്നാണു കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചത്.

സ്വപ്നയുടേയും സരിത്തിന്റെയും ഫോണില്‍ നിന്നും ഇവരെ നിരന്തരം ബന്ധപ്പെട്ടിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ചില ദിവസങ്ങളില്‍ പത്തിലധികം തവണ ഇവരെ വിളിച്ചു. രണ്ടു മിനിറ്റില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള കോളുകളാണു മിക്കതും. സ്വപ്ന ജോലി ചെയ്തിരുന്ന സര്‍ക്കാര്‍ സ്ഥാപനത്തിന്റെ ഫോണില്‍നിന്നും ഇവരെ ബന്ധപ്പെട്ടുവെന്നും കണ്ടെത്തി.

കോണ്‍സുലേറ്റ് ഓഫിസിലും പലതവണ സ്വപ്നയെ കാണാന്‍ ഇവര്‍ വന്നിരുന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. സെക്രട്ടേറിയറ്റിനടുത്തുള്ള ഫ്ലാറ്റിലും നിത്യസന്ദര്‍ശകയായിരുന്നു. കോണ്‍സുലേറ്റ് ഓഫിസ് മറ്റൊരു വാടക കെട്ടിടത്തിലേക്കു മാറ്റാന്‍ സ്വപ്നയും സരിത്തും വനിതയുമായി ചേര്‍ന്ന് ചര്‍ച്ചകള്‍ നടത്തിയതായും ഇതിനായി വലിയ കമ്മിഷന്‍ വാഗ്ദാനം ചെയ്തതായും അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു.

സ്വപ്നയും സന്ദീപ് നായരും ഒട്ടേറെ തവണ ഒരു മന്ത്രിയുടെ വീട്ടില്‍ പോയിരുന്നതായും ഒരു ഉന്നതന്റെ മകന്‍ സ്വപ്നയുടെ ബിസിനസില്‍ പങ്കാളിയാണെന്നുമാണ് എന്‍ഐഎ കണ്ടെത്തിയത്.സ്വപ്നാ സുരേഷ് പ്രമുഖരുമായി നടത്തിയ ഫോണ്‍ ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എന്‍ഐഎ കണ്ടെത്തി.

സ്വപ്ന തന്നെ ഗൂഗിള്‍ ഡ്രൈവില്‍ പ്രത്യേകമായി സൂക്ഷിച്ചിരുന്നവയാണ് ഇത്. ഉന്നതരുമായി പരിധി വിട്ട് നടത്തിയിട്ടുള്ള ചാറ്റ് പിന്നീട് അവരെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ വേണ്ടിയായിരുന്നോ സൂക്ഷിച്ചിരുന്നത് എന്ന് സംശയമുണ്ട്.

മന്ത്രിമാര്‍ അടക്കം സ്വപ്നയുടെ ഉന്നത തല ബന്ധങ്ങള്‍ വെളിവാക്കാന്‍ സഹായിക്കുന്ന തെളിവാകും. ഉന്നതരുമായും അവരുടെ കുടുംബങ്ങളുമായും സ്വപ്ന പ്രത്യേകം ബന്ധം നില നിര്‍ത്തിയിരുന്നു എന്നും ഉന്നതരുടെ ഭാര്യമാരുമായി ഷോപ്പിംഗിനും മറ്റും പോയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കുടുംബങ്ങളുമായുള്ള ബന്ധം സ്വപ്ന കരുതിക്കൂട്ടി ഉണ്ടാക്കിയതാണെന്നാണ് കരുതുന്നത്.

സ്വപ്ന ഒളിവില്‍ പോകുന്നതിനു മുന്‍പ് കുടുംബ സുഹൃത്തിന്റെ ഫോണില്‍നിന്ന് തലസ്ഥാനത്തെ വനിതയെ വിളിച്ചതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. വര്‍ക്കലയില്‍വച്ചും കര്‍ണാകയിലേക്കു പോകുന്ന വഴിയിലും ഇവരുമായി ഫോണില്‍ സംസാരിച്ചു. ബെംഗളൂരുവിലേക്ക് സ്വപ്ന പോയത് ഇവരുടെ സഹായ വാഗ്ദാനം കൊണ്ടാണെന്ന നിഗമനത്തിലാണ് ഏജന്‍സികള്‍.


Share now