കിഫ്ബിക്കെതിരെ ഇ.ഡി അന്വേഷണം നടക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍; കിഫ്ബി സി.ഇ.ഒയും അന്വേഷണ പരിധിയില്‍; യെസ് ബാങ്കിലെ നിക്ഷേപം പിന്‍വലിച്ചതില്‍ ദുരൂഹത

Share now

ന്യൂഡല്‍ഹി: സ്വര്‍ണ്ണക്കടത്തിന് പിന്നാലെ കിഫ്ബിയിലെ നിക്ഷേപത്തെക്കുറിച്ചും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചതായി കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ വ്യക്തമാക്കി. 250 കോടി രൂപ യെസ് ബാങ്കില്‍ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് കിഫ്ബി സിഇഒ അടക്കമുള്ളവര്‍ക്കെതിരെ അന്വേഷണം നടക്കുന്നതായി കേന്ദ്ര ധനകാര്യ വകുപ്പ് സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ വെളിപ്പെടുത്തി. അന്വേഷണത്തിന്റെ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു.

സ്വര്‍ണക്കടത്തിന് പിന്നാലെയാണ് കേരള സര്‍ക്കാരുമായി ബന്ധപ്പെട്ട കിഫ്ബിക്കെതിരെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നടക്കുന്നത്. അന്വേഷണം നടക്കുന്ന കാര്യം രാജ്യസഭയിലാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. കിഫ്ബിക്കെതിരെ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടക്കുന്നുണ്ടോയെന്ന ജാവേദ് അലിഖാന്റെ ചോദ്യത്തിന് മറുപടിയായി ധനകാര്യവകുപ്പ് സഹമന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം അറിയിച്ചത്.

250 കോടി രൂപ യെസ് ബാങ്കില്‍ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് ഒരു പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്‌സ്മെന്റ് അന്വേഷണം നടക്കുന്നതെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. നിലവിലെ അന്വേഷണത്തെപ്പറ്റിയുള്ള വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും മന്ത്രി അറിയിച്ചു.

ധനമന്ത്രി തോമസ് ഐസകും കിഫ്ബിയും ചേര്‍ന്ന് 268 കോടി രൂപ യെസ് ബാങ്കില്‍ നിക്ഷേപിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഈ വര്‍ഷം മാര്‍ച്ച് മാസത്തില്‍ ആരോപണവുമായി രംഗത്ത് വന്നത്. മസാല ബോണ്ട് വഴി സമാഹരിച്ച തുകയിലെ ഒരു ശതമാനമാണ് യെസ് ബാങ്കില്‍ നിക്ഷേപിച്ചത്. ഈ ഇടപാടില്‍ പലര്‍ക്കും കമ്മീഷന്‍ ലഭിച്ചിട്ടുണ്ടെന്ന് അക്കാലത്ത് ആക്ഷേപം ഉന്നയിച്ചിരുന്നു. ബാങ്കിന്റെ റേറ്റിംഗ് കുറഞ്ഞപ്പോള്‍ യെസ് ബാങ്കിലെ കിഫ്ബിയുടെ നിക്ഷേപം പിന്‍വലിച്ചുവെന്നാണ് ധനമന്ത്രി തോമസ് ഐസക് അവകാശപ്പെട്ടിരുന്നത്. ഈ ഇടപാടില്‍ സുതാര്യമല്ലാത്തതെന്തൊക്കെയോ നടന്നത് കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് വ്യക്തം.

കെ എം എബ്രഹാം

യെസ് ബാങ്കിന്റെ ഡയറക്ടറായിരുന്ന ടി.എസ് വിജയനിപ്പോള്‍ കിഫ്ബിയുടെ ഡയറക്ടറാണ്. ഇദ്ദേഹത്തിനെതിരെ എല്‍ഐസിയുടെ പെന്‍ഷന്‍ നിയമങ്ങള്‍ ലംഘിച്ചതിനെതിരെ മുന്‍പ് കേസന്വേഷണങ്ങളുണ്ടായിരുന്നു. വിജയന്‍ യെസ് ബാങ്കിന്റെ ഡയറക്ടറായിരുന്ന കാലത്താണ് കിഫ്ബി 254 കോടി രൂപ ബാങ്കില്‍ നിക്ഷേപിച്ചത്. ബാങ്ക് പ്രതിസന്ധിയിലാകുന്നുവെന്നറിഞ്ഞാണ് കിഫ്ബി പണം പിന്‍വലിച്ചുവെന്നാണ് ആരോപണമുയരുന്നത്. ഇതിന് പിന്നില്‍ വിജയന്റെ സ്വാധീനമുണ്ടോയെന്നും അന്വേഷണം നടക്കുന്നുണ്ട്. ഇതിന് ശേഷമാണ് വിജയന്‍ കിഫ്ബിയില്‍ ഡയറക്ടറായി ചേരുന്നത്.


Share now