കോവിഡ് വ്യാപനം രൂക്ഷം; കേരളത്തിലേക്ക് വീണ്ടും വിദഗ്ധസംഘത്തെ അയച്ച് കേന്ദ്രം

Share now

ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ പ്രതിദിനം കുതിച്ചുയരുന്ന കേരളം ഉള്‍പ്പെടെ പത്ത് സംസ്ഥാനങ്ങളിലേക്ക് ഉന്നതതല സംഘത്തെ അയച്ച് കേന്ദ്രസര്‍ക്കാര്‍. രോഗവ്യാപനം തടയാനായി നിര്‍ദേശിച്ചിരിക്കുന്ന നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്നത് പ്രതിസന്ധി രൂക്ഷമാക്കുമെന്നു കേന്ദ്രം മുന്നറിയിപ്പു നല്‍കി. കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

മഹാരാഷ്ട്ര, കേരളം, ഛത്തിസ്ഗഢ്, മധ്യപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, കര്‍ണാടക, തമിഴ്നാട്, ബംഗാള്‍, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലേക്കാണ് മൂന്നംഗ സംഘത്തെ വീതം അയച്ചിരിക്കുന്നത്. ആരോഗ്യമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരാണ് ഓരോ സംഘത്തെയും നയിക്കുന്നത്.

രോഗവ്യാപനം വര്‍ധിക്കാനുണ്ടായ സാഹചര്യം സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് പരിശോധിക്കുകയാണ് സംഘം ചെയ്യുന്നത്. വ്യാപനത്തിന്റെ കണ്ണികള്‍ മുറിക്കാന്‍ ആരോഗ്യവകുപ്പുമായി ചേര്‍ന്നു നിയന്ത്രണ സംവിധാനങ്ങള്‍ നടപ്പാക്കും. ജില്ലാ ഭരണകൂടങ്ങളുമായി ബന്ധപ്പെട്ട് കൃത്യവും സ്ഥിരവുമായ അവലോകനം നടത്തണമെന്നും നിര്‍ദേശമുണ്ട്. സന്ദര്‍ശനത്തിനുശേഷം വിദഗ്ധസംഘം അതതു സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികള്‍ വിശദീകരിക്കും.

ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപിക്കാന്‍ സാധ്യതയുള്ള കേരളം ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യ സെക്രട്ടറി കത്തയച്ചിട്ടുണ്ട്. ഈ സംസ്ഥാനങ്ങള്‍ സ്വീകരിക്കേണ്ട നടപടികളും വിശദീകരിച്ചിട്ടുണ്ട്. ആര്‍ടി പിസിആര്‍ പരിശോധന വര്‍ധിപ്പിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. കോവിഡ് ലക്ഷണം കാണിക്കുകയും റാപ്പിഡ് ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആകുകയും ചെയ്യുന്നവരെ ആര്‍ടി പിസിആര്‍ പരിശോധനയ്ക്കു വിധേയരാക്കണം.

രോഗികളുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കാന്‍ കര്‍ശനനടപടി സ്വീകരിക്കണം. രോഗികളെ ഐസലേറ്റ് ചെയ്യുകയോ ആശുപത്രിയില്‍ ആക്കുകയോ ചെയ്യണം. അടുത്തു സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി എത്രയും പെട്ടെന്ന് പരിശോധനയ്ക്കു വിധേയരാക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് കേന്ദ്രം നല്‍കുന്നത്.

രാജ്യത്ത് ഇപ്പോഴുള്ള കോവിഡ് രോഗികളില്‍ 75 ശതമാനവും മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളില്‍നിന്നാണ്. മഹാരാഷ്ട്രയില്‍ 6218 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. കേരളം (4,034) ആണ് തൊട്ടുപിന്നില്‍. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 51 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ 14 പേരാണ് മരിച്ചത്.


Share now