ലൈഫ് മിഷന്‍ ഇടപാട്: റെഡ്ക്രസന്റുമായുള്ള ഇടപാടില്‍ ക്രമക്കേടുണ്ടെന്ന് ഒടുവില്‍ പിണറായി സമ്മതിച്ചു; രേഖകള്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് നല്‍കിയ കത്തിന് മറുപടി നല്‍കാതെ ഒളിച്ചുകളിക്കുന്നു; തട്ടിപ്പുകള്‍ ഒന്നൊന്നായി സമ്മതിക്കേണ്ട ഗതികേടില്‍ മുഖ്യമന്ത്രി

Share now

ലൈഫ് മിഷന്‍ പദ്ധതിയില്‍ യുഎഇ റെഡ്ക്രസന്റുമായി നടത്തിയ ഇടപാടില്‍ ക്രമക്കേടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങളില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് ഒടുവില്‍ മുഖ്യമന്ത്രിക്ക് സമ്മതിക്കേണ്ടി വന്നു. ചൊവ്വാഴ്ച വൈകുന്നേരം(സെപ്റ്റംബര്‍ 15 2020) നടത്തിയ പതിവ് പത്രസമ്മേളനത്തിലാണ് ഇക്കാര്യം മുഖ്യമന്ത്രി സമ്മതിച്ചത്. റെഡ്ക്രസന്റുമായുണ്ടാക്കിയ ധാരണാപത്രത്തിന്റെ കോപ്പി നല്‍കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഒരു മാസം മുന്‍പ് സര്‍ക്കാരിന് കത്ത് നല്‍കിയെങ്കിലും ഇതുവരെയും അതിന്റെ കോപ്പി നല്‍കാന്‍ തയ്യാറായിട്ടില്ല. സര്‍ക്കാരിന് ഒന്നും ഒളിക്കാനും മറയ്ക്കാനുമില്ലെന്ന് പറയുമ്പോഴാണ് ധാരണാപത്രത്തിന്റെ കോപ്പി നല്‍കാതെ ഒളിച്ചുകളിക്കുന്നത്.

റെഡ്ക്രസന്റുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നായിരുന്നു ഇതുവരെയും മുഖ്യമന്ത്രി പറഞ്ഞിരുന്നത്. റെഡ്ക്രസന്റുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ മുഖേന പുറത്ത് വന്നിട്ടുണ്ട്. ആ കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞത്. റെഡ്ക്രസന്റമായി ഉണ്ടാക്കിയ ധാരണാപത്രത്തിന്റെ പകര്‍പ്പ് പ്രതിപക്ഷനേതാവ് ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും നല്‍കാത്തതെന്താണെന്ന ചോദ്യത്തിന്, അത് എന്തുകൊണ്ടാണെന്ന് തനിക്ക് ഉത്തരം നല്‍കാന്‍ കഴിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ലൈഫ് മിഷന്‍ ഇടപാടുകളെക്കുറിച്ച് ചോദിക്കുമ്പോള്‍ മുഖ്യമന്ത്രി ബഹളമുണ്ടാക്കിയും ക്ഷോഭിച്ചും വികാരപരമായും മറുപടിപറയുന്നതാണ് പതിവ്. ഏതെങ്കിലും കോണ്‍ട്രാക്റ്റില്‍ ആരെങ്കിലും എന്തെങ്കിലും വൃത്തികേട് കാണിച്ചാല്‍ സര്‍ക്കാര്‍ ഉത്തരവാദിയാകുമോ എന്നാണ് മുഖ്യമന്ത്രി സ്ഥിരമായി പറയുന്ന മറുപടി. ഉത്തരവാദിത്വമില്ലങ്കില്‍ എന്ത് കൊണ്ടാണ് ധാരണാപത്രത്തിന്റെ കോപ്പി പ്രതിപക്ഷ നേതാവ് ചോദിച്ചിട്ടും നല്‍കാത്തത് എന്ന കാര്യത്തിന് തൃപ്തികരമായ ഒരു മറുപടി പറയാന്‍ ഇനിയും കഴിഞ്ഞിട്ടില്ല.

പാവങ്ങളുടെ പേര് പറഞ്ഞ് കൊണ്ടുള്ള വന്‍ കൊള്ളയാണ് നടന്നത.് എന്നിട്ട് അതില്‍ സര്‍ക്കാരിന് എന്താണെന്നാണ് ചോദിക്കുന്നത്. വടക്കാഞ്ചേരി ലൈഫ് പദ്ധതിയുടെ എല്ലാ ഘട്ടത്തിലും സര്‍ക്കാരിന് വ്യക്തമായ പങ്കുണ്ടെന്നതിന്‍െ രേഖകള്‍ ഇതിനകം പുറത്ത് വന്നിട്ടുണ്ട്. യൂണിടാക് എന്ന ഏജന്‍സി പ്‌ളാന്‍ അംഗീകാരത്തിന് നല്‍കിയത് ലൈഫ് മിഷനാണ്. സര്‍ക്കാര്‍ അംഗീകാരം നല്‍കുകയും ചെയ്തു. കരാര്‍ അംഗീകരിച്ചത,് മാത്രമല്ല കമ്മീഷന്‍ നിശ്ചയിച്ചതും വീതം വച്ചതുമെല്ലാം സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലാണ്. അങ്ങനെയൊക്കെയാണ് മന്ത്രി പുത്രന്‍മാര്‍ക്ക് അതില്‍ വിഹിതം കിട്ടിയത്. നാല് കോടി 25 ലക്ഷം രൂപ ഈ ഇടപാടില്‍ കമ്മീഷനായി നല്‍കിയിട്ടുണ്ടെന്ന് ധനകാര്യ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പരസ്യമായി സമ്മതിച്ചതാണ്. എന്നിട്ടും പ്രതിപക്ഷ നേതാവ് കരാറിന്റെ രേഖകള്‍ നല്‍കണമെന്നാവശ്യപ്പെട്ടിട്ടും കൊടുക്കാതെ ഒളിച്ചുകളിക്കുകയാണ്.
പ്രളയസഹായം ആര്‍ക്ക് ഒക്കെ നല്‍കി, ലൈഫ് മിഷന്‍ പദ്ധതിക്ക് കമ്മീഷന്‍ തട്ടിയത് പോലെ വേറെ ഏതൊക്കെ പദ്ധതിക്ക് പണമെത്തിച്ചു എന്നും വ്യക്തമാക്കണം. അതിനെക്കുറിച്ച് ഇന്ന് വരെ മുഖ്യമന്ത്രി വ്യക്തമായ മറുപടി പറഞ്ഞിട്ടില്ല. അതോ കടലാസ് പദ്ധതികളും കടലാസ് സംഘടനകളും ആണോ പണം കൊണ്ടു പോയത്. ഇതു കൂടാതെ സര്‍ക്കാരിന് നേരിട്ടും അല്ലാതെയും വിദേശസഹായം കിട്ടിയതും വെളിപ്പെടുത്തണം.

അഴിമതി തൊട്ട്തീണ്ടാത്ത സര്‍ക്കാരാണെന്നൊക്കെ തള്ളലുകള്‍ നടത്തുന്നതല്ലാതെ, പ്രതിപക്ഷം ഈ കാലത്ത് നടന്ന അഴിമതികളെക്കുറിച്ചുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ ആക്ഷേപങ്ങള്‍ ഉന്നയിച്ചിട്ടും മറുപടി പറയാന്‍ ഇതുവരെയും മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. സ്പ്രിങ്ക്‌ളര്‍ മുതല്‍ ലൈഫ് മിഷന്‍ വരെയുള്ള എല്ലാ തട്ടിപ്പുകളിലും മുഖ്യമന്ത്രിയുമായും അദ്ദേഹത്തിന്റെ ഓഫീസുമായും പങ്കുള്ളതായി തെളിഞ്ഞിട്ടുണ്ട്. കോടികളുടെ അഴിമതികളെക്കുറിച്ചുള്ള കഥകളാണ് പ്രതിപക്ഷം പുറത്ത് കൊണ്ട് വന്നത്. താന്‍ വലിയ ഹരിശ്ചന്ദ്രനാണെന്ന് സ്വയം പറയാനാണ് പിണറായി വിജയന്‍ എപ്പോഴും ശ്രമിക്കുന്നത്. ആരോപണം ഉന്നയിക്കുന്നവരുടെ മാനസിക നില പരിശോധിക്കണമെന്ന സ്ഥിരം നാടക ഡയലോഗുകളല്ലാതെ വിശ്വസനീയമായ തരത്തില്‍ ഒരു അന്വേഷണം നടത്താനോ മറുപടി പറയാനോ ഇതേവരെ പിണറായിക്ക് കഴിഞ്ഞിട്ടില്ല. പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ ഇപ്പോഴും പൊതുസമൂഹത്തില്‍ സജ്ജീവമായി നില്‍ക്കുകയാണ്.


Share now