
തിരുവനന്തപുരം: അടിയന്തര പ്രമേയത്തിനുള്ള മുഖ്യമന്ത്രിയുടെ മറുപടി വസ്തുതാപരമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വന്തം ഓഫീസ് അധോലോക സംഘത്തിന്റെ വിഹാരകേന്ദ്രമായ കാര്യം മുഖ്യമന്ത്രി അറിഞ്ഞില്ലെന്നും ഇത് തിരിച്ചറിയാനകാത്ത മുഖ്യമന്ത്രിക്ക് എങ്ങനെ കേരളം ഭരിക്കാനാകുമെന്നും ചെന്നിത്തല പരിഹസിച്ചു.
കേന്ദ്ര ഏജന്‍സികളെ ക്ഷണിച്ചതാരാണെന്ന് ചോദിച്ച ചെന്നിത്തല അന്വേഷണം രവീന്ദ്രനിലേക്ക് വന്നപ്പോഴാണ് മുഖ്യമന്ത്രി നിലപാട് മാറ്റിയതെന്ന് ആരോപിച്ചു. സ്വപ്നക്കെതിരായ കേസുകളില്‍ പൊലീസ് ഒച്ചിന്റെ വേഗത്തിലാണ് മുന്നോട്ട് പോകുന്നതെന്നും ശിവശങ്കറിനെതിരായ റിപ്പോര്‍ട്ട് ധനകാര്യ പരിശോധന വിഭാഗം നല്‍കിയിട്ട് ഒന്നും ചെയ്തില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
എം ശിവശങ്കറിന് മുഖ്യമന്ത്രി നല്ല സര്‍ട്ടിഫിക്കറ്റാണ് നല്‍കിയതെന്ന് പറഞ്ഞ ചെന്നിത്തല അദ്ദേഹം സ്വയം പുകഴ്ത്തുകയാണെന്ന് പരിഹസിച്ചു. ചെറിയ വിജയം പഞ്ചായത്തില്‍ ഉണ്ടായെങ്കിലും ഞങ്ങള്‍ വിശുദ്ധീകരിക്കപ്പെട്ടുവെന്ന ധാരണ തെറ്റാണെന്നും ചെന്നിത്തല പറഞ്ഞു.
പൊലീസിന്റെ അധികാരം തനിക്ക് നല്കിയാല് ഉന്നയിച്ച ആരോപണങ്ങളെല്ലാം തെളിയിക്കാമെന്ന് പി ടി തോമസ് വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടു. മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ ലെഗ്സാ ലോജിക്കിനെക്കുറിച്ച് അന്വേഷിച്ചാല്‍ പലതും പുറത്ത് വരുമെന്നാണ് പ്രതിപക്ഷത്തിന്റെ അവകാശവാദം. ഇരട്ട ചങ്കുണ്ടെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ നെഞ്ചില്‍ മുട്ട പൊട്ടിച്ച് ഒഴിച്ചാല്‍ ഓംപ്ലേറ്റായി മാറുന്ന അവസ്ഥയാണ് സഭയിലുണ്ടായതെന്ന് പി ടി തോമസ് പരിഹസിച്ചു.