ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനമാകെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം

Share now

തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രീം കോടതിയുടെ വിധിക്ക് പിന്നാലെ വിദ്യാഭ്യാസ മന്ത്രിയുടെ രാജിക്കായി പ്രതിഷേധം ഉയരുകയാണ്. കയ്യാങ്കളിക്കേസില്‍ മന്ത്രി ശിവന്‍കുട്ടിയുടെ രാജിക്കായി പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി കളക്ടറേറ്റ് ധര്‍ണ്ണ നടത്തി. തലസ്ഥാനത്ത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിയമസഭയിലേക്കായിരുന്നു മാര്‍ച്ച്. ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിര്‍വ്വഹിച്ചു.

കൊല്ലത്ത് കളക്ടറേറ്റ് മാര്‍ച്ച് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കെ.സി രാജന്‍ ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് കളക്ടറേറ്റിനു മുന്നില്‍ പൊലീസ് തടഞ്ഞു. തൃശ്ശൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധ ധര്‍ണ ഡിസിസി പ്രസിഡന്റ് എം.പി വിന്‍സെന്റ് ഉദ്ഘാടനം ചെയ്തു. മലപ്പുറത്തെ പ്രതിഷേധം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു പ്രതിഷേധം. കണ്ണൂര്‍ കളക്ടറേറ്റിന് മുന്നിലെ പ്രതിഷേധം ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്തു. മേയര്‍ ടി.ഒ മോഹനന്‍, കെപിസിസി ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജ് തുടങ്ങിയ നേതാക്കള്‍ സമരത്തിന് നേതൃത്വം നല്‍കി.

പത്തനംതിട്ടയിലെ മാര്‍ച്ച് കളക്ടറേറ്റിന് സമീപം പൊലീസ് മാര്‍ച്ച് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേട് മറികടക്കാന്‍ ശ്രമിച്ചത് പൊലീസുമായി നേരിയ സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം അഡ്വ. കെ. ശിവദാസന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി അധ്യക്ഷന്‍ ബാബു ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു.


Share now