ശ്രദ്ധ വേണം;’5 വയസ്സില്‍ താഴെ കുട്ടികളിലെ കൊറോണ വൈറസ് സാന്നിധ്യം നൂറിരട്ടി’

Share now

ഷിക്കാഗോ : മുതിര്‍ന്നവരിലേക്കാളും കുട്ടികളിലാണു കൊറോണ വൈറസിന്റെ സാന്നിധ്യം കൂടുതലെന്നു പഠനം. അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളിലെ ശ്വാസനാളികളിലാണു വൈറസ് സാന്നിധ്യം കൂടുതലായി കാണാന്‍ സാധിക്കുകയെന്ന് ജെഎഎംഎ പീഡിയാട്രിക്‌സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെയും ആന്‍ ആന്‍ഡ് റോബര്‍ട്ട് എച്ച് ലൂറി ചില്‍ഡ്രന്‍സ് ആശുപത്രിയിലെയും ഗവേഷക സംഘം മാര്‍ച്ച് 23നും ഏപ്രില്‍ 27നും ഇടയ്ക്കാണു പരിശോധന സംഘടിപ്പിച്ചത്. ഇന്‍പേഷ്യന്റ്, ഔട്ട് പേഷ്യന്റ്, അടിയന്തര വിഭാഗം, ഷിക്കോഗോ, ഇല്ലിനിയോസ് എന്നിവിടങ്ങളിലെ പരിശോധനാകേന്ദ്രം എന്നിവിടങ്ങളിലെ സ്രവപരിശോധനയിലൂടെ ആയിരുന്നു പഠനം.

ഒരുമാസം മുതല്‍ 60 വയസ്സുവരെയുള്ള 145 പേരിലായിരുന്നു പരിശോധന. ചെറിയ രോഗലക്ഷണങ്ങള്‍ മുതല്‍ കൂടിയ ലക്ഷണങ്ങള്‍ വരെയുള്ളവരില്‍ പരിശോധന നടന്നു.

അഞ്ചുവയസ്സില്‍ താഴെയുള്ളവര്‍, 5-17 പ്രായമുള്ളവര്‍, 18-65 പ്രായമുള്ളവര്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ചായിരുന്നു പരിശോധന. മുതിര്‍ന്നവരില്‍ ഉള്ളതിനേക്കാള്‍ പത്തു മുതല്‍ നൂറിരട്ടി വരെയാണ് കുട്ടികളിലെ വൈറസ് സാന്നിധ്യമെന്നു കണ്ടെത്തി.

അഞ്ചുവയസ്സിനു മുകളിലുള്ള കുട്ടികളിലെ വൈറസ് സാന്നിധ്യം മുതിര്‍ന്നവരിലേതിന് സമാനമാണ്. കൊറോണ വൈറസിന്റെ സാന്നിധ്യത്തെക്കുറിച്ച് മാത്രമാണ് ഇവര്‍ പഠനം നടത്തിയത്.

കുട്ടികള്‍ രോഗം പടര്‍ത്തുമോയെന്നുള്ള പഠനം നടത്തിയിട്ടില്ല. അതേസമയം സ്‌കൂളുകള്‍, ഡേകെയര്‍ സെന്ററുകള്‍ എന്നിവയുടെ നിയന്ത്രണങ്ങള്‍ മാറ്റിയാല്‍ വൈറസ് പടര്‍ന്നു പിടിക്കുന്നതിനുള്ള സാധ്യത ഗവേഷകര്‍ തള്ളിക്കളയുന്നുമില്ല.


Share now