സിപിഎമ്മിന് അഴിമതി നടത്താനൊരു സര്‍വ്വകലാശാല; കാല്‍നൂറ്റാണ്ട് മുമ്പ് നടന്ന അഴിമതിക്കഥയുടെ പിന്നാമ്പുറങ്ങള്‍; വെട്ടിനിരത്തലില്‍ തെറിച്ചുപോയ സാഹിത്യപ്രതിഭകള്‍; ഞെട്ടിപ്പിക്കുന്ന അന്വേഷണാത്മക റിപ്പോര്‍ട്ട്

Share now

കാലടി സംസ്‌കൃത സര്‍വ്വകലാശാലയുടെ തുടക്കം മുതല്‍ സിപിഎമ്മും അവരെ പിന്തുണയ്ക്കുന്ന അക്കാദമിക് സമൂഹവും നടത്തുന്ന അഴിമതിയും അനധികൃത നിയമനങ്ങളും മുന്‍ ലോക്‌സഭാ അംഗം എം.ബി രാജേഷിന്റെ ഭാര്യയുടെ വഴിവിട്ട നിയമനത്തോടെ വീണ്ടും സജീവ ചര്‍ച്ചയായിരിക്കുകയാണ്. വേണ്ടത്ര യോഗ്യതയില്ലാത്തവരെ അധ്യാപക തസ്തികകളില്‍ തിരുകി കയറ്റുകയും യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ അഭിമുഖ പരീക്ഷയില്‍ നിസ്സാര മാര്‍ക്ക് നല്‍കി ഒഴിവാക്കുകയും ചെയ്യുന്നത് സിപിഎമ്മിന്റെ സ്ഥിരം പരിപാടിയാണ്. 23 വര്‍ഷം മുന്‍പ് സംസ്‌കൃത സര്‍വ്വകലാശാലയില്‍ നടന്ന കൂട്ട അഴിമതിയെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് മാര്‍ച്ച് ലക്കം പ്രസാധകന്‍ മാസിക ‘ സംസ്‌കൃത സര്‍വ്വകലാശാല നിയമനങ്ങളിലെ സര്‍വ്വകാല അഴിമതി പുറത്തുവരുമ്പോള്‍’ എന്ന റിപ്പോര്‍ട്ട്.

ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായുള്ള 1996-2001 കാലത്ത് നടന്ന ആ കൂട്ടഅഴിമതിയുടെ വിവരം പുറത്തുവന്നതാകട്ടെ ഇപ്പോഴത്തെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷമുന്നണി സര്‍ക്കാര്‍ ഭരണം നടത്തുമ്പോള്‍ അതേ യൂണിവേഴ്സിറ്റിയില്‍ നടന്ന ഒരു മലയാളം അധ്യാപകനിയമനത്തെത്തുടര്‍ന്നുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തില്‍. വേണ്ടത്ര യോഗ്യതയില്ലാത്തവരെ നിയമിക്കാന്‍വേണ്ടി യോഗ്യരായ ബഹുഭൂരിപക്ഷം അപേക്ഷകരെയും നിസ്സാര മാര്‍ക്കുനല്‍കി ഒഴിവാക്കുകയും നിയമനം നല്‍കിയവര്‍ക്കു മാത്രം അസാധാരണമായ രീതിയില്‍ ഉയര്‍ന്ന മാര്‍ക്കു വാരിക്കോരിനല്‍കുകയും ചെയ്താണ് 1998-ല്‍ സര്‍വകലാശാല നിയമനം നടത്തിയത്. യോഗ്യരെ മറികടന്ന് യു.ജി.സി. നിര്‍ദ്ദേശിച്ചിട്ടുള്ള യോഗ്യതകളൊന്നുമില്ലാതെ അധ്യാപകരായവരില്‍ പലരും ഇന്ന് സമൂഹത്തിലും സാഹിത്യരംഗത്തുമൊക്കെ ബുദ്ധിജീവികള്‍ എന്ന നിലയില്‍ അതിപ്രശസ്തരാണ്.

സിപിഎം നിയന്ത്രണത്തിലുള്ള പുരോഗമന കലാസാഹിത്യ സംഘത്തിലെ പ്രമുഖരും ഒരുപറ്റം അധ്യാപകരും സിന്‍ഡിക്കേറ്റ് അംഗങ്ങളും ചേര്‍ന്നാണ് ഈ സര്‍വ്വകലാശാലയില്‍ എല്ലാതരം അഴിമതികളും വെച്ചുനടത്തുന്നത്. 1998-ല്‍ 22 അധ്യാപക ഒഴിവുകളിലേക്ക് എല്ലാ മാനദണ്ഡങ്ങളും മറികടന്നുകൊണ്ട് സിപിഎമ്മുകാര്‍ക്ക് വേണ്ടപ്പെട്ടവരെ കുത്തിതിരുകിയ വസ്തുതകള്‍ ഏറ്റവും പുതിയ ലക്കം പ്രസാധകന്‍ മാസിക പുറത്തുകൊണ്ടുവന്നു. സിപിഎം നേതാക്കളുടെ മക്കള്‍ക്കും ബന്ധുക്കള്‍ക്കും ഉയര്‍ന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളേക്കാള്‍ കൂടുതല്‍ മാര്‍ക്ക് ഇന്റര്‍വ്യൂവില്‍ നല്‍കുന്ന നികൃഷ്ടമായ തന്ത്രമാണ് ഇവിടെ സ്ഥിരമായി പയറ്റി വരുന്നത്. കേവലം എംഫില്ലും, നെറ്റും മാത്രമുള്ളവര്‍ക്ക് പിഎച്ച്ഡിയും, റാങ്കും അധ്യാപന പരിചയമുള്ളവരേക്കാള്‍ കൂടുതല്‍ മാര്‍ക്ക് അഭിമുഖത്തില്‍ നല്‍കി ജോലി നല്‍കിയതിന്റെ നാറുന്ന കഥകളാണ് പ്രസാധകന്‍ പുറത്തുകൊണ്ടുവന്നിരിക്കുന്നത്.

സിപിഎമ്മിന് വേണ്ടി ധാര്‍മ്മികതയെക്കുറിച്ചും ധാര്‍ഷ്ട്യ സദാചാരത്തെക്കുറിച്ചുമൊക്കെ നാട്ടുകാരെ ഉല്‍ബോധിപ്പിക്കുന്ന സുനില്‍ പി ഇളയിടത്തിന് രണ്ടാം ക്ലാസ് എംഎ ബിരുദവും നെറ്റും മാത്രമാണ് ഉണ്ടായിരുന്നത്. അഭിമുഖത്തില്‍ ഉണ്ടായിരുന്ന 22 പേരില്‍ പിഎച്ച്ഡിയും അധ്യാപന പരിചയവുമുള്ള നിരവധി പേരുണ്ടായിരുന്നു. അവരെയെല്ലാം തഴഞ്ഞുകൊണ്ട് അഭിമുഖ പരീക്ഷയില്‍ ഒന്നാം സ്ഥാനത്തെത്തിയത് സുനിലായിരുന്നു. ഈ വെട്ടിനിരത്തലില്‍ അക്കാലത്ത് സാഹിത്യ രംഗത്ത് അറിയപ്പെട്ടിരുന്ന ഡോ. പി.കെ രാജശേഖരന്‍, ഡോ.പി ഗീത, ഡോ. അനില്‍ വള്ളത്തോള്‍, ഡോ. ആസാദ്, ഡോ. വീരാന്‍കുട്ടി ഇങ്ങനെ ഒട്ടേറെ പ്രമുഖരുണ്ടായിരുന്നു. ഇത്തരം പ്രതിഭാശാലികളെ തൂത്തെറിഞ്ഞാണ് കേവലം രണ്ടാം ക്ലാസ് എംഎ ബിരുദമുള്ള സുനില്‍ പി. ഇളയനിടം പോലുള്ള പിന്‍വാതില്‍ക്കാര്‍ അകത്ത് കയറിയത്. ഓരോരുത്തര്‍ക്കും കിട്ടിയ മാര്‍ക്ക് സഹിതമാണ് ഈ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്നിരിക്കുന്നത്.

പാര്‍ട്ടി ബന്ധം, വ്യക്തി ബന്ധം, ശിക്ഷ്യത്വം ഇതൊക്കെ മാത്രമാണ് സംസ്‌കൃത സര്‍വ്വകലാശാലയില്‍ നിയമനത്തിനുള്ള അടിസ്ഥാന യോഗ്യത. ഒരു സര്‍വ്വകലാശാലയെ എങ്ങനെയാണ് രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ താവളമാക്കി മാറ്റിയെന്നതിന്റെ നേര്‍കാഴ്ചയാണ് പ്രസാധകനിലെ റിപ്പോര്‍ട്ട്.

റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം താഴെ:

സംസ്‌കൃത സര്‍വകലാശാല നിയമനങ്ങളിലെ സര്‍വകാല അഴിമതി പുറത്തുവരുമ്പോള്‍

അദ്ധ്യാപക നിയമനത്തില്‍ 23 വര്‍ഷം മുമ്പ് നടന്ന കൂട്ട അഴിമതി പുറത്തു് വന്ന് സംസ്‌കൃത സര്‍വകലാശാലയെ വേട്ടയാടുന്നു.

എല്‍.ആര്‍. ഷാജി

കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ തുടക്കം അല്പം മാറ്റിപ്പറഞ്ഞാല്‍ കേരളത്തെ ഒരു ഭൂതം വേട്ടയാടുകയാണിപ്പോള്‍, സംസ്‌കൃത സര്‍വകലാശാലയിലെ അധ്യാപകനിയമന അഴിമതിയുടെ ഭൂതം. ശരിക്കും ഭൂതം തന്നെയാണ്. ഭൂതകാലത്ത് കുഴിച്ചുമൂടി സുരക്ഷിതമാക്കിയ അഴിമതിയാണ് 23 വര്‍ഷത്തിനുശേഷം സ്വപ്നത്തില്‍പോലും വിചാരിക്കാതെ ഇപ്പോള്‍ വേട്ടയാടാന്‍ തിരിച്ചുവന്നിരിക്കുന്നത്. അന്ന് അസിസ്റ്റന്റ് പ്രൊഫസര്‍മാരായി കയറിയവരെല്ലാം ഇന്ന് പ്രൊഫസര്‍മാരും വകുപ്പുമേധാവികളും പരീക്ഷാനടത്തിപ്പുകാരും ഗവേഷണമാര്‍ഗദര്‍ശികളുമാണ്. 1998-ല്‍ നടന്ന നിയമനതട്ടിപ്പു പുറത്തുവരാന്‍ കാരണം 2005-ല്‍ നിലവില്‍വന്ന വിവരാവകാശനിയമമാണ്.
പ്രശസ്തരും ബഹുമാന്യരുമായ പ്രൊഫസര്‍മാരും സാഹിത്യകാരന്മാരും പ്രഭാഷകരും ബുദ്ധിജീവികളുമാണ് ഈ അധ്യാപകനിയമന അഴിമതിയില്‍ ആരോപണവിധേയരായിരിക്കുന്നത്. ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലുള്ള ആധികാരികരേഖകളും വിവരാവകാശനിയമപ്രകാരം പുറത്തുവന്നിരിക്കുന്നു. എറണാകുളം ജില്ലയിലെ കാലടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ 1998-ല്‍ നടന്ന 22 മലയാളം അധ്യാപകനിയമനങ്ങളിലെ തട്ടിപ്പിന്റെ വിവരങ്ങളാണ് 23 വര്‍ഷത്തിനുശേഷം വെളിച്ചത്തുവരുന്നത്.


ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായുള്ള എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് നടന്ന ആ കൂട്ടഅഴിമതിയുടെ വിവരം പുറത്തുവന്നതാകട്ടെ ഇപ്പോഴത്തെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷമുന്നണി സര്‍ക്കാര്‍ ഭരണം നടത്തുമ്പോള്‍ അതേ യൂണിവേഴ്സിറ്റിയില്‍ നടന്ന ഒരു മലയാളം അധ്യാപകനിയമനത്തെത്തുടര്‍ന്നുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തില്‍. വേണ്ടത്ര യോഗ്യതയില്ലാത്തവരെ നിയമിക്കാന്‍വേണ്ടി യോഗ്യരായ ബഹുഭൂരിപക്ഷം അപേക്ഷകരെയും നിസ്സാര മാര്‍ക്കുനല്‍കി ഒഴിവാക്കുകയും നിയമനം നല്‍കിയവര്‍ക്കു മാത്രം അസാധാരണമായ രീതിയില്‍ ഉയര്‍ന്ന മാര്‍ക്കു വാരിക്കോരിനല്‍കുകയും ചെയ്താണ് 1998-ല്‍ സര്‍വകലാശാല നിയമനം നടത്തിയത്. യോഗ്യരെ മറികടന്ന് യു.ജി.സി. നിര്‍ദ്ദേശിച്ചിട്ടുള്ള യോഗ്യതകളൊന്നുമില്ലാതെ അധ്യാപകരായവരില്‍ പലരും ഇന്ന് സമൂഹത്തിലും സാഹിത്യരംഗത്തുമൊക്കെ ബുദ്ധിജീവികള്‍ എന്ന നിലയില്‍ അതിപ്രശസ്തരാണ്.

പഴയത് വെളിച്ചത്താക്കിയത് പുതിയ വിവാദം

സി.പി.എമ്മിന്റെ യുവനേതാക്കളില്‍ പ്രമുഖനും പാലക്കാട്ടെ മുന്‍ എം.പി.യുമായ എം.ബി. രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിക്ക് സംസ്‌കൃതസര്‍വകലാശാലയില്‍ 2021 ഫെബ്രുവരിയില്‍ മലയാളം അസിസ്റ്റന്റ് പ്രൊഫസറായി നിയമനം ലഭിച്ചതാണ് വിവാദം സൃഷ്ടിച്ച സംഭവം. മുസ്ലിംസംവരണ വേക്കന്‍സിയിലായിരുന്നു നിയമനം. തങ്ങള്‍ നല്‍കിയ മാര്‍ക്കിന്റെ അടിസ്ഥാനത്തിലല്ല നിയമനമെന്ന് ഇന്റര്‍വ്യൂ ബോര്‍ഡില്‍ വിഷയവിദഗ്ധരായിരുന്ന മൂന്നു പ്രൊഫസര്‍മാര്‍ വെളിപ്പെടുത്തിയതോടെ വിവാദം പൊതുരംഗത്ത് ചര്‍ച്ചയായി. സംസ്‌കൃത യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ക്ക് അയച്ച കത്ത് ആ മലയാളം പ്രൊഫസര്‍മാര്‍ മാധ്യമങ്ങള്‍ക്കും നല്‍കി. 2021 ജനുവരി 21-ന് കാലടിയിലെ സര്‍വകലാശാലാ ഓഫീസില്‍ നടന്ന ഉദ്യോഗാര്‍ഥികളുടെ അഭിമുഖത്തിനുശേഷം വിഷയവിദഗ്ധരുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ സെലക്ഷന്‍ കമ്മിറ്റിയംഗങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്തും വിലയിരുത്തിയും ഒരു ധാരണയില്‍ എത്തിയശേഷമാണ് ഉദ്യോഗാര്‍ത്ഥികളെ പട്ടികപ്പെടുത്തി മാര്‍ക്ക് നല്‍കിയത് എന്നാണ് കത്തില്‍ പറയുന്നത്.

ഡോ. ടി. പവിത്രന്‍, ഡോ. ഉമര്‍ തറമേല്‍, ഡോ. കെ.എം. ഭരതന്‍ എന്നീ വിഷയവിദഗ്ദ്ധര്‍ 2021 ജനുവരി 31-ന് വൈസ് ചാന്‍സലര്‍ക്ക് അയച്ച കത്ത് പുറത്തുവന്നതിനു പിന്നാലെയാണ് സംസ്‌കൃതസര്‍വകലാശാലയില്‍ 23 വര്‍ഷംമുമ്പ് നടന്ന അധ്യാപകനിയമനത്തില്‍ ഇതിനെക്കാള്‍ എത്രയോ ഭീകരമായ കൂട്ടഅഴിമതി നടന്നിട്ടുണ്ട് എന്ന ആരോപണവും അതു തെളിയിക്കുന്ന വിവരാവകാശരേഖകളും പുറത്തുവന്നത്. അന്നത്തെ റാങ്ക് പട്ടികയും ഇന്റര്‍വ്യൂമാര്‍ക്കുമെല്ലാം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. 1998-ല്‍ ഇന്റര്‍വ്യൂവില്‍ എല്ലാ യോഗ്യതകളോടെയും പങ്കെടുത്തെങ്കിലും നിസ്സാരമാര്‍ക്കു നല്‍കി പുറത്താക്കപ്പെട്ട എഴുത്തുകാരനും സാമൂഹികനിരീക്ഷകനുമായ പ്രൊഫ. ആസാദ് ഫെയ്സ്ബുക്കിലൂടെ അന്നത്തെ ഇന്റര്‍വ്യൂവിനെപ്പറ്റിയും മാര്‍ക്കു നല്‍കലിലെ കളികളെ പറ്റിയും വെളിപ്പെടുത്തിയതോടെ ചര്‍ച്ചയ്ക്കു ചൂടുപിടിച്ചു. 1998-ല്‍ നിയമനം നടന്നുകഴിഞ്ഞപ്പോള്‍ ഊമക്കത്തായി ഒരു ‘അന്വേഷണറിപ്പോര്‍ട്ട്’ തപാലില്‍ അയച്ചു പ്രചരിപ്പിച്ചിരുന്നു. അന്ന് ആരും വേണ്ടത്ര പരിഗണിക്കാതെ വിട്ട ആ അന്വേഷണരേഖയില്‍ പറഞ്ഞിരുന്ന കാര്യങ്ങളെല്ലാം ഏതാണ്ട് ശരിയാണെന്നു തെളിയിക്കുന്നതാണ് പുതുതായി പുറത്തുവന്ന വിവരാവകാശരേഖകളും മാര്‍ക്ക് ഷീറ്റുകളും. ഏഷ്യാനെറ്റ് ന്യൂസിലെ വാര്‍ത്താപരിപാടിയായ മലബാര്‍ മാന്വലിലൂടെ ലേഖകന്‍ ഷാജഹാന്‍ അഴിമതിവാര്‍ത്ത ജനശ്രദ്ധയിലേക്കു കൊണ്ടുവന്നു. സാമൂഹികനിരീക്ഷകനായ അഡ്വ. ജയശങ്കര്‍ തന്റെ യൂട്യൂബ് ചാനലില്‍ വീഡിയോകളുമായി രംഗത്തെത്തിയതോടെ വാര്‍ത്ത കൂടുതല്‍ ശ്രദ്ധ നേടി. പിന്നാലെ സാമൂഹികനിരീക്ഷകന്‍ കെ.എം. ഷാജഹാന്റെയും വീഡിയോകള്‍ പുറത്തുവന്നു. സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമായി. ഇതോടെയാണ് ഉന്നതവിദ്യാഭ്യാസ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടഅഴിമതി പൊതുജനമധ്യത്തില്‍ എത്തിയത്.
നിയമനവിവാദത്തിന് തുടക്കംകുറിച്ചുകൊണ്ട് വിഷയവിദഗ്ധരായ പ്രൊഫസര്‍മാര്‍ ടി. പവിത്രന്‍, ഉമര്‍ തറമേല്‍, കെ.എം. ഭരതന്‍ എന്നിവര്‍ സംസ്‌കൃത യൂണിവേഴ്സിറ്റി വി.സിക്ക് 2021 ജനുവരി 31-ന് അയച്ച കത്ത് ഇങ്ങനെ തുടരുന്നു:


”എന്നാല്‍, അസി.പ്രൊഫസര്‍ (മുസ്ലിം സംവരണം) തസ്തികയില്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ച പട്ടിക ഈ ധാരണയ്ക്ക് വിരുദ്ധമാണെന്ന് അറിയുന്നു. കോളേജ് / സര്‍വകലാശാലാതലത്തിലുള്ള അധ്യാപനപരിചയമോ കാര്യമായ പ്രസിദ്ധീകരണങ്ങളോ ഇല്ലാത്ത ഒരു ഉദ്യോഗാര്‍ഥി തന്റെ മുന്നിലുള്ള രണ്ടോ അതിലധികമോ മികച്ച ഉദ്യോഗാര്‍ഥികളെ മറികടന്ന് ലിസ്റ്റില്‍ ഒന്നാമതായി മാറിയതായും കഴിഞ്ഞ സിന്‍ഡിക്കേറ്റില്‍ നിയമനം നടത്താന്‍ തീരുമാനിച്ചതായും അറിഞ്ഞു. സര്‍വകലാശാല നിയമിച്ച വിഷയവിദഗ്ധര്‍ എന്ന നിലയ്ക്ക് ഈ തീരുമാനവും നിയമനവും തെറ്റാണെന്നും സര്‍വകലാശാല എത്തിക്സിനു എതിരാണെന്നും ഞങ്ങള്‍ ബോധ്യപ്പെടുത്തട്ടെ. സര്‍വകലാശാല അധികാരികള്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് നിയമനം നല്‍കാനായിരുന്നു എങ്കില്‍ യു.ജി.സി. ഇക്കാര്യത്തില്‍ നിര്‍ദ്ദേശിക്കുന്ന വിഷയവിദഗ്ധരുടെ ആവശ്യം ബോര്‍ഡില്‍ എന്താണെന്ന് ഞങ്ങള്‍ക്ക് മനസ്സിലാവുന്നില്ല. ആയതുകൊണ്ട് ഈ നിയമനത്തോട് ശക്തമായ വിയോജിപ്പ് ഞങ്ങള്‍ രേഖപ്പെടുത്തുന്നു. ഇരുപതും മുപ്പതും വര്‍ഷത്തെ അധ്യാപനപരിചയം ഉള്ളവരായ അദ്ധ്യാപകര്‍ എന്ന നിലയ്ക്ക് അക്കാദമിക് സമൂഹത്തോടും വിദ്യാര്‍ഥിസമൂഹത്തോടും ചില ധാര്‍മികമായ ഉത്തരവാദിത്വങ്ങള്‍ ഞങ്ങള്‍ക്കുണ്ട്. ഞങ്ങളെ മുന്നില്‍ നിര്‍ത്തിയുള്ള ഈ തെറ്റായ നിയമനം ഞങ്ങളുടെ ധാര്‍മികമായ ഉത്തരവാദിത്വത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നു, എന്നു മാത്രമല്ല സര്‍വകലാശാലയുടെ സല്‍പ്പേരിനും അന്തസ്സിനും കളങ്കമേല്‍പ്പിക്കുകയും ചെയ്തതായും ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. ആയതിനാല്‍, സര്‍വകലാശാലാ അധികൃതരുടെ ഈ തെറ്റായ നയത്തില്‍ ഞങ്ങള്‍ കടുത്ത പ്രതിഷേധവും വിയോജിപ്പും രേഖപ്പെടുത്തുന്നതോടൊപ്പം അനധികൃതമായ ഈ നിയമനം മരവിപ്പിച്ച് ഇന്റര്‍വ്യൂ ബോര്‍ഡിന്റെ കൂട്ടായ തീരുമാനം നടപ്പിലാക്കണമെന്നു ബഹു. വൈസ് ചാന്‍സലറോട് അഭ്യര്‍ഥിക്കുകയും ചെയ്യുന്നു.”
വൈസ് ചാന്‍സലര്‍, പ്രോവൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, വകുപ്പുമേധാവി, വിഷയവിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് ഇന്റര്‍വ്യൂ ബോര്‍ഡ്. ഉദ്യോഗാര്‍ഥിയുടെ മികവു നിശ്ചയിക്കേണ്ടവരാണ് വിഷയവിദഗ്ധര്‍. യോഗ്യതയുടെ അടിസ്ഥാനത്തില്‍ മാര്‍ക്കു നല്‍കിയുണ്ടാക്കിയ പട്ടികയ്ക്കു വിരുദ്ധമായി നിനിത കണിച്ചേരിയെ നിയമിച്ചു എന്ന് വിഷയവിദഗ്ധര്‍തന്നെ വെളിപ്പെടുത്തിയതോടെ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി വിവാദം കൊഴുത്തു. യു.ജി.സി.യുടെ നെറ്റ് (എന്‍.ഇ.ടി.) യോഗ്യതാപരീക്ഷയിലെ ജയം, പി.എച്ച്.ഡി., യു.ജി.സി. അംഗീകൃത ജേണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രബന്ധങ്ങള്‍, പുസ്തകങ്ങള്‍, കോളേജ്, യൂണിവേഴ്സിറ്റി തലത്തിലുള്ള അധ്യാപനപരിചയം, ബിരുദ-ബിരുദാനന്തരതലത്തിലെ റാങ്ക് തുടങ്ങിയവയാണ് അധ്യാപകനിയമനത്തിനുള്ള യോഗ്യതകള്‍. അധ്യാപനപരിചയം, പുസ്തകം, പ്രബന്ധം തുടങ്ങിയവ അധികയോഗ്യതയായുള്ള രണ്ടുപേരെ ഒഴിവാക്കി പി.എച്ച്.ഡി. മാത്രമുള്ള നിനിത കണിച്ചേരിയെ നിയമിച്ചത് ഭരണകക്ഷിയായ സി.പി.എമ്മിന്റെ പിന്‍ബലത്തിലാണ് എന്ന ആരോപണവുമായി കോണ്‍ഗ്രസും ബി.ജെ.പി.യുമൊക്കെ രംഗത്തുവന്നു. ഈ സമയത്താണ് സംസ്‌കൃതസര്‍വകലാശാലയില്‍ 1998-ല്‍ നിയമനം നേടി ഇന്ന് പ്രൊഫസര്‍മാരും വകുപ്പുമേധാവിയും അസോസിയേറ്റ് പ്രൊഫസര്‍മാരുമൊക്കെയായിരിക്കുന്നവര്‍ സമാനമായ അഴിമതിയിലൂടെയാണ് ജോലി നേടിയതെന്നു തെളിയിക്കുന്ന വിവരാവകാശരേഖകളുടെ രംഗപ്രവേശം. സോഷ്യല്‍ മീഡിയവഴി അന്നത്തെ റാങ്ക് ലിസ്റ്റും അന്നത്തെ ഇന്റര്‍വ്യൂ ബോര്‍ഡ് ഉദ്യോഗാര്‍ഥികള്‍ക്കു നല്‍കിയ മാര്‍ക്കും ഉള്‍പ്പെടുന്ന രേഖകള്‍ അങ്ങനെ പൊതുജനങ്ങള്‍ക്കിടയിലെത്തി.


സോഷ്യല്‍ മീഡിയ വെബ്സൈറ്റുകളും യൂട്യൂബ് ചാനലുകളിലെ സാമൂഹിക നിരീക്ഷകരും ഫെയ്സ്ബുക്ക് അക്കൗണ്ടുകാരും ആ രേഖകള്‍ ഉദ്ധരിച്ചു ചര്‍ച്ച തുടങ്ങിയതോടെ സംസ്‌കൃതസര്‍വകലാശാലയിലെ അധ്യാപകനിയമനം അഴിമതിയില്‍ പടുത്തുയര്‍ത്തിയതാണെന്നു വ്യക്തമായി. ഇന്ന് സര്‍വകലാശാലയില്‍ പഠിപ്പിക്കുകയും പരീക്ഷനടത്തിപ്പും ഗവേഷണമേല്‍നോട്ടവും ഉള്‍പ്പെടെയുള്ള അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കുകയും ചെയ്യുന്ന പ്രൊഫസര്‍മാര്‍ വലിയൊരു അഴിമതിയുടെ ഫലമായി വന്നവരാണെന്ന വിവരം കോളിളക്കമുണ്ടാക്കിയത് സ്വാഭാവികംമാത്രം. സാഹിത്യരംഗത്തും പ്രഭാഷണവേദികളിലും നിറഞ്ഞുനില്‍ക്കുന്ന ഇടതുപക്ഷ ചിന്തകനായ ഡോ. സുനില്‍ പി. ഇളയിടം 1998-ല്‍ ലക്ചറര്‍ നിയമനം നേടിയത് വെറും നെറ്റ് യോഗ്യതയും (ജൂനിയര്‍ റിസര്‍ച്ച് ഫെലൊഷിപ്പ് എന്ന ജെ.ആര്‍.എഫ് ഉള്‍പ്പെടെ) എം.എ. രണ്ടാംക്ലാസും കൊണ്ടാണെന്ന വിവരമാണ് പൊതുസമൂഹത്തില്‍ വലിയ ഞെട്ടലുണ്ടാക്കിയത്. വിവാദത്തിനു പ്രചാരം കിട്ടാന്‍ ഒരു കാരണവും അതുതന്നെ. പ്രസിദ്ധ എഴുത്തുകാരായ എന്‍. അജയകുമാര്‍, പ്രദീപന്‍ പാമ്പിരിക്കുന്ന്, പി. പവിത്രന്‍, തോമസുകുട്ടി, ഷാജി ജേക്കബ് തുടങ്ങിയവരും അക്കൂട്ടത്തിലുണ്ട്. ഇപ്പോഴത്തെ മലയാളം വകുപ്പുമേധാവി ലിസി മാത്യുവും അന്നു നിയമിക്കപ്പെട്ടതാണ്.

അഴിമതിയില്‍ തുടക്കം അഴിമതി ആരോപണങ്ങളും വിവാദങ്ങളും സംസ്‌കൃതയൂണിവേഴ്സിറ്റിക്കു തറക്കല്ലിട്ടതുമുതലുണ്ട്. കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ശ്രീശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിയില്‍ സംസ്‌കൃത സര്‍വകലാശാല തുടങ്ങാന്‍ തീരുമാനമായത്. തുളസീവനമെന്ന തൂലികാനാമത്തില്‍ സംഗീതകൃതികളും ആട്ടക്കഥയുമൊക്കെ എഴുതിയിട്ടുള്ള മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ആര്‍. രാമചന്ദ്രന്‍ നായര്‍ സ്പെഷ്യല്‍ ഓഫീസറായി പ്രവര്‍ത്തനം തുടങ്ങി. ആര്‍. രാമചന്ദ്രന്‍ നായര്‍ തന്നെയായിരുന്നു ആദ്യ വി.സി. അക്കാലത്ത് ഐ.എ.എസുകാരെ വി.സിയാക്കുന്ന പതിവുണ്ടായിരുന്നു. യു.ജി.സി. വ്യവസ്ഥകള്‍ കടുത്തതായിരുന്നില്ല. 1993 നവംബറില്‍ സര്‍വ്വകലാശാല നിലവില്‍ വന്നെങ്കിലും യു.ജി.സി. 2 (എഫ്) എന്ന വകുപ്പില്‍പ്പെടുത്തി അംഗീകാരം നല്‍കിയ 1994 ആണ് സ്ഥാപകവര്‍ഷമായി ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളത്. സംസ്ഥാനവ്യാപകമായി പ്രവര്‍ത്തനപരിധിയുള്ളതാണ് സംസ്‌കൃത യൂണിവേഴ്സിറ്റി. കാലടിയില്‍ ആസ്ഥാനം. പുറമേ വിവിധ സ്ഥലങ്ങളിലായി എട്ട് ഉപകേന്ദ്രങ്ങള്‍ (പയ്യന്നൂര്‍, കൊയിലാണ്ടി, തിരൂര്‍, തൃശ്ശൂര്‍, ഏറ്റുമാനൂര്‍, തുറവൂര്‍, പന്മന, തിരുവനന്തപുരം). ഇപ്പോള്‍ എല്ലാംകൂടി 26 പഠനവകുപ്പുകളുണ്ട്. പെയിന്റിങ്, സൈക്കോളജി, അറബി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്സ്, എഡ്യൂക്കേഷന്‍, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, ഉര്‍ദു എന്നീ പഠനവകുപ്പുകള്‍ക്ക് സംസ്‌കൃതവുമായി എന്തു ബന്ധമെന്നൊന്നും ചോദിക്കരുത്.
തുടക്കത്തില്‍ത്തന്നെ തുടങ്ങി വ്യവസ്ഥ തെറ്റിച്ചുള്ള നിയമനങ്ങള്‍. മറ്റു കോളേജുകളില്‍നിന്നു വന്നവരും പുതുതായി നിയമിക്കപ്പെട്ടവരുമായാണ് സര്‍വകലാശാല പ്രവര്‍ത്തനം തുടങ്ങിയത്. 1994 ജൂണ്‍ 14-ന് വിജ്ഞാപനം പുറപ്പെടുവിച്ചാണ് ആര്‍. രാമചന്ദ്രന്‍ നായര്‍ വി.സി.യായപ്പോള്‍ നിയമനങ്ങള്‍ നടത്തിയത്. സംസ്‌കൃതം, ഹിന്ദി, മലയാളം, ഇംഗ്ലീഷ് വിഷയങ്ങളിലായിരുന്നു നിയമനം. സ്റ്റാറ്റിയൂട്ട് പോലുമില്ലാത്ത സര്‍വകലാശാലയില്‍ സെലക്ഷന്‍ കമ്മിറ്റിയും വ്യവസ്ഥയുമൊന്നുമില്ലാതെയായിരുന്നു അധ്യാപകരെ നിയമിച്ചത്. സംസ്‌കൃതത്തിലെ അധ്യാപകനിയമനങ്ങള്‍ ചോദ്യംചെയ്തുകൊണ്ട് പി.കെ. സോമരാജനും (പുത്തന്‍വീട്, കളിയില്‍വിള, എഴുകോണ്‍, കൊല്ലം) മറ്റും നാല് ഹര്‍ജികള്‍ ഹൈക്കോടതിയില്‍ നല്‍കി. 31 ലക്ചറര്‍മാരുടെയും അഞ്ച് റീഡര്‍മാരുടെയും (അസിസ്റ്റന്റ് പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍ എന്നിവയ്ക്കു പകരം ലക്ചറര്‍, റീഡര്‍ എന്നായിരുന്നു അന്ന് തസ്തികപ്പേര്) നിയമനം 1996 ഏപ്രില്‍ 12-ന് ഹൈക്കോടതി സിംഗിള്‍ബെഞ്ച് ജഡ്ജി കെ.കെ. ഉഷ റദ്ദാക്കി.

1996ലെ സ്ഥിരപ്പെടുത്തലും കൂട്ടപ്പിരിച്ചുവിടലും
സിംഗിള്‍ ബെഞ്ച് വിധി വന്നശേഷം 1996 മേയ് നാലിന് മുന്‍ വി.സി.യായ ആര്‍. രാമചന്ദ്രന്‍നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം അധ്യാപകരും അനധ്യാപകരും ഉള്‍പ്പെടെയുള്ള എല്ലാ താല്‍ക്കാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്താന്‍ തീരുമാനമെടുത്തു. കോടതിവിധി വരുന്ന 1996 ഏപ്രില്‍ 12-നു മുമ്പുള്ള തീയതിയായ 1996 മാര്‍ച്ച് ഒന്നു മുതല്‍ക്ക് സ്ഥിരപ്പെടുത്താനായിരുന്നു തീരുമാനം. ഡെപ്യൂട്ടേഷനില്‍ മറ്റു കോളേജുകളില്‍നിന്നുവന്ന 12 അധ്യാപകരെയും നേരിട്ടു നിയമിച്ച 52 അധ്യാപകരെയുമാണ് സ്ഥിരപ്പെടുത്തിയത്. അക്കൂട്ടത്തില്‍ യോഗ്യതയില്ലാത്ത 27 അധ്യാപകര്‍ 2000 ഡിസംബര്‍ 31-ന് മുമ്പ് യോഗ്യത നേടിയാല്‍ മതി എന്ന ആനുകൂല്യവും ആ സിന്‍ഡിക്കേറ്റ് നല്‍കി. എന്‍.ഇ.ടി. പരീക്ഷ ജയിക്കുക, പി.എച്ച്.ഡി. നേടുക തുടങ്ങിയവയാണ് ആ നേടിയെടുക്കേണ്ട യോഗ്യതകള്‍. അവയൊന്നുമില്ലാതെയാണ് 27 പേരെയും ലക്ചറര്‍മാരാക്കിയിരുന്നത്. അനധ്യാപകജീവനക്കാരില്‍ ദിവസക്കൂലി, കരാര്‍ അടിസ്ഥാനത്തില്‍ ജോലി നേടിയിരുന്ന 168 പേരെയും ഒപ്പം സ്ഥിരപ്പെടുത്തി. ഡ്രൈവര്‍, ഗാര്‍ഡനര്‍, അറ്റന്‍ഡര്‍, പ്യൂണ്‍ തുടങ്ങിയ 13 വിഭാഗങ്ങളിലായിരുന്നു സ്ഥിരീകരണം.
പക്ഷേ, ജസ്റ്റിസ് കെ.കെ. ഉഷയുടെ വിധിക്കെതിരേയുള്ള റിട്ട് അപ്പീലില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് 1997 മാര്‍ച്ച് 23-ന് സംസ്‌കൃത സര്‍വകലാശാലയുടെ തലയ്ക്കടിച്ചു. കടുത്ത അഴിമതി കണ്ടെത്തിയ ഡിവിഷന്‍ബെഞ്ചിലെ ചീഫ് ജസ്റ്റിസ് കെ. ശ്രീധരന്‍, ജസ്റ്റിസ് സി.എസ്. രാജന്‍ എന്നിവര്‍ ഒരുവിധത്തിലുമുള്ള സ്ഥിരനിയമനം നടത്താന്‍ യൂണിവേഴ്സിറ്റിക്ക് അധികാരമില്ലെന്ന് വിധിച്ചു. അപ്പോഴേക്കും മന്ത്രിസഭ മാറിക്കഴിഞ്ഞിരുന്നു. 1996 ഏപ്രില്‍ 27-ന് നടന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ സി.പി.എം. നേതൃത്വത്തിലുള്ള ഇടതുപക്ഷമുന്നണി അധികാരത്തിലെത്തി. ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയും അത്തവണ ഇടതുമുന്നണിയില്‍ ചേക്കേറിയിരുന്ന കേരള കോണ്‍ഗ്രസ് (ജെ) നേതാവ് പി.ജെ. ജോസഫ് വിദ്യാഭ്യാസ മന്ത്രിയുമായി. സംസ്‌കൃത യൂണിവേഴ്സിറ്റിയില്‍ പുതിയ വൈസ് ചാന്‍സലറും രജിസ്ട്രാറും സിന്‍ഡിക്കേറ്റും വന്നു. എല്ലാം ഇടതുപക്ഷക്കാര്‍. കേരള സര്‍വകലാശാലയിലെ സംസ്‌കൃതം പ്രൊഫസറും തിരുവല്ലാക്കാരനുമായ എന്‍.പി. ഉണ്ണിയായിരുന്നു വി.സി. കണ്ണൂരിലെ ചെറുതാഴത്തുകാരനും പുരോഗമനസാഹിത്യസംഘം ഭാരവാഹിയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ സംസ്‌കൃതം പ്രൊഫസറുമായ എന്‍.വി.പി. ഉണിത്തിരി പ്രോ വൈസ് ചാന്‍സലറും പ്രിന്‍സിപ്പല്‍ ഡീന്‍ ഓഫ് സ്റ്റഡീസുമായും വന്നു. ഇടതുപക്ഷ കോളേജ് അധ്യാപകസംഘടനാ നേതാവായിരുന്ന സംസ്‌കൃതപണ്ഡിതന്‍ ഡോ. കെ.ജി. പൗലോസായിരുന്നു രജിസ്ട്രാര്‍. കരുണാകരന്റെ കോണ്‍ഗ്രസ് ദുര്‍ഭരണകാലത്തെ അഴിമതി തുടച്ചുനീക്കാന്‍ വി.സി., പി.വി.സി., രജിസ്ട്രാര്‍, സിന്‍ഡിക്കേറ്റ് ശക്തികള്‍ തീരുമാനിച്ചു. കോടതിവിധിയുടെ അടിസ്ഥാനത്തില്‍ സിന്‍ഡിക്കേറ്റ് യോഗംചേര്‍ന്ന് സ്ഥിരനിയമനങ്ങളെല്ലാം റദ്ദാക്കി. 1996 മെയ് നാലിലെ സിന്‍ഡിക്കേറ്റ് തീരുമാനപ്രകാരം സ്ഥിരപ്പെടുത്തിയ എല്ലാവരെയും പിരിച്ചുവിട്ടു. മറ്റു സര്‍വീസുകളില്‍നിന്നു സംസ്‌കൃത യൂണിവേഴ്സിറ്റിയില്‍ വന്നവര്‍ക്ക് മാതൃസ്ഥാപനങ്ങളിലേക്കു തിരിച്ചുചേരുന്നതിന് അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവുമിറക്കി. അങ്ങനെ പല അധ്യാപകരും പഴയ കോളേജുകളിലേക്കു മടങ്ങി.


എല്ലാ അധ്യാപകരെയും പിരിച്ചുവിട്ടതോടെ ഫലത്തില്‍ സര്‍വകലാശാല ഇല്ലാതായി എന്നു പറയാം. കോണ്‍ട്രാക്ട് നിയമനത്തിലൂടെ അധ്യാപകരെ കണ്ടെത്താനുള്ള നടപടി ഉടന്‍ ആരംഭിച്ചു. 1997 ഏപ്രില്‍ 30-ന് മലയാളം, സംസ്‌കൃതം, ഹിന്ദി, ഇംഗ്ലിഷ്, എഡ്യുക്കേഷന്‍, ഇക്കണോമിക്സ്. പൊളിറ്റിക്സ്, ജോഗ്രഫി, സൈക്കോളജി, ഹിസ്റ്ററി, പെയിന്റിങ്, കന്നഡ, ജ്യോതിഷം, ആയുര്‍വേദം, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ തുടങ്ങിയ വിഷയങ്ങളിലേക്കെല്ലാം അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ക്ക് യു.ജി.സി. നിര്‍ദ്ദേശിച്ചിട്ടുള്ള യോഗ്യതകള്‍ വേണമെന്ന് പ്രത്യേകം എടുത്തുപറഞ്ഞിരുന്നു. സംസ്‌കൃതത്തില്‍ ന്യായം, വേദാന്തം, സാഹിത്യം, വ്യാകരണം എന്നീ നാലു വകുപ്പുകളിലേക്കായിരുന്നു അപേക്ഷ ക്ഷണിച്ചിരുന്നത്. നിയമനം നടന്നതോടെ പരാതികളും ആരോപണങ്ങളും തുടങ്ങി. വേദാന്തം, വ്യാകരണം, ഹിന്ദി, മലയാളം എന്നീ വകുപ്പുകളിലെ നിയമനങ്ങളെക്കുറിച്ചായിരുന്നു പരാതി. വേദാന്തത്തില്‍ നിയമനം കിട്ടിയവരുടെ ജാതിയും വയസ്സുമൊക്കെ ആരോപണവിധേയമായി.
കോണ്‍ട്രാക്ട് നിയമനം നടത്തി ഒരു വര്‍ഷം ക്ലാസു നടത്തിയശേഷമാണ് സ്ഥിരംഅധ്യാപകരെ നിയമിക്കാനുള്ള നടപടി 1998-ല്‍ ആരംഭിച്ചത്. ഇരുപത്തിരണ്ടുവര്‍ഷത്തിനുശേഷം ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഞെട്ടിപ്പിക്കുന്ന അഴിമതിയുടെ തുടക്കം അപ്പോഴായിരുന്നു.

1998-ലെ കൂട്ടനിയമനവും’കൂട്ടക്കൊല’യും
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ ചിഹ്നത്തില്‍ സംസ്‌കൃതഭാഷയില്‍ രേഖപ്പെടുത്തിയിട്ടുള്ള ആപ്തവാക്യം ഇങ്ങനെയാണ്: ‘ജ്ഞാനേവ തു കൈവല്യം’ അറിവിലൂടെ മോക്ഷം അറിവിലൂടെ ആനന്ദം എന്നൊക്കെയാണ് ഇതിന്റെ അര്‍ഥം. അധ്യാപകരാണല്ലോ ആ മോക്ഷം നല്‍കേണ്ടവര്‍. ലത്തീന്‍ ഭാഷയിലെ ‘യൂണിവേഴ്സിറ്റാസ് മജിസ്ത്രോറം എത് സ്‌കോളാറിയം’ എന്ന പ്രയോഗത്തില്‍ നിന്നുണ്ടായതാണ് യൂണിവേഴ്സിറ്റി എന്ന വാക്ക്. ‘അധ്യാപകരുടെയും പണ്ഡിതരുടെയും സമൂഹം’ എന്നാണ് ഈ ലത്തീന്‍ ഭാഷപ്രയോഗത്തിന് അര്‍ഥം. അധ്യാപകരാണല്ലോ യൂണിവേഴ്സിറ്റി. അങ്ങനെയുള്ള മോക്ഷദായകരായ മലയാളം അധ്യാപകരെ കണ്ടെത്താന്‍ 1998 മേയില്‍ കാലടിയിലെ സര്‍വകലാശാലാആസ്ഥാനത്തു നടന്ന ഇന്റര്‍വ്യൂ ആധുനിക കേരളത്തിന്റെ വിദ്യാഭ്യാസചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടഅഴിമതിയുടെ വേദിയായി മാറി. യോഗ്യതയുള്ളവരുടെ കൂട്ടക്കുരുതിയുടെ വേദിയുമായിരുന്നു അത്. ഇന്റര്‍വ്യൂ ബോര്‍ഡിലെ വൈസ് ചാന്‍സലര്‍ ഉള്‍പ്പടെയുള്ള ആറ് പ്രൊഫസര്‍മാരായിരുന്നു എല്ലാ വ്യവസ്ഥകളും കാറ്റില്‍പ്പറത്തി യോഗ്യതയുള്ളവരെ പുറത്താക്കി യോഗ്യത കുറഞ്ഞവരെ അധ്യാപകരാക്കി നിയമിച്ചത്. അവര്‍ നല്‍കിയ മാര്‍ക്കുകളുടെ വിവരംകൂടി അറിഞ്ഞാലേ തങ്ങളുടെ പദവി ദുരുപയോഗം ചെയ്തുകൊണ്ട് പണ്ഡിതരായ ആ പ്രൊഫസര്‍മാര്‍ നടത്തിയ ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമായ ചെയ്തിയുടെ ഭയാനകത ബോധ്യമാവൂ.


22 അധ്യാപക വേക്കന്‍സികളാണ് മലയാളത്തില്‍ ഉണ്ടായിരുന്നത്. 211 ഉദ്യോഗാര്‍ഥികള്‍ ഇന്റര്‍വ്യൂവില്‍ ഹാജരായി. ഏഴുപേരാണ് ഉദ്യോഗാര്‍ഥികളെ ഇന്റര്‍വ്യൂ ചെയ്തത്. മലയാളം വകുപ്പധ്യക്ഷന്‍ ഡോ. സ്‌കറിയ സക്കറിയ, വൈസ് ചാന്‍സലര്‍ ഡോ. എന്‍.പി. ഉണ്ണി, പ്രിന്‍സിപ്പല്‍ ഡീന്‍ ഡോ. എന്‍.വി.പി. ഉണിത്തിരി, രജിസ്ട്രാര്‍ ഡോ. കെ.ജി. പൗലോസ്, സിന്‍ഡിക്കേറ്റംഗം പ്രൊഫ. കെ. ശരച്ചന്ദ്രന്‍, വിഷയവിദഗ്ധരായ ഡോ. കെ.എം. പ്രഭാകരവാരിയര്‍, ഡോ. ഒ.എം. അനുജന്‍ എന്നിവരാണ് ഇന്റര്‍വ്യൂ ബോര്‍ഡിലുണ്ടായിരുന്ന ഏഴുപേര്‍. ചങ്ങനാശ്ശേരി എസ്.ബി. കോളേജിലെ അധ്യാപകനായിരുന്ന സ്‌കറിയ സക്കറിയ 1994-ല്‍ സംസ്‌കൃത സര്‍വകലാശാലയില്‍ റീഡറായാണ് എത്തിയത്. ഹൈക്കോടതി പിരിച്ചുവിട്ടവരുടെ കൂട്ടത്തില്‍ അദ്ദേഹവും ഉള്‍പ്പെട്ടിരുന്നു. 1997-ല്‍ അദ്ദേഹം പ്രൊഫസറും വകുപ്പധ്യക്ഷനുമായി. 2007-ല്‍ പെന്‍ഷന്‍ പറ്റുന്നതുവരെ അവിടെ തുടരുകയും ചെയ്തു.

ഭാഷാശാസ്ത്രജ്ഞനായ കെ.എം. പ്രഭാകരവാരിയര്‍ മദ്രാസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായിരുന്നു. കവി ഒളപ്പമണ്ണയുടെ സഹോദരനാണ് കവിയും ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ മലയാളം പ്രൊഫസറുമായിരുന്ന ഒ.എം. അനുജന്‍. പഴയ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ കെ. മോഹനചന്ദ്രന്റെയും പരേതനായ ചെറുകഥാകൃത്ത് പ്രൊഫ. കെ. ജയചന്ദ്രന്റെയും സഹോദരനും കേരള സര്‍വകലാശാലയിലെ ഫിലോസഫി പ്രൊഫസറുമായിരുന്നു സിന്‍ഡിക്കേറ്റംഗം കെ. ശരച്ചന്ദ്രന്‍. കെ.ജി. പൗലോസ് ബോര്‍ഡില്‍ ഉണ്ടായിരുന്നെങ്കിലും രജിസ്ട്രാര്‍ ആയതിനാല്‍ മാര്‍ക്കിട്ടില്ല.
1998 മെയ് 22-ന് നിയമനം കിട്ടിയ അധ്യാപകരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സര്‍വകലാശാല തന്നെ ഇപ്പോള്‍ വിവരാവകാശനിയമപ്രകാരം ആ റാങ്ക് പട്ടിക പുറത്തേക്ക് നല്‍കിയിട്ടുണ്ട്. നിയമനം നേടിയ 22 പേരുടെ പട്ടിക ഇതാണ് (ബ്രാക്കറ്റില്‍ ഓരോരുത്തര്‍ക്കും ഇന്റര്‍വ്യൂ ബോര്‍ഡ് നല്‍കിയ മാര്‍ക്ക്):

 1. ദിലീപ് കുമാര്‍ കെ.വി. (126)
 2. ആശാലത വി. (102)
 3. അജയകുമാര്‍ എന്‍. (120)
 4. പ്രദീപന്‍ പാമ്പിരിക്കുന്ന് (120)
 5. പവിത്രന്‍ പി. (114)
 6. ഷിഫ എസ്. (132)
 7. പ്രിയ എസ്. (108)
 8. തോമസുകുട്ടി എല്‍. (60)
 9. കൃഷ്ണന്‍ നമ്പൂതിരി എം. (108)
 10. രാധാകൃഷ്ണന്‍ പി.എസ്. (48)
 11. ഷാജി ജേക്കബ് (114)
 12. സജിത കെ.ആര്‍. (120)
 13. ലിസി മാത്യു വി. (111)
 14. സേതുകുമാര്‍ വി.കെ. (60)
 15. സുഷമ എല്‍. (126)
 16. ഷംസാദ് ഹുസൈന്‍ കെ.ടി. (126)
 17. സന്തോഷ് കെ. (126)
 18. കുമാരന്‍ വയലേരി (70)
 19. സുനില്‍ പി. ഇളയിടം (132)
 20. ഷാജി വി.എസ്. (36)
 21. ബിച്ചു എക്സ്. മലയില്‍ (120)
 22. തോമസ് താമരശ്ശേരി (60)
  നിയമനം നേടുമ്പോള്‍ ഇവരില്‍ പി.എച്ച്.ഡി. ഉണ്ടായിരുന്നത് 11 പേര്‍ക്കു മാത്രം. ആശാലത വി., അജയകുമാര്‍ എന്‍., പവിത്രന്‍ പി., പ്രിയ എസ്., തോമസ്‌കുട്ടി എല്‍., ഷാജി ജേക്കബ്, ലിസി മാത്യു, സേതുകുമാര്‍ വി.കെ., സുഷമ എല്‍., കുമാരന്‍ വയലേരി, ഷാജി വി.എസ്. എന്നിവര്‍ക്ക്. എം. കൃഷ്ണന്‍ നമ്പൂതിരിക്ക് എം.ഫിലും നെറ്റും ഉണ്ടായിരുന്നു. കെ.വി. ദിലീപ്കുമാര്‍, ബിച്ചു എക്സ്. മലയില്‍, തോമസ് താമരശ്ശേരി എന്നിവര്‍ക്കാകട്ടെ എം.ഫില്‍ മാത്രമായിരുന്നു യോഗ്യത. ദിലീപ്കുമാര്‍ പി.എച്ച്.ഡി. പ്രബന്ധം സമര്‍പ്പിച്ചിരുന്നു. പ്രദീപന്‍ പാമ്പിരിക്കുന്ന്, എസ്. ഷിഫ, പി.എസ്. രാധാകൃഷ്ണന്‍, കെ. ആര്‍. സരിത, ഷംസാദ് ഹുസൈന്‍, എച്ച്.കെ. സന്തോഷ്, സുനില്‍ പി. ഇളയിടം എന്നിവര്‍ക്ക് വെറും നെറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ അധ്യാപകനിയമനം കിട്ടുമ്പോള്‍.

മാര്‍ക്കിലെ കളിഇനിയാണ് ഇന്റര്‍വ്യൂ ബോര്‍ഡിന്റെ മാര്‍ക്കുനല്‍കല്‍ തന്ത്രം നോക്കേണ്ടത്. 50 ഇന്‍ഡെക്സ് മാര്‍ക്കും 150 ഇന്റര്‍വ്യൂ മാര്‍ക്കും ചേര്‍ന്ന് ആകെ 200 മാര്‍ക്കാണ് ഉദ്യോഗാര്‍ഥിക്ക് സംസ്‌കൃത സര്‍വകലാശാല നിശ്ചയിച്ചത്. പി.എച്ച്.ഡി., റാങ്ക്, ഫസ്റ്റ് ക്ലാസ്, നെറ്റ്, അധ്യാപനപരിചയം, പ്രസിദ്ധീകരണങ്ങള്‍ എന്നിവയ്ക്കുള്ളതാണ് ഇന്‍ഡെക്സ് മാര്‍ക്ക്. പരമാവധി 50 മാര്‍ക്കുവരെ ഇതില്‍ കിട്ടാം. പൊതുവേ അതില്‍ത്താഴെ മാത്രമേ ലഭിക്കാന്‍ ഇടയുള്ളൂ. ഇന്റര്‍വ്യൂ ബോര്‍ഡിലെ ആറ് അംഗങ്ങളില്‍ ഓരോരുത്തരും 25 മാര്‍ക്ക് വീതം നല്‍കുമ്പോള്‍ 150 മാര്‍ക്കാവും. അങ്ങനെ ആകെ 200 മാര്‍ക്കാണ് അധ്യാപന യോഗ്യതയ്ക്കുള്ള മാനദണ്ഡം.


ഇന്റര്‍വ്യൂ ബോര്‍ഡ് നല്‍കിയ മാര്‍ക്കുകള്‍ നോക്കിയാല്‍ കള്ളക്കളി വ്യക്തമാകും. വെറും നെറ്റും എം.ഫിലും മാത്രമുള്ളവര്‍ക്കാണ് പി.എച്ച്.ഡി.ക്കാരെക്കാള്‍ ഇന്റര്‍വ്യൂവില്‍ മാര്‍ക്ക്. ഇന്റര്‍വ്യൂവില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് പി.എച്ച്.ഡി.യും റാങ്കും അധ്യാപനപരിചയവുമില്ലാത്ത സുനില്‍ പി. ഇളയിടത്തിനാണ്; 132 മാര്‍ക്ക്. രണ്ടാംക്ലാസ് എം.എ. ബിരുദവും നെറ്റും മാത്രമുള്ള അദ്ദേഹത്തിന് അന്ന് പ്രസിദ്ധീകൃതരചനകളും ഉണ്ടായിരുന്നില്ല. ഇന്‍ഡെക്സ് മാര്‍ക്കിലെ ഈ കുറവ് പരിഹരിക്കാന്‍ ഇന്റര്‍വ്യൂ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നല്‍കി നിയമനം ഉറപ്പാക്കി. വെറും നെറ്റു മാത്രമുള്ള എസ്. ഷിഫ (132), എച്ച്.കെ.സന്തോഷ് (126), ഷംസാദ് ഹുസൈന്‍ (126), പ്രദീപന്‍ (120), കെ.ആര്‍. സജിത (120) എന്നിവര്‍ക്കും നെറ്റില്ലാതെ എം.ഫില്‍ മാത്രമുള്ള ബിച്ചു എക്സ്. മലയില്‍ (120) എന്നിവര്‍ക്കും ഇതുപോലെ ഇന്റര്‍വ്യൂവില്‍ മാര്‍ക്ക് കൂട്ടിനല്‍കിയാണ് നിയമനലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. എല്‍. സുഷമയ്ക്കും 126 മാര്‍ക്ക് നല്‍കി. പി.എച്ച്.ഡി. ഉണ്ടെങ്കിലും ഇന്‍ഡെക്സ് മാര്‍ക്ക് വളരെക്കുറവായതിനാല്‍ പുറന്തള്ളപ്പെട്ടുപോകാതിരിക്കാനുള്ള വിദ്യയായിരുന്നു അത്. എം.ഫില്‍ മാത്രമുള്ള കെ.വി. ദിലീപ് കുമാറിനും ഇന്‍ഡെക്സ് മാര്‍ക്ക് വളരെക്കുറവായിരുന്നു. പി.എച്ച്.ഡി. പ്രബന്ധം സമര്‍പ്പിച്ചിരുന്നെങ്കിലും ഡോക്ടറേറ്റ് കിട്ടിയിട്ടില്ലാത്ത അദ്ദേഹത്തിനും 126 മാര്‍ക്ക് നല്‍കി നിയമനം ഉറപ്പാക്കി.
ഈ സൂത്രം മനസ്സിലാക്കാന്‍ മികച്ച ഇന്‍ഡെക്സ് മാര്‍ക്കും പി.എച്ച്.ഡി. യോഗ്യതയുമുള്ള പി. പവിത്രന്‍ (120), എന്‍. അജയകുമാര്‍ (114), ഷാജി ജേക്കബ് (114) എന്നിവരുടെ മാര്‍ക്കു നോക്കിയാല്‍ മതി. ഇന്റര്‍വ്യൂവില്‍ ഇവരാരും സുനില്‍ പി. ഇളയിടം, എസ്. ഷിഫ, ഷംസാദ് ഹുസൈന്‍, പ്രദീപന്‍, എച്ച്.കെ. സന്തോഷ്, ബിച്ചു എക്സ്. മലയില്‍ എന്നിവരുടെ അടുത്തുപോലുമെത്തിയില്ല.
സംവരണാനുകൂല്യമുള്ളവര്‍ക്ക് നല്‍കിയ മാര്‍ക്കിന്റെ കാര്യവും രസകരമാണ്. പി.എസ്. രാധാകൃഷ്ണന്‍ (48), എല്‍. തോമസ്‌കുട്ടി (60), കുമാരന്‍ വയലേരി (70) അങ്ങനെ പോകുന്നു മാര്‍ക്കുവിവരം. മാര്‍ക്ക് കിട്ടിയിട്ടില്ലെങ്കിലും അവര്‍ക്ക് സംവരണംവഴി പോസ്റ്റിങ് ഉറപ്പാക്കുന്ന മിനിമം മാര്‍ക്കു മാത്രമാണ് നല്‍കിയിട്ടുള്ളത്.
ഈ 22 പേരില്‍ മിക്കവരും ഇപ്പോള്‍ സംസ്‌കൃതസര്‍വകലാശാലയില്‍ പ്രൊഫസര്‍മാരാണ്. ചിലര്‍ പെന്‍ഷന്‍ പറ്റി. മറ്റു ചിലര്‍ ഇവിടെ നേടിയ യൂണിവേഴ്സിറ്റി അധ്യാപനപരിചയത്തിന്റെ ബലത്തില്‍ മറ്റു യൂണിവേഴ്സിറ്റികളിലെത്തി. എസ്. ഷിഫ കേരള യൂണിവേഴ്സിറ്റി മലയാളവിഭാഗം മേധാവിയും എല്‍. തോമസ്‌കുട്ടി കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ പ്രൊഫസറുമാണ്. പി.എസ്. രാധാകൃഷ്ണന്‍ എം.ജി. യൂണിവേഴ്സിറ്റിയില്‍ സ്‌കൂള്‍ ഓഫ് ലെറ്റേഴ്സില്‍ വകുപ്പുമേധാവി. സന്തോഷ് എച്ച്.കെ. സര്‍ക്കാര്‍ കോളേജിലേക്കു പോയി സ്വദേശമായ പട്ടാമ്പി ഗവണ്‍മെന്റ് കോളേജില്‍ ജോലിചെയ്യുന്നു.

വെട്ടിനിരത്തലിന്റെ 4, 3, 5, 4, 3, 5 സംസ്‌കൃത സര്‍വകലാശാല അധ്യാപകരായി നിയമിച്ചവരെക്കാള്‍ യോഗ്യതയുള്ള എത്രയോ ഉദ്യോഗാര്‍ഥികള്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുത്തിരുന്നു. അവര്‍ക്ക് നിസ്സാരമാര്‍ക്കു നല്‍കി ഒഴിവാക്കുകയാണ് സെലക്ഷന്‍ കമ്മിറ്റി എന്ന ഇന്റര്‍വ്യൂ ബോര്‍ഡ് ചെയ്തത്. അങ്ങനെ പുറത്താക്കപ്പെട്ടവരില്‍ ചിലര്‍ ഇവരാണ്: ഡോ. പി.കെ. രാജശേഖരന്‍, ഡോ. പി. ഗീത, ഡോ. അനില്‍ വള്ളത്തോള്‍, ഡോ. ഉമര്‍ തറമേല്‍, ഡോ. ആസാദ്, ഡോ. കെ.എം. വേണുഗോപാല്‍, ഡോ. കെ.എം. അനില്‍, ഡോ. കെ.എം. ഭരതന്‍, ഡോ. സി.ജെ. ജോര്‍ജ്, ഡോ. പി.എം. ഗിരീഷ്, ഡോ. എ. നുജും, ഡോ. ടി. ശ്രീവത്സന്‍, ഡോ. കെ. വീരാന്‍കുട്ടി, ഡോ. പി.കെ. തിലക്, വി.ആര്‍. സുധീഷ്, വി.എസ്.അനില്‍കുമാര്‍, ഡൊമിനിക് ജെ. കാട്ടൂര്‍, കെ.കെ. ബാബുരാജ്, ഡോ. ബി. അനന്തകൃഷ്ണന്‍, ഡോ. എ.എം. ഉണ്ണിക്കൃഷ്ണന്‍, ഡോ. എസ്.എസ്. ശ്രീകുമാര്‍, ഡോ. കെ. ശിശുപാലന്‍, ഡോ. എസ്. നസീബ്, ഡോ. ജി. ഉഷാകുമാരി, ഡോ. ബാലചന്ദ്രന്‍ കീഴോത്ത്, ഡോ. പി.എസ്. ജ്യോതിലക്ഷ്മി, ഡോ. പി.കെ. കുശലകുമാരി, ഡോ. പി.സി. റോയ്, ഡോ. ബി. ബാലഗോപാല്‍, എ.വി. ശ്രീകുമാര്‍, ഡോ. കെ. ശ്രീകുമാര്‍, കെ.ആര്‍. ടോണി… അങ്ങനെ നീളുന്നു ആ നിര.
നിയമിച്ചവര്‍ക്കും ഒഴിവാക്കിയവര്‍ക്കും നല്‍കിയ മാര്‍ക്കിലേക്കു നോക്കിയാല്‍ അഴിമതിയുടെ ഭീകരത ബോധ്യമാകും. നിയമനപ്പട്ടികയില്‍പ്പെടുത്തിയവര്‍ക്കെല്ലാം സെലക്ഷന്‍ കമ്മിറ്റിയിലെ ആറു പ്രൊഫസര്‍മാരും ഇരുപതിനു മുകളിലുള്ള മാര്‍ക്കുകള്‍ നല്‍കി. ഒഴിവാക്കപ്പെട്ടവര്‍ക്ക് പത്തില്‍ത്താഴെയും. ഉദാഹരണത്തിന് ഇന്റര്‍വ്യൂവില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു നേടിയ സുനില്‍ പി. ഇളയിടം, എസ്. ഷിഫ, ഷംസാദ് ഹുസൈന്‍, ബിച്ചു എക്സ്. മലയില്‍, എച്ച്.കെ. സന്തോഷ് എന്നിവര്‍ക്കു കിട്ടിയ മാര്‍ക്കുകള്‍ നോക്കാം. ഡോക്ടറേറ്റോ എം.ഫിലോ റാങ്കോ പ്രസിദ്ധീകരിച്ച പുസ്തകങ്ങളോ പ്രബന്ധങ്ങളോ ഇല്ലാതിരുന്ന ഇവര്‍ക്ക് വാരിക്കോരി മാര്‍ക്ക് ദാനം ചെയ്തു. എന്‍.പി. ഉണ്ണി, എന്‍.വി.പി. ഉണിത്തിരി, കെ. ശരച്ചന്ദ്രന്‍, സ്‌കറിയ സക്കറിയ, കെ.എം. പ്രഭാകരവാരിയര്‍, ഒ.എം. അനുജന്‍ എന്നിവര്‍ക്ക് യഥാക്രമം മാര്‍ക്കുകള്‍ ഇങ്ങനെ:


സുനില്‍ പി. ഇളയിടം: 22, 22, 21, 23, 21, 23 (ആകെ: 132)
എസ്. ഷിഫ : 22, 22, 23, 21, 23, 21 (132)
ഷംസാദ് ഹുസൈന്‍ : 21, 22, 20, 21, 22, 20 (126)
ബിച്ചു എക്സ്. മലയില്‍ : 20, 20, 21, 19, 21, 19 (120)
എച്ച്.കെ. സന്തോഷ് : 21, 22, 20, 21, 22, 20 (126)

ഒഴിവാക്കിയവര്‍ക്കു നല്‍കിയ മാര്‍ക്കുകള്‍
ഡോ. പി.കെ. രാജശേഖരന്‍ : 6, 5, 7, 6, 5, 7 (36)
ഡോ. അനില്‍ വള്ളത്തോള്‍ : 5, 4, 6, 5, 4, 6 (26)
ഡോ. ഉമര്‍ തറമേല്‍ : 4, 3, 5, 4, 3, 5 (24)
ഡോ. പി. ഗീത : 6, 6, 5, 7, 5, 7 (36)
ഡോ. കെ.എം. ഭരതന്‍ : 8, 8, 7, 9, 7, 9 (48)
ഡോ. ആസാദ് : 8, 8, 7, 9, 7, 9 (48)
ഡോ. കെ.എം. അനില്‍ : 8, 8, 7, 9, 7, 9 (48)
ഡോ. കെ.എം. വേണുഗോപാല്‍ : 7, 7, 8, 6, 8, 6 (42)
ഡോ. എസ്.എസ്. ശ്രീകുമാര്‍ : 6, 7, 5, 6, 7, 5 (36)
ഈ രീതിയില്‍ത്തന്നെയാണ് മിക്കവര്‍ക്കും മാര്‍ക്കിട്ട് വെട്ടിനിരത്തിയത്.


ഈ പട്ടികയില്‍ പുറത്താക്കപ്പെട്ട ഡോ. ഉമര്‍ തറമേല്‍ (കാലിക്കറ്റ് യൂണിവേഴ്സിറ്റി), ഡോ. കെ.എം. ഭരതന്‍ (മലയാളം യൂണിവേഴ്സിറ്റി) എന്നിവരാണ് ഇപ്പോള്‍ വിഷയവിദഗ്ധരായി എത്തിയത്. പി.എച്ച്.ഡി, ജെ.ആര്‍.എഫ്, നെറ്റ്, ഒന്നാം റാങ്ക്, പ്രസിദ്ധീകൃതരചനകള്‍ എന്നിവയുണ്ടായിരുന്ന ഡോ. പി.കെ. രാജശേഖരന്‍ സാഹിത്യനിരൂപണത്തിനുള്ള 1997-ലെ കേരളസാഹിത്യഅക്കാദമി അവാര്‍ഡ് ജേതാവുകൂടിയായിരുന്നു ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുമ്പോള്‍. ഡോ. പി. ഗീതയ്ക്ക് പി.എച്ച്.ഡി., ജെ.ആര്‍.എഫ്. നെറ്റ്, റാങ്ക്, പ്രസിദ്ധീകൃതരചനകള്‍ എന്നിവയ്ക്കുപുറമേ എട്ടുവര്‍ഷത്തെ കോളേജ് അധ്യാപന പരിചയവുമുണ്ടായിരുന്നു. കാലിക്കറ്റില്‍ പ്രൊഫസറായിരുന്ന അനില്‍ വള്ളത്തോള്‍ ഇന്ന് മലയാള സര്‍വകലാശാലാ വൈസ് ചാന്‍സലറാണ്. ഈ വര്‍ഷം നിരൂപണത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡു നേടിയ ഡോ. കെ.എം. അനില്‍ കാലിക്കറ്റില്‍ പ്രൊഫസറാണ്. പുറത്തായ മിക്കവാറും പേരുടെ യോഗ്യതകളും ഇതൊക്കെത്തന്നെയായിരുന്നു.


വിവരാവകാശനിയമവും സോഷ്യല്‍ മീഡിയയും വാട്സാപ്പും യൂട്യൂബുമൊന്നുമില്ലാതിരുന്ന 1998-ല്‍ നടന്ന ഇന്റര്‍വ്യൂവിന്റെ ഇപ്പോള്‍ വിവരാവകാശനിയമപ്രകാരം ലഭിച്ച മാര്‍ക്ക് രേഖകളില്‍നിന്ന് ഒരു കാര്യം പകല്‍പോലെ വ്യക്തമായിക്കാണാം. ജോലി കൊടുക്കേണ്ട 22 പേര്‍ക്ക് ആവശ്യമായ മാര്‍ക്കിട്ട് സുരക്ഷിതമാക്കിയശേഷം ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത മറ്റ് 189 പേര്‍ക്ക് കണ്ണുമടച്ച് വെറുതേ പത്തില്‍ത്താഴെയുള്ള മാര്‍ക്ക് എഴുതിച്ചേര്‍ക്കുകയായിരുന്നു. 8, 8, 7, 9, 7, 9 എന്നിങ്ങനെ മാര്‍ക്കുകള്‍ പലരിലും ആവര്‍ത്തിക്കുന്നതു കണ്ടാലറിയാം സെലക്ഷന്‍ കമ്മിറ്റിയിലെ പണ്ഡിതരായ പ്രൊഫസര്‍മാരുടെ അക്കക്കളി.

ശിഷ്യത്വം, ബന്ധുത്വം, പാര്‍ട്ടിബന്ധം, വ്യക്തിബന്ധം, ശിഷ്യത്വം എന്നിവയാണ് അയോഗ്യര്‍ക്കും കഷ്ടിച്ച് യോഗ്യതയുള്ളവര്‍ക്കുമെല്ലാം നിയമനം കിട്ടാന്‍ സഹായിച്ചത്. സി.പി.എം. നേതാവ് ടി.കെ. ഹംസയുടെ സഹോദരപുത്രിയാണ് വെറും നെറ്റ് യോഗ്യതയില്‍ അധ്യാപികയായ ഷംസാദ് ഹുസൈന്‍. ബിച്ചു എക്സ്. മലയില്‍ കേരള യൂണിവേഴ്സിറ്റി യൂണിയന്റെ മുന്‍ എസ്.എഫ്.ഐ. ചെയര്‍മാന്‍. സുനില്‍ പി. ഇളയിടം എറണാകുളം മഹാരാജാസ് കോളേജ് യൂണിയന്റെ മുന്‍ എസ്.എഫ്.ഐ. ചെയര്‍മാന്‍, എസ്. ഷിഫ പുരോഗമനസാഹിത്യസംഘം നേതാവായിരുന്ന എ.ഒ. ഷംസുദ്ദീന്റെ മകള്‍. കെ.ആര്‍. സജിത സ്‌കറിയ സക്കറിയയ്ക്കു കീഴില്‍ പി.എച്ച്.ഡി. വിദ്യാര്‍ഥിനി…. അങ്ങനെ പോകുന്നു ബന്ധുബലം.

ഉത്തരം പറയേണ്ടതാര്?
വ്യക്തമായ യോഗ്യതകളും സാഹിത്യ വിജ്ഞാന സമ്പത്തുമുള്ള ഒട്ടേറെപ്പേരെ കണ്ണുമടച്ചൊഴിവാക്കുകയും അവരുടെ അടുത്തെങ്ങുമെത്താത്തവര്‍ക്ക് വാരിക്കോരി മാര്‍ക്കിട്ട് നിയമനം നല്‍കുകയും ചെയ്തതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണു്? മലയാളം വകുപ്പു മേധാവി ഡോ. സ്‌കറിയ സക്കറിയ, ഡോ.കെ.എം.പ്രഭാകരവാര്യര്‍, ഡോ.ഒ.എം.അനുജന്‍ എന്നീ ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങള്‍ മലയാളം അധ്യാപകരായിരുന്നു. പ്രിന്‍സിപ്പല്‍, ഡീന്‍, എന്‍.വി.പി.ഉണിത്തിരി സംസ്‌കൃതാധ്യാപകനാണെങ്കിലും മലയാളം സാഹിത്യകാരനാണു്.
ഇവര്‍ക്കാണല്ലോ ഉദ്യോഗാര്‍ത്ഥികളുടെ യോഗ്യതയും പ്രസിദ്ധീകരണങ്ങളുടെ നിലവാരവും വിജ്ഞാനവും പരിശോധിക്കാന്‍ കഴിയുന്നത്. അവര്‍ അതിനു തയ്യാറായില്ലെന്നു മാത്രമല്ല, യാതൊരുവിധ ധാര്‍മ്മികതയും കൂടാതെ യോഗ്യരായവരെ ഒഴിവാക്കി അവര്‍ക്കൊപ്പം നില്‍ക്കാത്തവരെ തിരുകിക്കയറ്റാന്‍ ശ്രമിക്കുകയാണു് ചെയ്തതെന്ന് നിയമനം കിട്ടിയവരുടെയും തഴയപ്പെട്ടവരുടെയും പട്ടിക നോക്കിയാലറിയാം. മാത്രമല്ല, അത്രയേറെ സംഭാവനകളില്ലാത്ത ചില ഉദ്യോഗാര്‍ത്ഥികള്‍ക്ക് (ജോലി നല്‍കിയില്ലെങ്കിലും) 10,10 12, 11, 10, 12 (65) 10, 9, 11, 10, 9, 11 (60) എന്നിങ്ങനെ മാര്‍ക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്. തഴയപ്പെട്ടെങ്കിലും അധ്യാപനപരിചയവും മറ്റ് യോഗ്യതകളുമുണ്ടായിരിക്കുകയും പിന്നീട് വൈസ് ചാന്‍സലറുമൊക്കെ ആവുകയും ചെയ്തവര്‍ക്ക് 24, 30 എന്നിങ്ങനെ മാര്‍ക്ക് നല്‍കിയതിനൊപ്പമാണ് ഈ ഉദാരത കാണിച്ചത്.
അന്ന് ഒളിച്ചു വയ്ക്കാന്‍ കഴിഞ്ഞെങ്കിലും ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം രേഖകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ സത്യം വെളിപ്പെടുത്താന്‍ ഇന്റര്‍വ്യൂ ബോര്‍ഡില്‍ അംഗങ്ങളായിരുന്നവര്‍ (ജീവിച്ചിരിക്കുന്നവര്‍) തയ്യാറാകേണ്ടതല്ലേ? രജിസ്ട്രാര്‍ കെ.ജി.പൗലോസിനുമുണ്ട് ആ ഉത്തരവാദിത്വം. വിദ്യാര്‍ത്ഥികളും, വായനക്കാരുമൊക്കെ ബഹുമാനിക്കുന്ന എഴുത്തുകാരായ ആ പ്രൊഫസര്‍മാര്‍ ഈ ധാര്‍മിക ബാധ്യത പ്രകടിപ്പിക്കുമോ എന്ന ചോദ്യം ഉയര്‍ന്നുവരുന്ന സന്ദര്‍ഭമാണിത്.

കിട്ടാത്ത രേഖയും തള്ളിയ കേസും
1998-ലെ ചില നിയമനങ്ങളെ ചോദ്യംചെയ്തുകൊണ്ട് കേരള ഹൈക്കോടതിയില്‍ 1998-ല്‍ തന്നെ ഒരു ഹര്‍ജി നല്‍കിയിരുന്നു. അഡ്വ. കെ.എസ്. മധുസൂദനന്‍ മുഖേന ഉമര്‍ തറമേല്‍, സി.ജെ. ജോര്‍ജ്, കെ വിദ്യാസാഗരന്‍, കെ.കെ. ബാബുരാജ് എന്നിവരാണ് ഹര്‍ജി നല്‍കിയത്. ഷംസാദ് ഹുസൈന്‍, എച്ച്.കെ. സന്തോഷ്, സുനില്‍ പി. ഇളയിടം, ബിച്ചു എക്സ്. മലയില്‍ എന്നിവരുടെ നിയമനമാണ് ചോദ്യംചെയ്യപ്പെട്ടത്. 2002 നവംബര്‍ 27-ന് ജഡ്ജിമാരായ ജെ.ബി. കോശി, കെ. തങ്കപ്പന്‍ എന്നിവര്‍ ഹര്‍ജി തള്ളിക്കളഞ്ഞു. സാധാരണഗതിയില്‍ നിയമനത്തിന്റെ ഇന്റര്‍വ്യൂ പ്രക്രിയയില്‍ കോടതികള്‍ ഇടപെടാറില്ല. നടപടിക്രമത്തിലെ വീഴ്ചകളും വഴിവിട്ടുള്ള പ്രവര്‍ത്തനങ്ങളും യോഗ്യതകളുമാണ് പരിശോധിക്കാറുള്ളത്. വിവരാവകാശനിയമം നിലവില്‍ വന്നിട്ടില്ലാത്തതിനാല്‍ ആരോപണം സമര്‍ഥിക്കാനുള്ള രേഖകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാര്‍ക്കു കഴിഞ്ഞില്ല. സ്വാഭാവികമായും കോടതി നിയമിതരെല്ലാം അടിസ്ഥാനയോഗ്യത (നെറ്റ് അല്ലെങ്കില്‍ 1993-നു മുമ്പുള്ള എം.ഫില്‍) യുള്ളവരാണെന്ന യൂണിവേഴ്സിറ്റിയുടെ വാദം സ്വീകരിച്ച് ഹര്‍ജി തള്ളി. സര്‍വകലാശാലാഅദ്ധ്യാപകരായി നിയമിക്കാന്‍ നെറ്റ് പരീക്ഷ ജയിച്ചിരിക്കണമെന്നത് ഒരു അടിസ്ഥാനയോഗ്യത മാത്രമാണ്. അപേക്ഷകര്‍ എല്ലാവര്‍ക്കും അതേ യോഗ്യതയുണ്ടെന്നു വരുമ്പോഴാണ് അധികയോഗ്യതകള്‍ പരിശോധിക്കുക. ഫസ്റ്റ് ക്ലാസ്, റാങ്ക്, പി.എച്ച്.ഡി. പ്രസിദ്ധീകൃതരചനകള്‍ എന്നിവയാണ് അധികയോഗ്യതകള്‍. ഇതിനൊപ്പമാണ് ഇന്റര്‍വ്യൂവില്‍ ഉദ്യോഗാര്‍ഥിയുടെ വിജ്ഞാനവും അധ്യാപനമികവും പരിശോധിക്കപ്പെടുന്നത്. മികച്ച അറിവും അധ്യാപനശേഷിയും വ്യക്തിനിഷ്ഠമായ കഴിവുകളാണ്. അവ വസ്തുനിഷ്ഠമായി അളന്നു തിട്ടപ്പെടുത്താനുള്ള ശാസ്ത്രീയമാര്‍ഗങ്ങളില്ല. ഓരോരുത്തരുടെ ശേഷിയും വ്യത്യസ്തമായിരിക്കുകയും ചെയ്യും. ഇന്റര്‍വ്യൂ ബോര്‍ഡിലുള്ളവരുടെ ബോധ്യമാണ് അതിന് അടിസ്ഥാനം. ഇന്റര്‍വ്യൂ ചെയ്യുന്നവരുടെ താത്പര്യങ്ങള്‍, ബന്ധുത്വം, ശുപാര്‍ശ, ശിഷ്യബന്ധം തുടങ്ങിയവ അതില്‍ പ്രതിഫലിക്കും. അതുകൊണ്ടാണ് വസ്തുനിഷ്ഠയോഗ്യതകള്‍ പരിഗണിക്കുന്നത്. അവയെക്കുറിച്ചുള്ള ആരോപണങ്ങള്‍ സമര്‍ഥിക്കാനുള്ള തെളിവുകള്‍ ഹര്‍ജി പരിഗണിച്ച കാലയളവില്‍ കിട്ടാന്‍ ഒരു വഴിയുമുണ്ടായിരുന്നില്ല. 2002-ല്‍ ഹര്‍ജി തള്ളി മൂന്നുവര്‍ഷം കഴിഞ്ഞ് വിവരാവകാശനിയമം വന്നപ്പോള്‍ മാത്രമാണ് ഒറിജിനല്‍ രേഖകളുടെ പകര്‍പ്പു കിട്ടാന്‍ വഴിയൊരുങ്ങിയത്. ഇന്നാണെങ്കില്‍ കോടതി ആ രേഖകള്‍ പരിഗണിച്ച് എന്തു തീരുമാനിക്കുമെന്ന് ഊഹിച്ചുനോക്കാവുന്നതേയുള്ളൂ.

ഒപ്പിട്ട ബുദ്ധിജീവികള്‍ സംസാരിക്കട്ടെ കേരള ചരിത്രത്തിലെ ഈ ഏറ്റവും വലിയ അഴിമതികളിലൊന്നില്‍ പങ്കാളികളായത് എല്ലാവരും ആദരിക്കുന്ന പണ്ഡിതരും ഗവേഷകരും അധ്യാപകരുമായ പ്രൊഫസര്‍മാരാണ്. അഴിമതിയിലൂടെ അനര്‍ഹമായ പദവി നേടിയെടുത്തവര്‍ ഇന്ന് ആദരിക്കപ്പെടുന്ന അധ്യാപകരും എഴുത്തുകാരും പ്രഭാഷകരുമായി പുരസ്‌കാരങ്ങളും പലതരം പദവികളും അംഗീകാരങ്ങളും നേടി പൊതുസമൂഹത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. രണ്ടു ദശകത്തിനുശേഷം അവര്‍ പങ്കാളികളായ അഴിമതിയും അധാര്‍മികതയും പുറത്തുവരുമ്പോള്‍ പൊതുജനങ്ങളില്‍നിന്ന് ചില ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. അന്നു ചെയ്തതിനെപ്പറ്റി പറയാന്‍ അന്നത്തെ ഇന്റര്‍വ്യൂ ബോര്‍ഡിന്റെ ഭാഗമായിരുന്ന സ്‌കറിയ സക്കറിയ, എന്‍.വി.പി. ഉണിത്തിരി, കെ.ജി. പൗലോസ് എന്നിവര്‍ ഇന്ന് തയ്യാറാകേണ്ടതില്ലേ? അന്ന് അര്‍ഹരായവരെ മറികടന്ന് നിയമനം നേടിയവര്‍ തങ്ങളുടെ പ്രവൃത്തിയെപ്പറ്റി ഇന്ന് ന്യായീകരിക്കാനോ കുമ്പസരിക്കാനോ തയ്യാറാകേണ്ടതല്ലേ? ഇപ്പോള്‍ പുറത്തുവന്ന രേഖകളുടെയും വിവാദത്തിന്റെയും അടിസ്ഥാനത്തില്‍ നിയമനത്തിലെ ന്യായാന്യായങ്ങളെപ്പറ്റി പറയാന്‍ സംസ്‌കൃത സര്‍വകലാശാല തയ്യാറാകേണ്ടതല്ലേ? ബുദ്ധിജീവികളും സാംസ്‌കാരികനായകരും ഈ അഴിമതിയെപ്പറ്റി പ്രതികരിക്കാന്‍ തയ്യാറാകേണ്ടതല്ലേ?


1998-ല്‍ വേണ്ടത്ര യോഗ്യതയില്ലാതെ നിയമനം നേടുകയും പിന്നീട് പ്രസിദ്ധ എഴുത്തുകാരനും പ്രഭാഷകനുമാവുകയും ചെയ്ത സുനില്‍ പി. ഇളയിടത്തിന്റെ പ്രസംഗങ്ങളില്‍ നിന്നുള്ള വീഡിയോ ഭാഗങ്ങളും (സത്യത്തെയും ധര്‍മത്തെയും പറ്റിയൊക്കെ പറയുന്ന ഭാഗങ്ങള്‍) കുറച്ചുകാലംമുമ്പ് അദ്ദേഹത്തിന്റെ പി.എച്ച്.ഡി. പ്രബന്ധം, ലേഖനങ്ങള്‍ തുടങ്ങിയ മറ്റുള്ളവരുടെ ആശയങ്ങളുടെ ചോരണവും പകര്‍പ്പുരചനയു (പ്ലേജിയറിസം) മാണെന്നുണ്ടായ ആരോപണങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സുനില്‍ ഇളയിടത്തിന്റെ ‘അനുഭൂതികളുടെ ചരിത്രജീവിതം’, ‘ദേശഭാവനയുടെ ആട്ടപ്രകാരങ്ങള്‍: ദേശീയാധുനികതയും ഭരതനാട്യത്തിന്റെ രംഗജീവിതവും’ എന്നീ ഗ്രന്ഥങ്ങള്‍ ദേവേഷ് സോനേജി എഡിറ്റ് ചെയ്ത് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസ്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിലെ ആശയങ്ങള്‍ അതേപടി പകര്‍ത്തിയതാണ് എന്നൊരു ആരോപണം 2018-ല്‍ ഉയര്‍ന്നിരുന്നു. കാസര്‍ഗോഡ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ രവിശങ്കര്‍ എസ്. നായര്‍ ആണ് ആരോപണം ഉന്നയിച്ച് ‘സാഹിത്യവിമര്‍ശം’ മാസികയില്‍ ലേഖനം എഴുതിയത്. സാഹിത്യചോരണാരോപണം അടിസ്ഥാനരഹിതവും തികച്ചും വസ്തുതാവിരുദ്ധവും ദുരുപദിഷ്ടവുമാണെന്നു പറഞ്ഞുകൊണ്ട് പ്രശസ്തരായ 16 അക്കാദമിക് പണ്ഡിതര്‍ ഒപ്പിട്ട് ഒരു സംയുക്ത പ്രസ്താവന 2018 ഡിസംബറില്‍ പ്രസിദ്ധീകരിച്ചു. ‘സുനിലിന്റെ അക്കാദമിക-രചനാജീവിതത്തിലുള്ള കൃതഹസ്തത നേരിട്ടറിയാവുന്നതിന്റെ അടിസ്ഥാനത്തിലാണ് തങ്ങളുടെ പ്രസ്താവനയെന്നും അവര്‍ എടുത്തുപറഞ്ഞിരുന്നു. പ്രൊഫസര്‍ കെ.എന്‍. പണിക്കര്‍ (അദ്ദേഹം കാലടി സംസ്‌കൃത സര്‍വകലാശാലയിലെ മുന്‍ വി.സി. കൂടിയാണ്), പ്രൊഫ. സി. രാജേന്ദ്രന്‍, പ്രൊഫ. സ്‌കറിയ സക്കറിയ, പ്രൊഫ. ഇ.വി. രാമകൃഷ്ണന്‍, പ്രൊഫ. പി.പി. രവീന്ദ്രന്‍, പ്രൊഫ. കെ.എന്‍. ഗണേഷ്, പ്രൊഫ. ഉദയകുമാര്‍, പ്രൊഫ. കെ. കൃഷ്ണന്‍, പ്രൊഫ. സനല്‍ മോഹന്‍, പ്രൊഫ. കെ.എം. സീതി, പ്രൊഫ. മീന ടി. പിള്ള, ഡോ. കവിത ബാലകൃഷ്ണന്‍, പ്രൊഫ. എം.വി. നാരായണന്‍, പ്രൊഫ. ടി.വി. മധു എന്നിവരാണ് ആ പ്രസ്താവനയിറക്കിയത്. 1998-ല്‍ സുനില്‍ പി. ഇളയിടം കാലടിയില്‍ അധ്യാപകനായി നിയമിക്കപ്പെട്ടതിനെപ്പറ്റി ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ആധികാരികരേഖകളുടെ പശ്ചാത്തലത്തില്‍ ഈ 16 പ്രൊഫസര്‍മാര്‍ക്കും പ്രതികരിക്കാന്‍ ബാധ്യതയുണ്ട്. അങ്ങനെ ചെയ്തില്ലെങ്കില്‍ അത് അവരുടെ വിശ്വാസ്യതയെ മാത്രമല്ല സര്‍വകലാശാലാതലത്തിലെ അക്കാദമിക് പ്രവര്‍ത്തനത്തിന്റെ മൊത്തം വിശ്വാസ്യതയെക്കൂടി സംശയത്തിന്റെ നിഴലിലാക്കും.

നിയമനഅഴിമതിയും സമഗ്രസംഭാവനാപുരസ്‌കാരവും
സംസ്‌കൃത സര്‍വ്വകലാശാലയിലെ അധ്യാപകതട്ടിപ്പിന്റെ വിവരങ്ങള്‍ 22 വര്‍ഷത്തിനുശേഷം പുറത്തുവന്ന സമയത്തുതന്നെ ആ തട്ടിപ്പിന്റെ വേദിയായ ഇന്റര്‍വ്യൂ ബോര്‍ഡിലെ രണ്ട് പ്രമുഖര്‍ക്ക് സമഗ്രസംഭാവനയ്ക്കുള്ള അവാര്‍ഡ് ലഭിച്ചത് രസകരമായ വസ്തുതയാണ്. സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള വിശിഷ്ടാംഗത്വപുരസ്‌കാരം ഡോ. എന്‍.വി.പി. ഉണിത്തിരിക്കും സംസ്ഥാന ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സിലിന്റെ ഗവേഷണപുരസ്‌കാരം ഡോ. സ്‌കറിയ സക്കറിയക്കും ലഭിച്ചിരിക്കുന്നു. ആ സംഭാവനകളില്‍ 1998-ലെ അധ്യാപകനിയമനംകൂടി ഉള്‍പ്പെടുമോ എന്ന് ജനങ്ങള്‍ സംശയിച്ചാല്‍ കുറ്റം പറയാനാവില്ല.


കേരളത്തിലെ സര്‍വകലാശാലകളില്‍ നടക്കുന്ന അധ്യാപകനിയമനങ്ങളെ മാത്രമല്ല, പഠനവും ഗവേഷണവും പരീക്ഷാനടത്തിപ്പും ഇന്റേണല്‍ അസെസ്മെന്റും ഉള്‍പ്പെടെയുള്ള അക്കാദമിക് പ്രവര്‍ത്തനങ്ങളെയും സംശയത്തിന്റെ നിഴലിലാക്കുകയാണ് കാലടി സംസ്‌കൃതസര്‍വകലാശാലയില്‍ 22 വര്‍ഷം മുമ്പുനടന്ന നിയമങ്ങളെപ്പറ്റി പുറത്തുവന്നിട്ടുള്ള രേഖകള്‍. അങ്ങനെ നിയമനം നേടിയവര്‍ ഉള്‍പ്പെടെയുള്ള സര്‍വകലാശാലാഅധ്യാപകര്‍ നടത്തിയിട്ടുള്ള ഗവേഷണങ്ങളും പ്രസിദ്ധീകരിച്ച പുസ്തകങ്ങളും പ്രബന്ധങ്ങളും വൈജ്ഞാനികസംഭാവനകളും പരിശോധിച്ചുനോക്കാന്‍ നിര്‍ബന്ധിതമാക്കുന്നു ഇപ്പോഴുണ്ടായിരിക്കുന്ന വിവാദം. ആ പുസ്തകങ്ങളുടെ ഉള്ളടക്കത്തിന്റെ നിലവാരം, മൗലികത, പ്രസാധനസ്വഭാവം, പബ്ലിഷര്‍ എന്നിവയും തങ്ങളുടെ നിലവാരം, മൗലികത പ്രസിദ്ധപ്പെടുത്തിയ ജേണലുകള്‍ എന്നിവയെല്ലാം പരിശോധിക്കപ്പെടേണ്ടതാണ്. അതുപോലെതന്നെ അവരുടെ മേല്‍നോട്ടത്തിലുണ്ടായ പി.എച്ച്.ഡി. പ്രബന്ധങ്ങളുടെ നിലവാരവും. എന്തായിരിക്കും ഈ തട്ടിപ്പിനു പിന്നില്‍ പ്രവര്‍ത്തിച്ച ഘടകങ്ങളെന്നു സങ്കല്പിച്ചുനോക്കാവുന്നതാണ്. പാര്‍ട്ടിക്കത്ത്, രാഷ്ട്രീയശുപാര്‍ശ, ശിഷ്യവാത്സല്യം, പണം അങ്ങനെ എന്തുമാകാം, വേണ്ടത്ര യോഗ്യതയില്ലാത്തവരെ കുട്ടികളെ അക്ഷരം പഠിപ്പിക്കേണ്ട പദവിയില്‍ പ്രതിഷ്ഠിച്ചതിനു പിന്നില്‍. ഇനിയും കണ്ടെത്തേണ്ട കാര്യങ്ങളാണവ.


Share now