കോവിഡ് 19: മരണസംഖ്യയില്‍ ഇന്ത്യ അഞ്ചാമത്; രോഗബാധിതരുടെ എണ്ണം ഇരട്ടിയാകാന്‍ 21 ദിവസം മാത്രം

Share now

ന്യൂഡല്‍ഹി: കോവിഡ് 19 മരണസംഖ്യയില്‍ ഇറ്റലിയേയും മറികടന്ന് ഇന്ത്യ അഞ്ചാമതെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 779 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 35,747 പേരാണ് ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇറ്റലിയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 35,132 ആണ്.

ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് ബാധിച്ച് മരിച്ചത് അമേരിക്കയിലാണ്. 1,52,070 ആണ് അമേരിക്കയിലെ മരണസംഖ്യ. ബ്രസീല്‍ -91,263, യു.കെ -46,084, മെക്‌സിക്കോ -46,000 എന്നിങ്ങനെയാണ് മരിച്ചവരുടെ എണ്ണം.

ഇന്ത്യയില്‍ 5.45 ലക്ഷം പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 10,57,805 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,000 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോട രാജ്യത്ത് കോവിഡ് ബാധിതരുട എണ്ണം 16 ലക്ഷം കടന്നു

അതേസമയം രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഇരട്ടിയാകാന്‍ 21 ദിവസമാണെടുക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ അറിയിച്ചു. രോഗമുക്തി നിരക്ക് 64.54 ശതമാനമാണ്.

ജനുവരി 30ന് കേരളത്തില്‍ ആദ്യ കൊറോണ വൈറസ് ബാധ കണ്ടെത്തിയതിന് ശേഷം രോഗബാധിതരുടെ എണ്ണം 16 ലക്ഷമാകാന്‍ 183 ദിവസമെടുത്തു.

110 ദിവസം കൊണ്ടാണ് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷത്തിലെത്തിയത്.എന്നാല്‍ കഴിഞ്ഞ മൂന്നുദിവസത്തിനുള്ളില്‍ മാത്രം ഒരു ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക ഉയര്‍ത്തുന്നു.

രോഗവ്യാപനം രൂക്ഷമായതോടെ ലോകത്തില്‍ പ്രതിദിനം ഏറ്റവും കൂടുതല്‍പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറി. ഇന്ത്യയില്‍ കോവിഡ് രോഗബാധിതരില്‍ 60 ശതമാനവും മരണസംഖ്യയുടെ 50 ശതമാനവും ജൂലൈയിലാണ് റിപ്പോര്‍ട്ട് ചെയ്തത്.


Share now