രാഷ്ട്രീയസദാചാരവും ധാര്‍മികതയും യു.ഡി.എഫ് നടപ്പിലാക്കിയാല്‍ മതി, പ്രതിപക്ഷത്തിരിക്കുമ്പോള്‍ അങ്ങനെ പലതുംപറയും, സി.പി.എമ്മിന്റെ മലക്കംമറിച്ചിലുകള്‍

Share now

തിരുവനന്തപുരം: കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സോളാര്‍ കേസ് വിവാദമായപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസമ്മേളനങ്ങളിലും ഫെയിസ്ബുക്ക് പോസ്റ്റുകളിലും രാഷ്ട്രീയ ധാര്‍മികതയും സദാചാരവും നിറഞ്ഞുതുളുമ്പുന്നത് കാണാമായിരുന്നു. അങ്ങനെ കേരള ജനതയ്ക്കും രാഷ്ട്രീയക്കാര്‍ക്കും ധാര്‍മികത ക്ലാസ് എടുത്ത് അദ്ദേഹം മുഖ്യമന്ത്രി കസേരയിലെത്തി. ഭരണത്തിന്റെ തുടക്കത്തില്‍, തന്റെ ഓഫീസില്‍ അവതാരങ്ങളെ അടുപ്പിക്കില്ലെന്നും ഓരോ ഫയലിലും ഓരോ ജീവിതമാണ് ഉള്ളതെന്നും പറഞ്ഞ് മാധ്യമശ്രദ്ധനേടി. പുത്തനച്ചി പുരപ്പുറം തൂക്കുമെന്ന് പറയുന്ന പഴഞ്ചൊല്ലിനെ അനുസ്മരിപ്പിക്കുംവിധം കാര്യങ്ങള്‍ മാറിമറിയുന്നതാണ് പിന്നീട് കണ്ടത്. യു.ഡി.എഫ് സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്കെതിരെ തിരിയുന്നു എന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടവും പറഞ്ഞുകൊണ്ടിരുന്ന സി.പി.എം അധികാരത്തിലേറി അധികനാള്‍ പിന്നിടുംമുമ്പ് മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ ശ്രമിച്ചു.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീല്‍ ആരോപണ വിധേയനായ ശേഷം മാധ്യമങ്ങള്‍ക്കെതിരെ സര്‍ക്കാരും സി.പി.എമ്മും ശക്തമായി തിരിഞ്ഞു. തന്നെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് മാധ്യമങ്ങള്‍ അറിയാതിരുന്നതിനെയും മന്ത്രി ജലീല്‍ പരിഹസിച്ചു. കല്ലുവെച്ച നുണകളും കെട്ടുകഥകളും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താന്‍ എനിക്കു മനസ്സില്ലെന്നാണ് മന്ത്രി പരിഹസിച്ചത്. മറച്ചുവെക്കേണ്ടത് മറച്ചു വെച്ചും പറയേണ്ടത് പറയേണ്ടവരോട് പറഞ്ഞുമാണ് എല്ലാ ധര്‍മ്മയുദ്ധങ്ങളും വിജയിച്ചിട്ടുള്ളത്. എഴുതേണ്ടവര്‍ക്ക് ഇല്ലാ കഥകള്‍ എഴുതാം. പറയേണ്ടവര്‍ക്ക് അപവാദങ്ങള്‍ പ്രചരിപ്പിക്കാം. അതുകൊണ്ടൊന്നും പകലിനെ ഇരുട്ടാക്കാനാവില്ല കൂട്ടരേ.

ഞങ്ങളറിയാതെ ഇവിടെ ഒരു ഈച്ച പാറില്ല എന്ന് അഹങ്കരിച്ചവരുടെ തലക്കേറ്റ പ്രഹരത്തിന്റ ആഘാതം അവര്‍ക്ക് ജീവനുള്ളേടത്തോളം മറക്കാനാവില്ല. പല വാര്‍ത്താ മാധ്യമങ്ങളും നല്‍കുന്ന വാര്‍ത്തകളുടെ പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്തലായിരുന്നു ലക്ഷ്യം. അത് നടന്നു. അത് നടത്തി. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് പകതീര്‍ക്കുന്നവര്‍ എക്കാലത്തുമുണ്ടായിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നു എന്നും മന്ത്രി പരിഹസിച്ചു. എന്നിട്ട് ജനങ്ങളുടെ വോട്ട് വാങ്ങി വിജയിച്ച് അധികാരത്തിലേറിയ മന്ത്രി തലയില്‍ തുണിയിട്ട്, അതിരാവിലെ എന്‍.ഐ.എ ഓഫീസില്‍ പോയി കാത്തുകിടന്നത് എന്തിനാണ്. അതും മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നു. മന്ത്രിയുടെ മടിയില്‍ കനമില്ലെങ്കില്‍ പിന്നെന്തിനാണ് രാവിലെ 9.30 ഹാജരാകാന്‍ പറഞ്ഞിട്ട്, പുലര്‍ച്ചെ ചെന്നത്.

ഈ സര്‍ക്കാര്‍ അധികാരത്തിലേറി അധികദിവസം കഴിയും മുമ്പ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളുമായി സംസാരിക്കരുതെന്നും വിവരങ്ങള്‍ കൈമാറരുതെന്നുമായിരുന്നു പ്രധാന നിര്‍ദ്ദേശം. എല്ലാ ബുധനാഴ്ചയും മന്ത്രിസഭാ യോഗം കഴിഞ്ഞുള്ള വാര്‍ത്താസമ്മേളനവും അദ്ദേഹം ഒഴിവാക്കി. സാധാരണ സര്‍ക്കാരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുഖ്യമന്ത്രിയോട് ചോദിക്കാനുള്ള അവസരമാണ് അതിലൂടെ തട്ടിത്തെറിപ്പിച്ചത്. കണ്ണൂരില്‍ നടന്ന സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് നടന്ന ഉഭയകക്ഷി ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ -കടക്ക് പുറത്ത്- എന്ന് പറഞ്ഞ് ആക്രോശിക്കുന്ന മുഖ്യമന്ത്രിയെയാണ് പിന്നീട് കേരളം കണ്ടത്. മുഖ്യമന്ത്രിയുടെ പ്രതികരണം ശരിയായില്ലെന്ന് പറയാന്‍ ഒരു സി.പി.എം നേതാവും തയ്യാറായില്ല.

2018ല്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രതികരണം വേണമെങ്കില്‍ മുന്‍കൂട്ടി അനുവാദം വാങ്ങണമെന്നായിരുന്നു ഉത്തരവില്‍ പറഞ്ഞിരുന്നത്. ചാനലുകള്‍ മൈക്കുമായി മുഖ്യമന്ത്രിക്ക് മുന്നില്‍ പാഞ്ഞടുക്കുന്നത് സുരക്ഷാപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു എന്നും ന്യായീകരിച്ചിരുന്നു. പിന്നീട് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വാധീനമുണ്ടെന്നും മുഖ്യമന്ത്രിയുമായി പരിചയമുണ്ടെന്നും എന്‍.ഐ.എ കോടതിയില്‍ പറഞ്ഞത് മാധ്യമങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അതിരൂക്ഷവിമര്‍ശനമാണ് അദ്ദേഹം നടത്തിയത്. അതിന് പിന്നാലെ സി.പി.എം സൈബര്‍ സഖാക്കള്‍ മാധ്യമപ്രവര്‍ത്തകരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുകയും ചെയ്തു. സോളാര്‍ സമരകാലത്ത് സഖാക്കള്‍ ഇട്ട ഫെയിസ്ബുക്ക് പോസ്റ്റുകള്‍ വായിച്ചാല്‍ മാധ്യമസ്വാന്ത്ര്യത്തെ കുറിച്ച് വാതോരാതെ പറയുന്നത് കാണാം.

അധികാരത്തിലിരിക്കമ്പോള്‍ മാധ്യമങ്ങള്‍ക്ക് നേരെ കുതിരകയറുകയും പ്രതിപക്ഷത്തിരിക്കുമ്പോള്‍ മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ച് വാതോരാതെ പ്രസംഗിക്കുകയും ചെയ്യുന്നതാണ് സി.പി.എമ്മിന്റെയും അവരുടെ സര്‍ക്കാരുകളുടെയും നേതാക്കളുടെയും രീതിയെന്ന് വ്യക്തമാക്കുന്നതാണ് ഈ മലക്കംമറിച്ചിലുകള്‍.


Share now