നാണക്കേടിന്റെ റെക്കോഡുമായി ഇന്ത്യ ; 21.2 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടം; 36 റണ്‍സില്‍ എറിഞ്ഞിട്ടു; ഓസീസ് ജയത്തിലേക്ക്

Share now

അഡ്‌ലെയ്ഡ്: ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് 90 റണ്‍സ് വിജയലക്ഷ്യം. മൂന്നാം ദിനത്തില്‍ ന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്തെറിഞ്ഞ ഓസീസ് പേസര്‍മാര്‍ ഇന്ത്യന്‍ സ്‌കോര്‍ 21.2 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സില്‍ ഒതുക്കി. ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും ചെറിയ സ്‌കോര്‍ ആണിത്. 1974-ല്‍ ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിനെതിരേ 42 റണ്‍സിന് പുറത്തായതായിരുന്നു ഇതിന് മുമ്പത്തെ ചെറിയ സ്‌കോര്‍.

അവസാനം ക്രീസിലെത്തിയ മുഹമ്മദ് ഷമി, പാറ്റ് കമ്മിന്‍സിന്റെ പന്ത് തട്ടി റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയതോടെ ഇന്ത്യന്‍ ഇന്നിങ്സ് അവസാനിക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ ഒരാള്‍ പോലും രണ്ടക്കം കടന്നില്ല. വെറും അഞ്ച് ഓവറില്‍ എട്ടു റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹെയ്സല്‍വുഡും നാലു വിക്കറ്റ് പിഴുത പാറ്റ് കമ്മിന്‍സും ചേര്‍ന്നാണ് ഇന്ത്യയെ എറിഞ്ഞിട്ടത്.

മൂന്നാം ദിനം ഒരു വിക്കറ്റ് നഷ്ടത്തില്‍ ഒമ്പത് റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ പാറ്റ് കമ്മിന്‍സ് തിരിച്ചടി നല്‍കി. ആദ്യം നൈറ്റ് വാച്ച്മാന്‍ ജസ്പ്രീത് ബുംറയെ (2) പുറത്താക്കിയ കമ്മിന്‍സ് പിന്നാലെ ചേതേശ്വര്‍ പൂജാര (0), വിരാട് കോലി (4) എന്നിവരെ മടക്കി.

മൂന്നാം ദിനത്തിലെ തന്റെ ആദ്യ പന്തില്‍ തന്നെ മായങ്ക് അഗര്‍വാളിനെ പുറത്താക്കി ജോഷ് ഹെയ്സല്‍വുഡും വേട്ടയ്ക്കിറങ്ങി. പിന്നാലെ അജിങ്ക്യ രഹാനെയും (0) ഹെയ്സല്‍വുഡിനു മുന്നില്‍ വീണു. പിന്നാലെ ഹനുമ വിഹാരി (8), വൃദ്ധിമാന്‍ സാഹ (4), ആര്‍. അശ്വിന്‍ (0) എന്നിവരെയും മടക്കി ഹെയ്സല്‍വുഡ് അഞ്ചു വിക്കറ്റും ടെസ്റ്റ് കരിയറില്‍ 200 വിക്കറ്റ് നേട്ടവും സ്വന്തമാക്കി.

നേരത്തെ ആദ്യ ഇന്നിങ്സില്‍ 53 റണ്‍സിന്റെ വിലപ്പെട്ട ലീഡ് സ്വന്തമാക്കിയ ഇന്ത്യ രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഒമ്പത് റണ്‍സെന്ന നിലയിലായിരുന്നു. നാലു റണ്‍സെടുത്ത പൃഥ്വി ഷായുടെ വിക്കറ്റാണ് രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്.

നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 244-ന് എതിരേ ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 191 റണ്‍സിന് പുറത്തായിരുന്നു. 99 പന്തില്‍ നിന്ന് 10 ഫോറുകളടക്കം 73 റണ്‍സോടെ പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ടിം പെയ്നാണ് ഓസീസ് സ്‌കോര്‍ 191-ല്‍ എത്തിച്ചത്.

119 പന്തുകള്‍ നേരിട്ട് 47 റണ്‍സെടുത്ത മാര്‍നസ് ലബുഷെയ്ന്‍ മാത്രമാണ് പിന്നീട് ഇന്ത്യന്‍ ബൗളിങ്ങിനു മുന്നില്‍ പിടിച്ചു നിന്നത്. ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ മോശം പ്രകടനം ഇല്ലായിരുന്നെങ്കില്‍ 100 റണ്‍സിനു മുകളിലുള്ള ലീഡ് ഇന്ത്യ സ്വന്തമാക്കുമായിരുന്നു.


Share now