സ്വര്‍ണക്കടത്ത് കേസിലെ തെളിവുകള്‍ ‘ക്രൈം ബ്രാഞ്ച്’ നശിപ്പിക്കും: എഫ്‌ഐആര്‍ അസംബന്ധം: ഇഡി ഹൈക്കോടതിയില്‍

Share now

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ അസംബന്ധമാണെന്ന് ഇഡി ഹൈക്കോടതിയില്‍. സ്വര്‍ണക്കടത്ത് കേസിലെ തെളിവുകള്‍ നശിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് അന്വേഷണമെന്ന് ഇഡി ആരോപിച്ചു. ഒരു അന്വേഷണ ഏജന്‍സി ശേഖരിച്ച തെളിവുകള്‍ പരിശോധിക്കാന്‍ മറ്റൊരു ഏജന്‍സിക്ക് അനുവാദമില്ല. ഇത് പരിശോധിക്കേണ്ടത് കോടതിയാണ്.

സ്വര്‍ണക്കടത്ത് കേസില്‍ വ്യാജ തെളിവുകള്‍ സൃഷ്ടിക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നത്. ഇതിന്റെ പേരില്‍ ക്രൈംബ്രാഞ്ചിനെതിരെ കേസെടുക്കാന്‍ ഇ.ഡിയ്ക്ക് സാധിക്കുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ അറിയിച്ചു. ഇഡിയ്ക്ക് എതിരായ ക്രൈംബ്രാഞ്ചിന്റെ എഫ്‌ഐആര്‍ അസംബന്ധമാണ്.

സ്വപ്നയുടെ ഫോണ്‍ റെക്കോര്‍ഡ് ചെയ്തത് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസുകാരിയുടെ സഹായത്തോടെയാണ്. ഇവരെ തന്നെയാണ് കേസില്‍ സാക്ഷിയാക്കിയിരിക്കുന്നത്. ഇക്കാര്യം സ്വപ്നയുടെ മൊഴിയില്‍ വ്യക്തമാണെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചു. ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്ന ഇഡി ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം തുടരുകയാണ്.

എന്നാല്‍ തെളിവുകള്‍ നശിപ്പിക്കാനാണ് ഇഡി ശ്രമിക്കുന്നതെന്നും കേന്ദ്ര ഏജന്‍സിയായ ഇഡിയുടെ അന്വേഷണം ശരിയായ രീതിയില്‍ ആണോ എന്നാണ് സംസ്ഥാന പൊലീസ് അന്വേഷിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.

അന്വേഷണത്തിന്റെ കേസ് ഡയറി കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്ന് ഇഡി ഹൈക്കോടതിയില്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ക്രൈംബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിന് വിശദാംശങ്ങളും കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്നാണ് ഇഡിയുടെ അപേക്ഷ.

എന്‍ഫോഴ്‌സ്‌മെന്റിനെതിരായ ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ പി രാധാകൃഷ്ണനാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കള്ളപ്പണകേസില്‍ പ്രമുഖരുടെ പേര് പുറത്ത് വന്നതിന് പിറകെയാണ് ഇഡി യ്‌ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തതെന്നാണ് ഇഡി വിശദീകരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കം കേസിന് പിന്നില്‍ ഉണ്ടെന്നും ഇഡി വ്യക്തമാക്കുന്നു.

അതേസമയം ഹര്‍ജിയുടെ പേരില്‍ സംസ്ഥാന നേതാക്കള്‍ക്കെതിരെ ഊഹാപോഹങ്ങളും അഭ്യൂഹങ്ങളും ഇഡി പുറത്ത് വിടുന്നത് ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് സര്‍ക്കാര്‍ നിലപാട്.

ഇഡിയ്‌ക്കെതിരെ കേസ് എടുത്തത് പ്രാഥമിക അന്വഷണം പൂര്‍ത്തിയാക്കിയതിന് ശേഷമാണ്. സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പുറത്ത് വന്നതില്‍ അന്വേഷണം ആവശ്യപ്പെട്ടതും ഇഡി ആണെന്നും സര്‍ക്കാര്‍ കോടതിയെ അറയിച്ചിട്ടുണ്ട്.


Share now