ദേവികുളം എംഎല്‍എ അഡ്വ. എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി; വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് മത്സരിച്ചത്

Share now

ഇടുക്കി: ദേവികുളം എംഎല്‍എ അഡ്വക്കേറ്റ് എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഡി കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് എ രാജ സംവരണ മണ്ഡലമായ ദേവികുളത്ത് നിന്നും മത്സരിച്ച് ജയിച്ചതെന്നാണ് ആരോപണം. അതേസമയം പരാതി അടിസ്ഥാനരഹിതമാണെന്നാണ് എ രാജയുടെ പ്രതികരണം.

ദേവികുളം മണ്ഡലം രൂപീകൃതമായത് മുതല്‍ പട്ടികജാതി സംവരണ മണ്ഡലമാണ്. ഇത്തവണ എംഎല്‍യായ എ രാജാ ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ടയാളാണെന്നാണ് ഡി കുമാറിന്റെ ആരോപണം. മാട്ടുപ്പെട്ടി കുണ്ടള ഈസ്റ്റ് ഡിവിഷനിലെ സിഎസ്‌ഐ പള്ളിയില്‍ മാമ്മോദീസാ സ്വീകരിച്ച ദമ്പതിമാരുടെ മകനാണ് രാജാ. അദ്ദേഹവും ഇതേ പള്ളിയില്‍ മാമ്മോദീസാ സ്വീകരിച്ച് ക്രൈസ്തവ വിശ്വാസത്തിലാണ് ജീവിക്കുന്നതെന്നും കുമാര്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.

കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ഡി കുമാറിനെ 7848 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇടതു സ്ഥാനാര്‍ഥി എ രാജാ വിജയിച്ചത്. ഹര്‍ജി നിയമപരമായി നേരിടുമെന്ന് എ രാജ വ്യക്തമാക്കി.

ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗമായ രാജാ ദേവികുളം കോടതിയിലെ അഭിഭാഷകനുമാണ്. നേരത്തെ സത്യപ്രതിജ്ഞയില്‍ സഗൗരവം എന്നോ ദൈവനാമത്തിലെന്നോ പറയാതിരുന്നതിനെ തുടര്‍ന്ന് പിഴയടക്കേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ആരോപണംര്‍ ഉയര്‍ന്നിരിക്കുന്നത്.


Share now