ഡല്‍ഹി കലാപം: ഇരകളുടെ പേരില്‍ പിരിച്ച കോടികള്‍ സിപിഎം അമുക്കി; ഭവന നിര്‍മ്മാണവും പുനരധിവാസവും എങ്ങുമെത്തിയില്ല; പിരിച്ച തുകയുടെ കണക്കുകള്‍ വെളിപ്പെടുത്തുന്നുമില്ല

Share now

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം നടന്ന ഡല്‍ഹി കലാപത്തിന്റെ പേരില്‍ രാജ്യവ്യാപകമായി സിപിഎം പിരിച്ച കോടികള്‍ എവിടെപോയെന്ന് ആര്‍ക്കും അറിയില്ല. സാമുദായിക സമുദായത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ പുനരധിവാസത്തിനും, ഭവന നിര്‍മ്മാണത്തിനുമൊക്കെ പണം വിനിയോഗിക്കുമെന്ന പാര്‍ട്ടിയുടെ പ്രചരണം ഒരു വര്‍ഷം കഴിഞ്ഞിട്ടും എങ്ങുമെത്താതെ നില്‍ക്കുകയാണ്. മഹാരാജാസ് കോളേജില്‍ വെച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കുത്തി കൊലപ്പെടുത്തിയ എസ്എഫ്‌ഐ നേതാവ് അഭിമന്യൂവിന്റെ പേരില്‍ സമാനമായ രീതിയില്‍ കോടികള്‍ പിരിച്ചെങ്കിലും ഒരു വീട് വെച്ച് നല്‍കിയതല്ലാതെ ബാക്കി പണം എങ്ങോട്ട് പോയെന്ന് പാര്‍ട്ടി ഇനിയും വെളിപ്പെടുത്തിയിട്ടില്ല. ഏതാണ്ട് അതേ മാതൃകയിലാണ് ഡല്‍ഹിയിലെ ഇരകള്‍ക്ക് വേണ്ടിയുള്ള പിരിവ്.

പ്രകൃതി ദുരന്തങ്ങളും, കലാപങ്ങളുമൊക്കെയുണ്ടാകുമ്പോള്‍ അതിന്റെ പേരില്‍ ചാടിയിറങ്ങി ബക്കറ്റ് പിരിവും ഹുണ്ടിക പിരിവും നടത്തുന്നത് സിപിഎമ്മിന്റെ പതിവ് പരിപാടിയാണ്. പിരിക്കുന്നതില്‍ ഒന്നോ രണ്ടോ ശതമാനം ഇരകള്‍ക്ക് വേണ്ടി ചിലവഴിക്കുക ബാക്കി തുക തട്ടിയെടുക്കുക എന്നതാണ് പാര്‍ട്ടിയുടെ സ്ഥിരം പരിപാടി. രാജ്യത്തുനിന്ന് ഒട്ടാകെ എത്ര തുക പിരിഞ്ഞുകിട്ടി എന്ന് അവര്‍ വ്യക്തമാക്കിയില്ല. അതേസമയം, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ആഹ്വാന പ്രകാരം ഡല്‍ഹി കലാപബാധിതര്‍ക്കുവേണ്ടി സി.പി.എം സമാഹരിച്ച തുകയുടെ കണക്ക് സി.പി.എം മുഖപത്രമായ ദേശാഭിമാനി പുറത്തുവിട്ടിരുന്നു. കേരളത്തില്‍നിന്നുമാത്രം 5.30 കോടി രൂപയാണ് സി.പി.എം പിരിച്ചതെന്ന് ജില്ല തിരിച്ച് പ്രസിദ്ധീകരിച്ച കണക്കില്‍ സി.പി.എം മുഖപത്രം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ മറ്റു സ്ഥലങ്ങളില്‍ നിന്നും പിരിച്ച തുകയുടെ കണക്കുകള്‍ വെളിപ്പെടുത്തിയിട്ടുമില്ല.

ഇരകളുടെ പുനരധിവാസത്തിനായി കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍നിന്ന് സി.പി.എം പിരിച്ച കോടികള്‍ എന്തുചെയ്‌തെന്നോ, എന്തിന് ഉപയോഗിക്കുന്നുവെന്നോ പാര്‍ട്ടി ഇനിയും വ്യക്തമാക്കിയിട്ടില്ല. പാര്‍ട്ടി നടത്തിയ പിരിവില്‍ ഏറ്റവും തുക പിരിഞ്ഞുകിട്ടിയത് കേരളത്തില്‍നിന്നാണെന്ന് ഡല്‍ഹി അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ ഡല്‍ഹി സെക്രട്ടറി ആശ ശര്‍മ പറയുന്നു. അതോടൊപ്പം ഡല്‍ഹി പോലുള്ള മറ്റു സംസ്ഥാനങ്ങളില്‍നിന്നും വലിയ തുക പിരിഞ്ഞുകിട്ടിയിട്ടുണ്ട്. ഇരകളുടെ ഭവന നിര്‍മാണത്തിനാണ് ഇത്രയും വലിയ തുക ജനം നല്‍കിയത് എന്നും അവര്‍ പറഞ്ഞു. ഭവന നിര്‍മ്മാണത്തിന് പകരം യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും ഒരു തൊഴില്‍ പരിശീലന കേന്ദ്രം തുടങ്ങാനാണ് പിന്നീട് പദ്ധതിയിട്ടത്. എന്നാല്‍ ആ പദ്ധതിയും എങ്ങുമെത്തിയിട്ടില്ല. എന്നു തുടങ്ങുമെന്നോ, എപ്പോള്‍ തുടങ്ങുമെന്നോ ആരും പറയുന്നുമില്ല.

കൊല്ലപ്പെട്ട 53 പേരുടെ കുടുംബത്തിനും അന്ന് ഓരോ ലക്ഷം രൂപ വീതം നല്‍കിയതാണ് പിരിച്ചെടുത്ത തുകയില്‍നിന്ന് നടത്തിയ ഏറ്റവും വലിയ ഫണ്ട് വിനിയോഗം. ഇതു കൂടാതെ കലാപത്തില്‍ പരിക്കേറ്റവരുടെ 17 കുടുംബങ്ങള്‍ക്ക് 5,000 മുതല്‍ 20,000 രൂപ വരെയുള്ള സാമ്പത്തിക സഹായവും പാര്‍ട്ടി നല്‍കി. സി.പി.എമ്മിന്റെ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ റേഷന് പുറമെ ഇരകള്‍ക്ക് വസ്ത്രങ്ങളും സാനിറ്ററി നാപ്കിനുകളും ഗ്യാസ് സിലിണ്ടറുകളും സീലിങ് ഫാനുകളും കലാപത്തിലെ ഇരകളുടെ ആശ്രയമായിരുന്ന മുസ്തഫാബാദ് അല്‍ ഹിന്ദ് ആശുപത്രിക്ക് മരുന്നുകളും നല്‍കി.

ഖജൂരി ഖാസ്, കരാവല്‍ നഗര്‍, കര്‍ദന്‍ പുരി, ഗോകുല്‍പുരി എന്നിവിടങ്ങളില്‍ ഉന്തുവണ്ടികളും നല്‍കിയിരുന്നു. തുടര്‍ന്ന്, വംശീയാതിക്രമത്തില്‍ വിധവകളായവര്‍ക്ക് ഉപജീവനമാര്‍ഗങ്ങളും വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ആവശ്യങ്ങളും കണ്ടെത്താന്‍ 2020 സെപ്റ്റംബറില്‍ സി.പി.എം രണ്ടാംഘട്ട സര്‍വേ നടത്തി. അതേ തുടര്‍ന്ന് 13 വിധവകള്‍ക്ക് തയ്യല്‍ മെഷീനുകളും 28 കുടുംബങ്ങളിലെ 53 കുട്ടികള്‍ക്ക് മാസം 500 രൂപ തോതില്‍ സ്‌കോളര്‍ഷിപ്പും നല്‍കി. മുസ്തഫാബാദില്‍ സ്‌കോളര്‍ഷിപ്പുകളുടെയും തയ്യല്‍ മെഷീനുകളുടെയും വിതരണോദ്ഘാടനം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടാണ് നിര്‍വഹിച്ചത്. ഭവന നിര്‍മാണത്തില്‍നിന്ന് പിന്മാറിയപ്പോള്‍ യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും തൊഴില്‍ പരിശീലന പദ്ധതി തുടങ്ങാനാണ് ലക്ഷ്യമിട്ടതെന്ന് ആശ ശര്‍മ പറയുന്നു. നിര്‍ദിഷ്ട പദ്ധതിക്ക് എത്ര തുക ചെലവാകുമെന്ന് കണക്കാക്കിയിട്ടില്ലെന്നും തങ്ങളുടെ കൈവശമുള്ള തുക വിനിയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ആശ ശര്‍മ പറഞ്ഞു.


Share now