ഫുഡ്ബോൾ ഇതിഹാസം മറഡോണ അന്തരിച്ചു

Share now

ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു. 60 വയസ്സായിരുന്നു. തലച്ചോറിൽ ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമിക്കുകയായിരുന്ന മറഡോണയുടെ അന്ത്യം ഹൃദയാഘാതത്തെ തുടർന്നായിരുന്നു. രണ്ട് ആഴ്ചകൾക്കു മുമ്പ് മറഡോണയ്ക്ക് തലയ്ക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. അതിനുശേഷം വീട്ടിലേക്ക് മടങ്ങിയ അദ്ദേഹം വിശ്രമത്തിലായിരുന്നു.

1960 ഒക്ടോബർ 30ന് ബ്യൂണസ് അയേഴ്‌സിലാണ് ഡീഗോ അർമാൻഡോ മറഡോണ ജനിച്ചത്. 1986  ൽ അർജന്റീനയ്ക്ക് ലോകകപ്പ് കിരീടം നേടിക്കൊടുത്തു. 1986 ലോകകപ്പ് ക്വാർട്ടറിൽ ഇംഗ്ലണ്ടിനെതിരെ 2–1 വിജയം നേടിയ മറഡോണയുടെ ‘ദൈവത്തിന്റെ കൈ ’ ഗോൾ ഫുട്ബോൾ പ്രേമികൾക്കിന്നുമൊരു വിസ്മയമാണ്. ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്ബോൾ കളിക്കാരൻ എന്ന ഫിഫയുടെ ബഹുമതി പെലെക്കൊപ്പം മറഡോണ പങ്കിടുന്നു.


തന്റെ പ്രൊഫഷണൽ ക്ലബ് ഫുട്ബോൾ ജീവിതത്തിൽ, അർജന്റീനോസ് ജൂനിയേഴ്സ്, ബോക്ക ജൂനിയേഴ്സ്, ബാഴ്സലോണ, നാപ്പോളി, സെവിയ്യ, നെവെൽസ് ഓൾഡ് ബോയ്സ് എന്നീ പ്രമുഖ ക്ലബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള കൈമാറ്റത്തുകയിൽ പുതിയ ചരിത്രമെഴുതിയ ഫുട്ബോളറാണ്. അന്താരാഷ്ട്ര ഫുട്ബോളിൽ അർജന്റീനക്ക് വേണ്ടി 91 മത്സരങ്ങൾ കളിച്ച മറഡോണ 34 ഗോളുകൾ നേടി. അർജൻറീന പ്രൊഫഷണൽ ലീഗിൽ കളിക്കാനിറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ മറഡോണയായിരുന്നു. 2003 വരെ ഈ റെക്കോഡ് മറഡോണയുടെ പേരിലായിരുന്നു.

സംഭവബഹുലമായ ജീവിതത്തിൽ പരിശീലക​െൻറ വേഷവും മറഡോണക്കുണ്ടായിരുന്നു. 2010 ലെ ലോക കപ്പിനായുള്ള അർജൻറീന ടീമിനെ പരിശീലിപ്പിച്ചത്​ മറഡോണയായിരുന്നു. 2009 ൽ പരിശീലകനായി നിയമിതനായ മറഡോണ ടീമിനെ ക്വാർട്ടർ ​ഫൈനൽ വരെ എത്തിച്ചു. ക്വാർട്ടർ ഫൈനലിൽ ജർമനിയോട് തോറ്റാണ്​ അർജൻറീന പുറത്ത്​ പോകുന്നത്​. ഇതിനു പിന്നാലെ പരിശീലകസ്ഥാനത്തു നിന്നും അദ്ദേഹത്തിന് രാജി ​വെക്കേണ്ടി വരുകയും ചെയ്തു.


Share now