‘അവിടെ പേരാട്ടം, ഇവിടെ പ്രഹസനം’: ബംഗാളിലെ പിന്‍വാതില്‍ നിയമനസമരത്തെക്കുറിച്ച് മിണ്ടാനാവാതെ ‘ദേശാഭിമാനി’; ഒരേ ആവശ്യത്തിന് വേണ്ടി നടത്തുന്ന സമരങ്ങളെക്കുറിച്ച് പാര്‍ട്ടിക്കും ഡിവൈ.എഫ്.ഐക്കും വ്യത്യസ്ത നിലപാടുകള്‍; ഇടതുപക്ഷം എന്നും ഇരട്ടത്താപ്പിന്റെ ഉസ്താദുക്കള്‍

Share now

തിരുവനന്തപുരം: പശ്ചിമ ബംഗാളില്‍ മമതാ സര്‍ക്കാര്‍ നടത്തുന്ന പിന്‍വാതില്‍ നിയമനങ്ങളില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തുന്ന സമരങ്ങളെക്കുറിച്ച് സി.പി.എം മുഖപത്രമായ ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഒരിക്കല്‍ പോലും പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെയാണ് പാര്‍ട്ടി പോഷക സംഘടനകള്‍ സമരം നടത്തുന്നതെന്ന കാര്യം വെളിപ്പെടുത്താറില്ല.

ഫെബ്രുവരി 12ന് നടന്ന പൊലീസ് ലാത്തിച്ചാര്‍ജ്ജില്‍ ഗുരുതമായി പരിക്കേറ്റ ഡി.വൈ.എഫ്്.ഐ പ്രവര്‍ത്തകന്‍ മൈനൂള്‍ ഇസ്ലാം വൈദ്യ(31) ഇക്കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരണമടഞ്ഞു. ശ്വസകോശത്തിലുണ്ടയ നീര്‍ക്കെട്ട് ഗുരുതരമായതിനെ തുടര്‍ന്നാണ് ഇയാളുടെ അന്ത്യമുണ്ടായത്. ഈ മരണത്തില്‍ പ്രതിഷേധിച്ച് ബംഗാളില്‍ ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവര്‍ത്തകരുടെ പ്രതിഷേധ ജാഥയും മറ്റും നടന്നതിനെക്കുറിച്ച് ഇന്നത്തെ (ഫെബ്രുവരി 17)ദേശാഭിമാനി അരപ്പേജ് വാര്‍ത്തയും ചിത്രങ്ങളും നല്‍കിയിട്ടുണ്ട്. പ്രതിഷേധ ജാഥയില്‍ പങ്കെടുത്ത നേതാക്കളുടെ പേരും മറ്റും വിശദമായി നല്‍കിയിട്ടുണ്ടെങ്കിലും ഈ സഖാവ് എങ്ങനെ കൊല്ലപ്പെട്ടതാണെന്ന കാര്യം വളരെ ബോധപൂര്‍വ്വം വാര്‍ത്തയില്‍ നിന്ന് ഒളിച്ചു വെച്ചിരിക്കുകയാണ്.

”കഴിഞ്ഞ വ്യാഴാഴ്ച്ച ഇടതുപക്ഷ വിദ്യാര്‍ത്ഥി യുവജന സംഘടനകളുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൈനുള്‍ തിങ്കളാഴ്ച്ചയാണ് മരിച്ചത്.” പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ ഇടതുപക്ഷം നടത്തിയ സമരത്തിനിടെയാണ് മൈനുഒള്‍ കൊല്ലപ്പെട്ടതെന്ന് പറയാന്‍ കേരളത്തിലെ ദേശാഭിമാനിക്ക് പറയാന്‍ എന്താണിത്ര മടി. കഴിഞ്ഞ 23 ദിവസമായി സെക്രട്ടേറിയറ്റ് നടയില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ യുവാക്കള്‍ സമരത്തിലാണ്. ഈ സമരത്തെ അധിക്ഷേപിക്കുന്ന സി.പി.എമ്മിനും ഡിവൈ.എഫ്.ഐക്കും ബംഗാളില്‍ അവരുടെ പാര്‍ട്ടി പിന്‍വാതില്‍ നിയമനത്തിനെതിരെ നടത്തുന്ന സമരത്തെ കുറിച്ച് പറയാന്‍ പോലും ധൈര്യമില്ല. അതിശക്തമായ സമരമാണ് ബംഗാളില്‍ ഇടതുപക്ഷകക്ഷികള്‍ പിന്‍വാതില്‍ നിയമനത്തിനെതിരെ നടത്തുന്നത്.

എന്നാല്‍ ഇവിടെ ചെറുപ്പക്കാര്‍ നടത്തുന്ന സമരം ബാഹ്യശക്തികളുടെ പ്രേരണയാല്‍ എന്നാണ് പിണറായി വിജയനും കൂട്ടരും ആക്ഷേപിക്കുന്നത്. കേരളമിന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള സമരമാര്‍ഗങ്ങളാണ് ഉദ്യോഗാര്‍ഥികള്‍ അവലംബിച്ചിരിക്കുന്നത്. മുട്ടിലിഴഞ്ഞും യാചിച്ചും അവര്‍ നടത്തുന്ന സമരം അനാവശ്യ സമരമാണെന്നാണ് ഡി.വൈ.എഫ്.ഐയുടെയും സര്‍ക്കാരിന്റെയും നിലപാട്. ബംഗാളില്‍ മമതാ സര്‍ക്കാര്‍ സമരം അടിച്ചമര്‍ത്തുന്നതിനെതിരെ അപലപിക്കുന്ന ദേശാഭിമാനി ഇവിടെ ചെറുപ്പക്കാര്‍ക്കെതിരെ പൊലീസിനെ ഉപയോഗിച്ച് സമരം അടിച്ചമര്‍ത്തുന്നതിനെ കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല.

ബംഗാളിലെ സമരം ന്യായമാണെന്നും കേരളത്തിലെ സമരം അഭിനയവും പ്രഹസനവുമാണെന്ന ഇരട്ടത്താപ്പാണ് സി.പി.എമ്മിനുള്ളത്. ബംഗാളില്‍ ”ആയിരങ്ങള്‍ തെരുവില്‍” എന്നാണ് എല്ലാ ദിവസവും ദേശാഭിമാനി നല്‍കുന്ന വാര്‍ത്തയുടെ തലക്കെട്ട്. എന്നാല്‍ കേരളത്തിലെ സമരത്തെക്കുറിച്ച് ദേശാഭിമാനി നല്‍കുന്ന വാര്‍ത്തയുടെ തലക്കെട്ട് ”സമരം ഉദ്യോഗാര്‍ത്ഥികള്‍ക്കെതിര് , പ്രതിപക്ഷത്തിന്റേത് കുത്സിത ശ്രമം എന്നൊക്കെയാണ് സമരത്തെ അധിക്ഷേപിച്ചു കൊണ്ട് നിത്യേന നല്‍കുന്ന തലക്കെട്ടുകള്‍. ഒരേ ആവശ്യത്തിന് വേണ്ടി രണ്ട് സംസ്ഥാനത്ത് നടക്കുന്ന സമരങ്ങളോടുള്ള ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ പുറത്തു വരുന്നത്.


Share now