കടം കേറി മുടിയുന്ന കേരളം: സംസ്ഥാനത്തെ കടം മുകളിലേക്ക്, വളര്‍ച്ച താഴേക്ക്, തളര്‍ന്ന് കൃഷി, 2020 ലെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് സഭയില്‍

Share now

തിരുവനന്തപുരം: കൊവിഡ് മഹാമാരിയും മറ്റ് പ്രകൃതിദുരന്തങ്ങളുടെ പ്രതിഫലനങ്ങളും തിരിച്ചടിയേല്‍പ്പിച്ച 2020-ല്‍ സംസ്ഥാനത്തിന്റെ വളര്‍ച്ചാനിരക്ക് താഴേക്കെന്ന് സാമ്പത്തികസര്‍വേ റിപ്പോര്‍ട്ട്. വെറും 3.45% മാത്രമാണ് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തിന്റെ വളര്‍ച്ചാനിരക്ക്. മുന്‍ വര്‍ഷം ഇത് 6.49% ആയിരുന്നു. റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വച്ചു.

ഏറ്റവും ശ്രദ്ധേയം സംസ്ഥാനത്തിന്റെ ആഭ്യന്തരകടബാധ്യത കുതിച്ചുകയറിയെന്നതാണ്. ശമ്പളം, പലിശ, പെന്‍ഷന്‍ ചെലവ് എന്നിവ ഉയര്‍ന്നു. അതിനാല്‍ത്തന്നെ, സംസ്ഥാനത്തിന്റെ കടബാധ്യത 2,60,311 കോടി രൂപയായി ഉയര്‍ന്നു. ആഭ്യന്തര കടത്തിന്റെ വര്‍ധന 9.91- ശതമാനമാണ്.

പ്രകൃതിദുരന്തങ്ങള്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കൊവിഡ് സമ്പദ് വ്യവസ്ഥയെ സാരമായിത്തന്നെ ബാധിക്കും. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ സമ്പദ് വ്യവസ്ഥ 26% ചുരുങ്ങും. വിലക്കയറ്റം സാമ്പത്തിക വിഷമത വര്‍ധിപ്പിച്ചു.

കാര്‍ഷിക മേഖലയുടെ വളര്‍ച്ചയും താഴേയ്ക്ക് തന്നെയാണ്. വളര്‍ച്ച നെഗറ്റീവായി തുടരുന്നു ഇത്തവണയും. – 6.62% ശതമാനമാണ് ഇത്തവണ കാര്‍ഷികമേഖലയുടെ നെഗറ്റീവ് വളര്‍ച്ച. എന്നാല്‍ കൃഷിഭൂമിയുടെ അളവ് വര്‍ധിച്ചു. നെല്ല് ഉല്‍പാദനം കൂടി എന്നത് നേട്ടമായി കണക്കാക്കപ്പെടുന്നു.

ഉല്‍പാദന മേഖലയിലെ വളര്‍ച്ച 1.5 ശതമാനമാണ്. കൊവിഡ് ലോക്ക്ഡൗണ്‍ കാലത്തെ അടച്ചിടല്‍ സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയെ സാരമായിത്തന്നെ ബാധിച്ചു. ഇത് വിനോദ സഞ്ചാര മേഖലയ്ക്ക് വലിയ തിരിച്ചടിയാണുണ്ടാക്കിയത്.

2020- ലെ 9 മാസത്തിനിടെ ഉണ്ടായ നഷ്ടം 25000 കോടി രൂപയാണ്. റവന്യൂ വരുമാനത്തില്‍ 2629 കോടി രൂപയുടെ കുറവ് ഉണ്ടായി. കേന്ദ്ര നികുതികളുടെയും ഗ്രാന്റുകളുടെയും വിഹിതത്തിലും കുറവ് വന്നു. തനത് നികുതി വരുമാനത്തിലും കുറവുണ്ടായി.

പ്രവാസികള്‍ കൂട്ടത്തോടെ തിരികെ വന്നുവെന്ന കാര്യം എടുത്തു പറയുന്നു സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍. ആകെ പ്രവാസികളുടെ 60 ശതമാനവും മടങ്ങിയെത്തിയെന്ന വലിയ കണക്കാണ് ഈ റിപ്പോര്‍ട്ടിലുള്ളത്. 2018-ലെ മൈഗ്രഷന്‍ സര്‍വ്വ അനുസരിച്ച് 12.95 ലക്ഷം പേര്‍ തിരിച്ച് വന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.


Share now