ബിനീഷ് കോടിയേരി പറഞ്ഞത് നട്ടാല്‍ കിളിക്കാത്ത കള്ളത്തരങ്ങള്‍; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്വപ്‌നയുടെ സാനിധ്യത്തില്‍ വീണ്ടും ചോദ്യം ചെയ്യും

Share now

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി നല്‍കിയ മൊഴി വിശ്വാസയോഗ്യമല്ലെന്നും അതിനാല്‍ വീണ്ടും ചോദ്യം ചെയ്യുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കേസിലെ പ്രധാനപ്രതി സ്വപ്‌ന സുരേഷിനെയും ബിനീഷിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്‌തേക്കുമെന്നാണ് അറിയുന്നത്. സ്വപ്‌നയ്ക്ക് പലതരത്തിലുള്ള സഹായങ്ങളും ബിനീഷ് നല്‍കിയിട്ടുണ്ട്. ഇരുവര്‍ക്കും യു.എ.എഫ് എക്‌സ് സൊല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധമുള്ളതിന്റെ വിവരങ്ങള്‍ ഇ.ഡിക്ക് ലഭിച്ചിട്ടുണ്ട്. അതിനാലാണ് ബിനീഷിന് ക്ലീന്‍ ചിറ്റ് നല്‍കാതിരുന്നത്. മൊഴി മാറ്റിപറയാതിരിക്കാന്‍ എഴുതി വാങ്ങിയ ശേഷം ഒപ്പിടീക്കുകയും ചെയ്തു. കഴിഞ്ഞയാഴ്ച കൊച്ചിയിലെ ഓഫീസില്‍ 12 മണിക്കൂറോളമാണ് ബിനീഷിനെ ചോദ്യം ചെയ്തത്.

ബിനീഷ് രജിസ്റ്റര്‍ ചെയ്ത അഞ്ച് കമ്പനികളെ കുറിച്ചുള്ള വിവരങ്ങള്‍ ഇ.ഡിക്ക് ലഭിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കാനും മറ്റ് ഇടപാടുകള്‍ നടത്താനുമായി കടലാസ് കമ്പനികളായി ഇവ രജിസ്റ്റര്‍ ചെയ്തതായാണ് സംശയം. ഈ കമ്പനികളെ കുറിച്ച് ഇഡി ചോദിച്ചിട്ടും വ്യക്തതയില്ലാത്ത വിവരങ്ങളാണ് നല്‍കിയത്. ബാംഗ്ലൂരില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കമ്പനികള്‍ വാര്‍ഷിക റിട്ടേണുകള്‍ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് കേന്ദ്ര കമ്പനി കാര്യമന്ത്രാലയം രജിസ്‌ട്രേഷന്‍ താല്‍ക്കാലികമായി റദ്ദാക്കി. മയക്കുമരുന്ന് കേസില്‍ ബാംഗ്ലൂരില്‍ അറസ്റ്റിലായ മലയാളി മുഹമ്മദ് അനൂപുമായും ബിനീഷിന് അടുത്തബന്ധമാണുള്ളത്. അനൂപിന്റെ പല ബിസ്സിനസ്സുകള്‍ക്കും ബിനീഷ് പണം മുടക്കിയിരുന്നു. അതെന്തിനാണെന്ന് വ്യക്തമല്ല. സൗഹൃദത്തിന്റെ പേരില്‍ പണം നല്‍കിയെന്നാണ് ബിനീഷ് പറയുന്നതെങ്കിലും ഇ.ഡി അത് മുഖവിലയ്‌ക്കെടുത്തിട്ടില്ല.

സ്വപ്‌നയും മുഹമ്മദ് അനൂപുമായും ബന്ധമുള്ളതിനാലാണ് ബിനീഷിനെ ഇ.ഡി ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ നീട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചെങ്കിലും ഇ.ഡി ശക്തമായനിലപാട് സ്വീകരിച്ചതോടെ പറഞ്ഞ സമയത്തിന് മുന്‍പ് ഓഫീസിലെത്തുകയായിരുന്നു. യു.എ.ഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥയായിരിക്കുമ്പോഴാണോ, അതോ സ്‌പേസ് പാര്‍ക്കില്‍ ജോലി കിട്ടിയ ശേഷമാണോ സ്വപ്‌ന ബിനീഷുമായി പരിചയപ്പെട്ടത് എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. ആരാണ് ഇവരെ തമ്മില്‍ ബന്ധപ്പെടുത്തിയതെന്നും അന്വേഷണ പരിധിയില്‍ വരും. ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ നടന്നതായി സംശയമുണ്ട്. 30 തവണയോളം സ്വപ്‌നയും സരിതും സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തിയത്. ഇതുമായി ബിനീഷിന് ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോ എന്ന് പരിശോധിക്കണം. ബിനീഷ് തന്നെ സഹായിച്ചിട്ടുണ്ടെന്ന് സ്വപ്ന മൊഴി നല്‍കിയെങ്കിലും അത് എന്തിനാണെന്ന് വ്യക്തത വേണം. അതിനാണ് ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ ആലോചിക്കുന്നത്.

മുഹമ്മദ് അനീഷുമായുള്ള ഇടപാടിനെ തുടര്‍ന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ബിനീഷിനെ ചോദ്യം ചെയ്‌തേക്കും. അങ്ങനെയെങ്കില്‍ സി.പി.എം വലിയ പ്രതിസന്ധിയിലേക്ക് നീങ്ങും. അഴിമതി അടക്കമുള്ള ആരോപണങ്ങള്‍ സി.പി.എം നേതാക്കളുടെ മക്കള്‍ക്കും ബന്ധുക്കള്‍ക്കും എതിരെ മുമ്പും ഉയര്‍ന്നിട്ടുണ്ടെങ്കിലും മയക്കുമരുന്ന് കടത്ത് പോലുള്ള അതീവഗൗരവമായ പ്രശ്‌നങ്ങളില്‍ ആരും പെട്ടിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പും അതിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും വരുന്നതിനാല്‍ സി.പി.എം ന്യായീകരണം നടത്തി ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും. പാര്‍ട്ടി സെക്രട്ടറിയുടെ മക്കളെ കൊണ്ട് പൊറുതിമുട്ടിയ അവസ്ഥയിലാണ് കുറേ നാളായി സി.പി.എം പ്രവര്‍ത്തകരും അണികളും. ആദ്യം സെക്രട്ടറി മക്കളെ നിലയ്ക്ക് നിര്‍ത്തിയിട്ട് നാട്ടുകാരെ നന്നാക്കാന്‍ ഇറങ്ങരുതോ എന്നാണ് ട്രോളന്‍മാര്‍ ചോദിക്കുന്നത്. ട്രോളന്‍മാരെ ഭയന്നില്ലെങ്കിലും എന്‍ഫോഴ്‌സ്‌മെന്റിനെ ഭയക്കണം, ബിനീഷ് മാത്രമല്ല സി.പി.എമ്മും. ഇപ്പോഴത്തെ അവസ്ഥ അങ്ങനെയാണ്.


Share now