കൊച്ചി : ലൈഫ് മിഷൻ പദ്ധതിയുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ച കേസിൽ യൂണിടാക്ക് എം.ഡി സന്തോഷ് ഈപ്പനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസെടുത്തു. പദ്ധതിയുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ചു എന്ന് തെളിഞ്ഞത് കൊണ്ടാണ് കേസ് രജിസ്റ്റർ ചെയ്തത്. സന്തോഷ് ഈപ്പനെതിരെ മാത്രമാണ് കേസെടുത്തിരിക്കുന്നത്. അന്വേഷണം പുരോഗമിക്കുമ്പോൾ കൂടുതൽ പേർ കുടുങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ലൈഫ് മിഷനിലൂടെയുള്ള കോഴപ്പണം ഡോളര്‍ ആക്കി മാറ്റിയതും ഇ.ഡി അന്വേഷിക്കും.
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ലഭിച്ച കമീഷൻ ആഭ്യന്തരവിപണിയിൽനിന്ന് ഡോളറാക്കി മാറ്റി വിദേശത്തേക്ക് കടത്തിയതിലാണ് പ്രധാന അന്വേഷണം. അതില്‍ അഞ്ച് പേരെ പ്രതിയാക്കി കസ്റ്റംസ് നേരത്തെ കേസെടുത്തിരുന്നു. കള്ളപ്പണം വെളുപ്പിച്ച കേസിലും, ഡോളര്‍കടത്തിലും അന്വേഷണം ഉടൻ ഉണ്ടാകും. സന്തോഷ് ഈപ്പനെ ഇഡി ഉടന്‍ ചോദ്യം ചെയ്യും.