ന്യൂഡൽഹി: പെട്രോള്‍ പമ്പുകളിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരസ്യചിത്രങ്ങള്‍ 72 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. പശ്ചിമബംഗാള്‍ ചീഫ് ഇലക്ടറല്‍ ഓഫീസറാണ് കേന്ദ്ര സർക്കാരിന്റെ പരസ്യങ്ങൾ ഉൾപ്പെടുന്ന ബോർഡുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ഉത്തരവ് പുറപ്പെടുവിച്ചത്.
പശ്ചിമ ബംഗാള്‍, തമിഴ്നാട്, അസം, കേരളം എന്നീ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലേയും തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. പെട്രോള്‍ പമ്പ് ഡിലേഴ്സിനോടും മറ്റ് ഏജന്‍സികളോടുമാണ് കമ്മീഷന് ഇവ നീക്കം ചെയ്യാൻ നിര്‍ദേശിച്ചിട്ടുള്ളത്. കേന്ദ്രസര്‍ക്കാരിന്റെ ആനുകൂല്യങ്ങളും പരസ്യങ്ങളും ആലേഖനം ചെയ്തിട്ടുള്ള ഇത്തരം പരസ്യങ്ങള്‍ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ വ്യക്തമാക്കി.
കോവിഡ് വാക്സിനേഷന് പ്രചാരണത്തിലും പെട്രോള്‍ പമ്പുകളിലും മോദിയുടെ ചിത്രമുള്‍പ്പെടുന്ന ഹോര്‍ഡിംഗ്സുകള്‍ വ്യാപകമായതിനെതിരെ പരാതിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.