
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തീരപ്രദേശവും ആഴക്കടലും അമേരിക്കന്‍ കമ്പനിക്ക് തീറെഴുതാന്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും തീരുമാനിച്ചത് ഇ.എം.സി.സി കടലാസ് കമ്പനിയാണെന്ന് അറിഞ്ഞുകൊണ്ടെന്ന് കേന്ദ്രവിേദശകാര്യ സഹമന്ത്രി വി. മുരളീധരന്. ഇ.എം.സി.സി.യുടെ ആഴക്കടല്‍ ട്രോളര്‍ നിര്‍മാണവും മത്സ്യമേഖലയിലെ ഗവേഷണവും സംബന്ധിച്ച് നിക്ഷേപക ഉച്ചകോടിയായ അസന്റില്‍ കരാര്‍ ഒപ്പിടുന്നതിനുമുമ്പേ കമ്പനിയുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രസര്‍ക്കാരിന് കത്തയച്ചിരുന്നു. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍ അയച്ച കത്തിന്റെ പകര്‍പ്പ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിടുകയും ചെയ്തിരുന്നു.
ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഇ.എം.സി.സി. ഗ്ലോബല്‍ കണ്‍സോര്‍ഷ്യത്തിന്റെ ഉപകമ്പനിയായ ഇ.എം.സി.സി. ഇന്റര്‍നാഷണല്‍ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് ആഴക്കടല്‍ മത്സ്യബന്ധനം സംബന്ധിച്ച് പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടെന്നും തുടര്‍നടപടികള്‍ക്കായി കമ്പനിയുടെ വിശദാംശങ്ങള്‍ നല്‍കണമെന്നുമായിരുന്നു കത്തിന്റെ ഉള്ളടക്കം. 2019 ഒക്ടോബര്‍ മൂന്നിനാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിലെ ജോ. സെക്രട്ടറിക്ക് കത്തയച്ചത്. ഇതിന് 2019 ഒക്ടോബര്‍ 21ന് കേന്ദ്രം സംസ്ഥാന സര്‍ക്കാരിന് നല്കിയ മറുപടിയാണ് കേന്ദ്രമന്ത്രി വി. മുരളീധരന് ഇന്ന് പുറത്ത് വിട്ടത്. ഇ.എം.സി.സി യുടെ അമേരിക്കയിലെ വിലാസം സാങ്കല്‍പ്പികമാണെന്നും കമ്പനി രജിസ്ട്രേഷന് മാത്രമാണ് അമേരിക്കയില്‍ ഉള്ളതെന്നും കമ്പനിക്ക് മറ്റ് അടിസ്ഥാനമൊന്നുമില്ലെന്നുമായിരുന്നു മറുപടിയില്‍ പറഞ്ഞിരുന്നത്.

ട്രാന്‍പോര്‍ട്ട് സെക്രട്ടറി കൂടിയായ കെ.ആര് ജ്യോതിലാലിന് ഇ-മെയില്‍ വഴിയും കേന്ദ്രം മറുപടി നല്‍കിയെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കുന്നു. അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കോണ്‍സുലേറ്റാണ് കമ്പനിയെപ്പറ്റി അവിടെ അന്വേഷിച്ചത്. അതിന് ശേഷമാണ് 2020 ഫെബ്രുവരി 28ന് അസന്റില്‍ വെച്ച് ഇ.എം.സി.സിയുമായി സംസ്ഥാന സര്‍ക്കാരിന് വേണ്ടി രണ്ട് ഏജന്‍സികള്‍ ധാരണാപത്രം ഒപ്പിട്ടത്. ഇ.എം.സി.സി കടലാസ് കമ്പനിയാണെന്ന വിവരം സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിട്ടും വസ്തുതകള്‍ മറച്ചുവെച്ചാണ് അസന്റില്‍ വെച്ച് ധാരണാപത്രം ഒപ്പിട്ടത്. ആസൂത്രിതമായി സര്‍ക്കാരിലെ ഉന്നതരുടെ അറിവോടെ നടത്തിയ തട്ടിപ്പാണിതെന്നും വി. മുരളീധരന് വ്യക്തമാക്കി.
ഇതിനിടെ പ്രതിപക്ഷനേതാവ് പുറത്തുവിട്ട കത്ത് ഇ.എം.സി.സി. പ്രസിഡന്റ് ഷിജു വര്‍ഗീസും സ്ഥിരീകരിച്ചിരുന്നു. കമ്പനി അധികൃതര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കമ്പനിയുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് സര്‍ക്കാര്‍ വിശദാംശങ്ങള്‍ തേടിയിരുന്നു. വിദേശപങ്കാളിത്തം വ്യക്തമാക്കിയപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറി, കമ്പനിയുടെ യോഗ്യത സംബന്ധിച്ച് കേന്ദ്രസര്‍ക്കാരില്‍നിന്നു വിവരം തേടേണ്ടിവരുമെന്നു പറഞ്ഞതായി ഷിജു വര്‍ഗീസ് വെളിപ്പെടുത്തിയിരുന്നു. ഇതോടെ ഇ.എം.സി.സിയുമായുള്ള സംസ്ഥാന സര്‍ക്കാരിന്റെ കരാറിന് പിന്നിലുള്ള ഭീമന് കടല്‍ക്കൊള്ളയാണ് പുറത്തുവരുന്നത്.