എന്‍ജിനിയറിംഗ് കോഴ്‌സുകള്‍ ആര്‍ക്കും വേണ്ടാതായി; രാജ്യ വ്യാപകമായി സ്വാശ്രയ കോളജുകള്‍ക്ക് പൂട്ട് വീഴുന്നു; തമിഴ്‌നാട്ടില്‍ മാത്രം 50 കോളജുകള്‍ പൂട്ടി; എന്‍ജിനിയറിംഗ് തൊഴില്‍രഹിതരുടെ എണ്ണം ലക്ഷങ്ങള്‍ കവിഞ്ഞു

Share now

വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും എന്‍ജിനിയറിംഗ് കോഴ്‌സിനോടുള്ള കമ്പം കുറയുന്നു. തൊഴില്‍ സാധ്യതകള്‍ മങ്ങിയതോടെയാണ് രാജ്യവ്യാപകമായി എന്‍ജിനിയറിംഗ് കോളജുകള്‍ക്ക് താഴ് വീഴുന്നത്. പ്രതിവര്‍ഷം 300-ലധികം സ്വകാര്യ എന്‍ജിനിയറിംഗ് കോളജുകളാണ് രാജ്യത്ത് പൂട്ടിപോകുന്നത്. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന തൊഴിലില്ലായ്മയും എന്‍ജിനിയറിംഗ് കോഴ്‌സുകളോട് മുഖം തിരിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നു. ലക്ഷകണക്കിന് എന്‍ജിനിയറിംഗ് ബിരുദധാരികളാണ് തൊഴിലില്ലാതെ അലയുന്നത്. ഈ സാഹചര്യങ്ങളൊക്കെയാണ് എന്‍ജിനിയറിംഗ് കോഴ്‌സുകളോട് വിമുഖത കാണിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നത്.

വിദ്യാര്‍ഥികള്‍ ഇല്ലാത്തതിനാല്‍ തമിഴ്‌നാട്ടില്‍ സ്വകാര്യ എന്‍ജിനിയറിങ്ങ് കോളജുകള്‍ക്ക് പൂട്ടു വീഴുന്നു. ഏതാണ്ട് അന്‍പതോളം എന്‍ജിനിയറിങ്ങ് കോളജുകളാണ് വരുന്ന അധ്യായന വര്‍ഷം മുതല്‍ അടച്ചു പൂട്ടുന്നത്. 2018-19 അധ്യന വര്‍ഷ കാലത്ത് 300 എന്‍ജിനിയറിംഗ് കോളജുകള്‍ രാജ്യവ്യാപകമായി പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 3000-ലധികം സ്വകാര്യ എന്‍ജിനിയറിംഗ് സ്ഥാപനങ്ങളിലായി 13 ലക്ഷം വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. എന്നാല്‍, 800-ലധികം കോളജുകളില്‍ 50 ശതമാനത്തില്‍ താഴെ മാത്രമാണ് വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടുന്നത്.

തമിഴ്‌നാട്ടിലെ 30 എന്‍ജിനിയറിങ് കോളജുകള്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളാക്കി മാറ്റണമെന്ന് മാനേജ്‌മെന്റുകള്‍ സര്‍ക്കാരിന് കത്തു നല്‍കി. വരുന്ന അധ്യയന വര്‍ഷത്തോടെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളാക്കാന്‍ നടപടികളെടുക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന് ഇവര്‍ കത്തു നല്‍കിയത്. ആവശ്യമായ എല്ലാ രേഖകളും സമര്‍പ്പിക്കാന്‍ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. കോയമ്പത്തൂര്‍, ചെന്നെ, സേലം, നാമക്കല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കോളജുകള്‍ അപേക്ഷിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളില്ലാത്തതിനാല്‍ 2017 മുതല്‍ തമിഴ്‌നാട്ടില്‍ എന്‍ജിനീയറിങ് കോളജുകളുകള്‍ പൂട്ടുന്നുണ്ട്.

2017-ല്‍ 597 കോളജുകളുണ്ടായിരുന്ന സ്ഥാനത്ത്. ഇപ്പോള്‍ 537 എണ്ണമാണുള്ളത്. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോഴ്‌സുകള്‍ പഠിക്കാനുള്ള വിദ്യാര്‍ഥികളുടെ താത്പര്യവും വര്‍ധിച്ചുവരുന്നുണ്ട്. ഈ വിഭാഗത്തില്‍ പുതിയ കോളജുകള്‍ ആ രംഭിക്കാന്‍ 50 അപേക്ഷകള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലുണ്ട്.

ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് നഗരത്തില്‍ ആരംഭിക്കണമെങ്കില്‍ രണ്ടേക്കറും മുനിസിപ്പാലിറ്റിയില്‍ മൂന്നേക്കറും പഞ്ചായത്തില്‍ അഞ്ചേക്കറും ഭൂമി വേണം. നിലവിലുള്ള എന്‍ജിനീയറിങ് കോളജുകള്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളാക്കി മാറ്റാനും ഇതേ വ്യവസ്ഥകള്‍ പാലിച്ചിരിക്കണം.
അതോടൊപ്പം ഓള്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യൂക്കേഷന്റെ (എ.ഐ. സി.ടി.ഇ.) സമ്മതപത്രവും സമര്‍പ്പിക്കണം. വിവിധ വകുപ്പുകളില്‍ നിന്നായി 16 സമ്മതപത്രങ്ങള്‍ വേറെയും വേണം.

ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളായി മാറ്റിക്കഴിഞ്ഞാല്‍ അവിടെ കൊമേഴ്‌സ്, കംപ്യൂട്ടര്‍ കോഴ്‌സുകള്‍ ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷ ങ്ങളില്‍ ഈ കോഴ്‌സുകള്‍ക്ക് ചേരാന്‍ ഒട്ടേറെ വിദ്യാര്‍ഥികളു
ണ്ടായിരുന്നു. നിലവില്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് വിഭാഗത്തില്‍ 114 സര്‍ക്കാര്‍ കോളജുകള്‍, 139 എയ്ഡഡ് കോളജുകള്‍, 514 സ്വയംഭരണ കോളജുകള്‍ എന്നിവയാണ് തമിഴ് നാട്ടിലുള്ളത്.

കേരളത്തിലെ എന്‍ജിനിയറിംഗ് കോളജുകളുടെ സ്ഥിതിയും ഒട്ടും മെച്ചമല്ലാത്ത സ്ഥിതിയിലാണ്. കഴിഞ്ഞ അധ്യയന വര്‍ഷം(2018-19) ആറ് സ്വാശ്രയ എന്‍ജിനിയറിംഗ് കോളജുകളാണ് സംസ്ഥാനത്ത് പൂട്ടിപോയത്. സ്വാശ്രയ കോളജുകള്‍ പെരുകുമ്പോഴും എന്‍ജിനിയറിംഗ് പഠന നിലവാരം പടവലങ്ങ പോലെയാണ്. സംസ്ഥാനത്തെ 42 എന്‍ജിനിയറിംഗ് കോളജിലെ വിജയ ശതമാനം 20 ശതമാനത്തില്‍ താഴെയാണ്. ഒരു വിദ്യാര്‍ത്ഥി പോലും ജയിക്കാത്ത കോളജുകള്‍ സംസ്ഥാനത്ത് ഉണ്ടായിരുന്നു. ഹിന്ദുസ്ഥാന്‍ എന്‍ജിനിയറിംഗ് കോളജിലും, പിനാക്കിള്‍ കോളജിലും ആരും ജയിച്ചില്ല. സാങ്കേതിക സര്‍വ്വകലാശാലയ്ക്ക് കീഴില്‍ 144 എന്‍ജിനിയറിംഗ് കോളജുകളാണുള്ളത്. ഇതില്‍ 112-ലും വിജയം 40 ശതമാനത്തില്‍ താഴെയും, 11 ഇടത്ത് 10 ശതമാനത്തിലും താഴെയാണ്. യോഗ്യതയുള്ള അധ്യാപകരുടെ അഭാവവും മിടുക്കില്ലാത്ത കുട്ടികളുടെ പ്രവേശനവുമാണ് വിജയശതമാനം കുറയുന്നതിന്റെ പ്രധാന കാരണം. കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍(2019-20) 56 സ്വാശ്രയ കോളജുകളിലെ 108 ബാച്ചുകളിലെ മെറിറ്റ് സീറ്റുകളില്‍ വിദ്യാര്‍ത്ഥികള്‍ എത്തിയിരുന്നില്ല.


Share now

Leave a Reply

Your email address will not be published. Required fields are marked *