ഇ.പി. ജയരാജന് പണികൊടുത്ത് തോമസ് ഐസക്ക്; പാര്‍ട്ടി ചാനലില്‍ മന്ത്രിപുത്രന്റെ കമ്മീഷന്‍ ഇടപാടിനെക്കുറിച്ച് വെളിപ്പെടുത്തിയത് ആസൂത്രിതം; സ്വപ്‌നയുടെ ഇടപാടുകള്‍ ആയുധമാക്കി മന്ത്രിമാരുടെ ഗ്രൂപ്പ് പോര്

Share now

തിരുവനന്തപുരം: സ്വപ്നക്ക് മന്ത്രിപുത്രനുമായുള്ള അടുപ്പം പുറത്തുവന്നതോടെ തെളിയുന്നത് ഇ.പി. ജയരാജനും തോമസ് ഐസക്കും തമ്മിലുള്ള ഉള്‍പ്പാര്‍ട്ടിപ്പോര്. പാര്‍ട്ടിയിലെ ശത്രുവായ ജയരാജന് പണി കൊടുക്കാന്‍ തോമസ് ഐസക്ക് തെരഞ്ഞെടുത്തത് പാര്‍ട്ടി ചാനലായ കൈരളിയെ. മുന്നില്‍ നിര്‍ത്തിയത് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവും കൈരളി ടി.വിയുടെ എം.ഡിയുമായ ജോണ്‍ ബ്രിട്ടാസിനെ. ആഗസ്റ്റ് 20ന് വൈകുന്നേരം കൈരളിയില്‍ ജോണ്‍ ബ്രിട്ടാസിന്റെ നേതൃത്വത്തിലുള്ള ചര്‍ച്ചയിലാണ് ലൈഫ് മിഷന്‍ ഫ്‌ളാറ്റ് ഇടപാടില്‍ നാല് കോടി 25 ലക്ഷം രൂപയുടെ കമ്മീഷന്‍ കൈമാറിയിട്ടുണ്ടെന്ന് ബ്രിട്ടാസ് പറഞ്ഞത്. സിറാജ് ദിനപത്രത്തിന്റെ ലേഖകന്‍ കെ.എം. ബഷീര്‍ കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ദിവസമാണ് തിരുവനന്തപുരത്ത് വെള്ളയമ്പലത്തുള്ള കഫേ കോഫി ഡേയുടെ മുന്നില്‍ വെച്ച് പണം കൈമാറ്റം ചെയ്തത് എന്ന വെളിപ്പെടുത്തല്‍ ബ്രിട്ടാസ് നടത്തിയത്. ഈ സംഭവത്തെക്കുറിച്ച് തനിക്കും അറിവുണ്ടെന്ന് ഐസക്ക് സമ്മതിക്കുകയും ചെയ്തു. എന്‍.ഐ.എയുടെയും കസ്റ്റംസിന്റെ പക്കലുള്ള വിവരം തന്നെയാണ് താന്‍ വെളിപ്പെടുത്തുന്നതെന്നാണ് ബ്രിട്ടാസ് ചര്‍ച്ചയുടെ തുടക്കത്തില്‍ പറഞ്ഞത്. ജയരാജനെ ഒതുക്കാന്‍ വേണ്ടി വളരെ ആസൂത്രിതമായി ഇത്തരമൊരു വിവരം പുറത്തുവിട്ടതെന്നാണ് കരുതുന്നത്.

ബ്രിട്ടാസിന്റെ വെളിപ്പെടുത്തല്‍ വീഡിയോ കാണാം –

അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ തോമസ് ഐസക് ധനകാര്യ മന്ത്രിയായിരിക്കുന്ന കാലത്താണ് ഇ.പി. ജയരാജനുമായി പരസ്യമായ ഏറ്റുമുട്ടലുണ്ടാകുന്നത്. ഇടത് അനുകൂല വ്യാപാരി വ്യവസായ സമിതി നേതാവെന്ന നിലയിലാണ് ഐസക്കിനെതിരെ ജയരാജന്‍ പരസ്യമായ പോര് നയിച്ചത്. വാണിജ്യ നികുതി വകുപ്പിന് എതിരായി വ്യാപാരി വ്യവസായികള്‍ പരസ്യമായി രംഗത്തുവന്നിരുന്നു. സെയില്‍സ് ടാക്‌സ് ഓഫീസുകളിലേക്ക് വ്യാപാരി സംഘടനയുടെ പല പ്രതിഷേധ യോഗങ്ങളും നടന്നിരുന്നു. തൃശൂര്‍ സെയില്‍സ് ടാക്‌സ് ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണയില്‍ ജയരാജന്‍ പരസ്യമായി ധനമന്ത്രിക്കെതിരെ നിലപാട് സ്വീകരിക്കുകയും വാണിജ്യ നികുതി വകുപ്പിനെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. അഴിമതിക്കാരായ വാണിജ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ മന്ത്രി തോമസ് ഐസക്കിന്റെ കീഴിലുള്ള ടാക്‌സ് വകുപ്പിനെതിരെ കോടതിയെ സമീപിക്കുമെന്നായിരുന്നു ജയരാജന്റെ മുന്നറിയിപ്പ്.

പാര്‍ട്ടിക്കുള്ളിലെ നേതൃസ്ഥാനം ഉറപ്പിക്കുന്നതിനുവേണ്ടി ഇവര്‍ രണ്ടുപേരും പോരിലാണ്. ജയരാജന്‍ പിണറായിയുമായി കൂടുതല്‍ അടുത്തതോടെയാണ് ഔദ്യോഗിക ഗ്രൂപ്പില്‍ നിന്ന് ഐസക്ക് പുറത്തായത്. ഇതെല്ലാം മനസ്സില്‍ വെച്ചുകൊണ്ടാകാം തരം കിട്ടിയപ്പോള്‍ ജയരാജന്റെ മകന്റെ സ്വപ്‌ന ബന്ധവും കമ്മീഷന്‍ ഇടപാടും ബ്രിട്ടാസുമായി ചേര്‍ന്ന് പൊതുമധ്യത്തിലിട്ടത്.

കണ്ണൂര്‍ ലോബിക്ക് തോമസ് ഐസക്ക് പണ്ട് മുതലേ അനഭിമതനാണ്. കേന്ദ്ര കമ്മിറ്റിയില്‍ ഐസക്കിനെക്കാള്‍ സീനിയറാണ് ജയരാജന്‍. ഈ മൂപ്പിളമ തര്‍ക്കം പലപ്പോഴും ഈ മന്ത്രിസഭയിലും തര്‍ക്കങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. മന്ത്രിസഭയിലെ രണ്ടാമന്‍ ആരെന്ന തര്‍ക്കം ഉയര്‍ന്നത് സി.പി.എമ്മിലായിരുന്നു രണ്ടാം നമ്പര്‍ കാറിനുവേണ്ടി പോലും പിടിവലിയുണ്ടായി. താനാണ് രണ്ടാംനമ്പര്‍ കാറിന് അര്‍ഹനെന്ന് ജയരാജന്‍ പരസ്യമായി പ്രഖ്യപിക്കുകയും ചെയ്തു. തുടര്‍ന്ന് സി.പി.ഐ ഇടപെട്ടാണ് റവന്യു മന്ത്രിക്ക് രണ്ടാം നമ്പര്‍ കാര്‍ ഉറപ്പിച്ചത്.

അടങ്ങിയിരുന്ന സി.പി.എമ്മിലെ വിഭാഗീയതയും ഗ്രൂപ്പ് പോരും സ്വര്‍ണ്ണക്കടത്ത് വിവാദത്തോടെ വീണ്ടും ഊര്‍ജ്ജിതമാകുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ കോക്കസിനെ ദുര്‍ബലപ്പെടുത്തുക എന്നതാണ് തോമസ് ഐസക്കിന്റെ നേതൃത്വത്തിലുള്ള മറുപക്ഷത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ഇ.പി. ജയരാജന്റെ മകന്റെ കമ്മീഷന്‍ ഇടപാടും സ്വപ്‌നയുമായുള്ള അടുപ്പവും പുറംലോകത്തേക്ക് എത്തിച്ചതെന്നാണ് സൂചന.


Share now