കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സിനിമ – ടിവി ചിത്രീകരണങ്ങൾ പുനഃരാരംഭിക്കാൻ അനുമതി; മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്രം

Share now

കോവിഡ് വ്യാപന പശ്ചാതലത്തിൽ മാസങ്ങളായി നിർത്തിവെച്ചിരിക്കുന്ന സിനിമ-ടിവി ചിത്രീകരണം പുനരാരംഭിക്കുന്നതിനുള്ള മാർഗനിർദേശം പുറത്തിറക്കി  കേന്ദ്രസർക്കാർ.  കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം ഷൂട്ടിംഗ് ആരംഭിക്കേണ്ടതെന്ന്  കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി. ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങളുമായി കൂടിയാലോചിച്ച ശേഷമാണ് മാർഗനിർദേശത്തിന് അന്തിമ രൂപം നൽകിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നാണ് നിര്‍ദ്ദേശം. ക്യാമറയ്ക്ക് മുന്‍പില്‍ അഭിനയിക്കുന്നവര്‍ ഒഴികെ ലൊക്കേഷനിലുള്ള എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. മേക്കപ്പ് ആര്‍ട്ടിസ്റ്റുകളും ഹെയര്‍സ്റ്റൈലിസ്റ്റുകളും പിപിഇ കിറ്റ് ധരിച്ചു വേണം ജോലി ചെയ്യേണ്ടതെന്നും നിര്‍ദ്ദേശമുണ്ട്.

തെര്‍മല്‍ സ്ക്രീനിംഗിനുള്ള സംവിധാനം ഏര്‍പ്പെടുത്തണം. കോവിഡ് രോഗലക്ഷണങ്ങള്‍ കാണിക്കാത്തവര്‍ക്കു മാത്രമേ ഷൂട്ടിംഗ് ലൊക്കേഷനുകളിലേക്ക് പ്രവേശനം നല്‍കാന്‍ പാടുള്ളൂ. ഷൂട്ടിംഗ് സ്ഥലങ്ങളില്‍ സാനിട്ടൈസേഷന്‍ ഉറപ്പാക്കണം. മറ്റ് അണുനശീകരണങ്ങളും ഷൂട്ടിംഗ് സ്ഥലത്ത് ലഭ്യമാക്കണമെന്നും കേന്ദ്ര വാര്‍ത്താ വിനിമയം മന്ത്രാലയം ഇന്ന് പുറത്തിറക്കിയ മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നു.


Share now