ഇന്ന് മുതല്‍ പ്രളയ സെസ് ഇല്ല; ആയിരത്തോളം സാധനങ്ങള്‍ക്ക് വിലകുറയും

Share now

തിരുവനന്തപുരം: 2018-ലെ പ്രളയത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന പ്രളയ സെസ് ഇന്ന് മുതല്‍ ഉണ്ടാവില്ല. സംസ്ഥാനത്ത് ഇന്ന് മുതല്‍ ചരക്ക് സേവന നികുതിക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഒരു ശതമാനം സെസ് ഇന്നലെ അര്‍ദ്ധരാത്രിയോടെ അവസാനിച്ചു. 2021 ജൂലൈ 31-ന് അവസാനിക്കുന്ന പ്രളയ സെസ് തുടരില്ലെന്ന് സംസ്ഥാന ബജറ്റില്‍ പറഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണഅ നടപടി.

സ്വര്‍ണ്ണത്തിനും വാഹനങ്ങള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കും അടക്കം വിലയേറിയ ഉല്‍പ്പന്നങ്ങള്‍ക്കെല്ലാം ഇനി മുതല്‍ കേരളത്തില്‍ നേരിയ വിലക്കുറവ്. 2019 ഓഗസ്റ്റ് ഒന്നിന് കേരളത്തില്‍ മാത്രമായി ഏര്‍പ്പെടുത്തിയ ഒരു ശതമാനം പ്രളയസെസ് പിന്‍വലിച്ചതോടെയാണ് വിലക്കുറവ്.

ഉപഭോക്താക്കള്‍ ബില്ല് ചോദിച്ചുവാങ്ങി അതില്‍ പ്രളയസെസ് ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ഉറപ്പുവരുത്തണമെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍ദേശിച്ചു.

12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നീ ജിഎസ്ടി നിരക്കുകളുള്ള ആയിരത്തോളം ഉല്‍പ്പന്നങ്ങള്‍ക്ക് ഒരു ശതമാനവും സ്വര്‍ണത്തിനും വെള്ളിക്കും കാല്‍ ശതമാനവുമാണ് സെസ്. കാര്‍, ബൈക്ക്, ടിവി, റഫ്രിജറേറ്റര്‍, വാഷിംഗ് മെഷിന്‍, മൊബൈല്‍ ഫോണ്‍, സിമന്റ്, പെയിന്റ്, സ്വര്‍ണം, വെള്ളി, ലാന്റ് ഫോണ്‍, മൊബൈല്‍ ഫോണ്‍, റീചാര്‍ജ്, ഇന്‍ഷുറന്‍സ് പ്രീമിയം തുടങ്ങിയവയുടെ മേലുള്ള സെസാണ് ഇല്ലാതാവുക.

പ്രളയ സെസ് വഴി ഏകദേശം 1750 കോടി രൂപ പ്രളയ സെസായി പിരിച്ചെടുക്കാന്‍ കഴിഞ്ഞുവെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. പ്രളയ സെസ് ഒഴിവാക്കാന്‍ ബില്ലിങ് സോഫ്റ്റ്‌വെയറില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്.


Share now