വിദേശ എംബിബിഎസുകാര്‍ പണികിട്ടാതെ അലയുന്നു; പലര്‍ക്കും യോഗ്യതാ പരീക്ഷാ കീറാമുട്ടി; 15 ശതമാനമാണ് ടെസ്റ്റ് പാസാകുന്നത്

Share now

ന്യൂഡല്‍ഹി : വിദേശ രാജ്യങ്ങളില്‍ നിന്നും മെഡിക്കല്‍ ബിരുദം എടുത്തുവരുന്നവരില്‍ ബഹുഭൂരിപക്ഷത്തിനും യോഗ്യതാ നിര്‍ണയ പരീക്ഷ പാസാവാത്തതുമൂലം സംസ്ഥാനത്തും രാജ്യത്തും ഡോക്ടറായി പ്രാക്ടീസ് ചെയ്യാന്‍ കഴിയുന്നില്ല. വിദേശ എംബിബിഎസ് ബിരുദധാരികള്‍ക്കായി മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ(എം.സി.ഐ) നടത്തുന്ന യോഗ്യത പരീക്ഷ പാസായാല്‍ മാത്രമേ ഡോക്ടറായി ജോലിയെടുക്കാന്‍ കഴിയുകയുള്ളൂ.

റഷ്യ, ചൈന, മലേഷ്യ, യുക്രൈന്‍, ജോര്‍ജിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് മെഡിക്കല്‍ ബിരുദം നേടി വന്ന മിക്കവര്‍ക്കും എംസിഐ നടത്തുന്ന യോഗ്യതാ പരീക്ഷ കടന്നു കൂടാന്‍ കഴിയുന്നില്ല. ഈ യോഗ്യതാ പരീക്ഷ പാസാവത്തതുകൊണ്ടു തന്നെ ഇവര്‍ക്ക് സര്‍ക്കാര്‍ മേഖലയിലോ സ്വകാര്യ മേഖലയിലോ പ്രാക്ടീസ് ചെയ്യാനും കഴിയുന്നില്ല. ഇത്തരം ഡോക്ടര്‍മാര്‍ക്ക് മെച്ചപ്പെട്ട വേതനം പോലും സ്വകാര്യ മേഖലയില്‍ ലഭിക്കുന്നതുപോലുമില്ല. പലരും വളരെ തുച്ഛമായ ശമ്പളത്തിനാണ് സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്നത്.

പതിനായിരത്തിലധികം വിദേശ ഡിഗ്രിയുള്ള ഡോക്ടറന്മാരാണ് പ്രൊഫഷണല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ജോലിക്കായി പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത്. റഷ്യ, ചൈന, മലേഷ്യ, യുക്രൈന്‍, തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്ന് പഠിച്ചു വന്നവരില്‍ നല്ലൊരു പങ്കിനും മെഡിക്കല്‍ രംഗത്തെക്കുറിച്ച് പ്രാഥമികമായ അറിവോ വിവരമോ ഇല്ലാത്ത സ്ഥിതി വിശേഷമുണ്ട്. മിക്ക സ്ഥലങ്ങളിലും മെഡിക്കല്‍ കോളജുകളോട് ചേര്‍ന്ന് ആശുപത്രികള്‍ പോലും ഇല്ലാത്ത ഇടങ്ങളില്‍ നിന്നാണ് പലരും എംബിബിഎസ് ബിരുദം നേടി വരുന്നത്. അതുകൊണ്ട് തന്നെ രോഗ നിര്‍ണയത്തെക്കുറിച്ചോ രോഗീ പരിചരണത്തെക്കുറിച്ചോ അടിസ്ഥാന വിവരങ്ങള്‍ പോലും അറിവില്ലാതെയാണ് ഇവര്‍ക്ക് ബിരുദം ലഭിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് പ്രതിവര്‍ഷം 5000-ലധികം പേരാണ് എംബിബിഎസ് ബിരുദം നേടി പുറത്തിറങ്ങുന്നത്. ഇതില്‍ നാലിലൊന്ന് പേര്‍ക്ക് മാത്രമാണ് കേരളത്തില്‍ എന്തെങ്കിലും തൊഴില്‍ അവസരം ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം ചൈന, റഷ്യ എന്നിവിടങ്ങളില്‍ നിന്നായി 1200-ലധികം പേരാണ് എംബിബിഎസ് ബിരുദം നേടി തിരിച്ചെത്തിയത്.
ഇവരില്‍ കേവലം 15 ശതമാനം പേര്‍ മാത്രമാണ് എംസിഐ നടത്തുന്ന യോഗ്യത പരീക്ഷ പാസാകുന്നത്. ഈ യോഗ്യത പരീക്ഷ നടത്തുന്നത് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍(എന്‍ബിഇ) ആണ്. റഷ്യ, ചൈന, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ്, നേപ്പാള്‍, കസാകിസ്ഥാന്‍, യുക്രൈന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് മെഡിക്കല്‍ ബിരുദം നേടി വരുന്നവര്‍ക്കായി എന്‍ബിഇ എല്ലാ വര്‍ഷവും ഫോറിന്‍ മെഡിക്കല്‍ ഗ്രാഡ്വേഷന്‍ എക്‌സാം(എഫ്എംജിഇ)നടത്താറുണ്ട്. ഈ ടെസ്റ്റ് പാസായവര്‍ക്കു മാത്രമേ ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാന്‍ പറ്റുകയുള്ളൂ. പ്രതിവര്‍ഷം ശരാശരി 13000 വിദ്യാര്‍ത്ഥികളാണ് എഫ്എംജിഇ യോഗ്യതാ പരീക്ഷ എഴുതുന്നത്. 2018-19 കാലത്ത് കേവലം 15.10 ശതമാനം പേരാണ് യോഗ്യതാ പരീക്ഷ പാസായത്. ഈ യോഗ്യതാ പരീക്ഷാ പാസാകാത്ത പലരും ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളിലും, മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നുണ്ട്.


Share now

Leave a Reply

Your email address will not be published. Required fields are marked *